മക്ക: കണ്ണൂർ വഴിയുള്ള മലയാളി തീർഥാടകരിൽ ആദ്യസംഘവും ശനിയാഴ്ച ഉച്ചയോടെ മക്കയിലെത്തി. കണ്ണൂരിൽനിന്നും കഴിഞ്ഞ ദിവസം രാവിലെ ആറിനു പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിലാണ് 361 തീർഥാടകർ 8:50 ഓടെ ജിദ്ദ ഹജ്ജ് ടെർമിനലിലെത്തിയത്. ഇവരെ ഹജ്ജ് സർവിസ് കമ്പനി ഒരുക്കിയ ബസിൽ ഉച്ചക്ക് ഒരു മണിയോടെ മക്കയിലെ അസീസിയയിലെ താമസസ്ഥലത്തെത്തിച്ചു.
ബിൽഡിങ് നമ്പർ 448 ,311 എന്നിവിടങ്ങളിലാണ് ഇവർക്ക് താമസം. ജിദ്ദയിലും മക്കയിലും സന്നദ്ധ സംഘടന പ്രവർത്തകരും ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും ഇവരെ സ്വീകരിക്കാൻ എത്തിയിരുന്നു. നാട്ടിൽനിന്നെത്തിയ വളന്റിയർമാരുടെ സഹായത്തിൽ ശനിയാഴ്ച രാത്രിയോടെ ഇവർ ഉംറ നിർവഹിക്കും.
കരിപ്പൂർ, കൊച്ചി എന്നീ എമ്പാർക്കേഷൻ പോയന്റുകളിൽനിന്നും ഹാജിമാർ 7500 ഹാജിമാർ നേരത്തേ മക്കയിലെത്തിയിട്ടുണ്ട്. 8000 ത്തോളം മലയാളി ഹാജിമാരാണ് ഇതുവരെ മക്കയിലെത്തിയതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ആദ്യമെത്തിയ സംഘം ഹാജിമാർ മക്കയിലെ വിവിധയിടങ്ങൾ സന്ദർശിക്കുന്നുണ്ട്. ഇത്തവണ മുഴുവൻ മലയാളികളുടെയും മദീന സന്ദർശനം ഹജ്ജിനുശേഷമായിരിക്കും നടക്കുക. അബ്ദുല്ല ഹയാത്ത്, മഹത്വത്തിൽ ബാങ്ക്, നസീം എന്നിവിടങ്ങളിലാണ് മക്കയിലെ മലയാളി തീർഥാടകരുടെ താമസകേന്ദ്രങ്ങൾ. കരിപ്പൂരിൽനിന്ന് 10,430, കൊച്ചിയിൽനിന്ന് 4273, കണ്ണൂരിൽനിന്ന് 3135 തീർഥാടകരുമാണ് ഹജ്ജിനായി യാത്ര ചെയ്യുന്നത്. ‘വിത്തൗട്ട് മഹ്റം’ വിഭാഗത്തിൽ 2800 ഓളം ഹാജിമാർ ഇതുവരെ മക്കയിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.