റിയാദ്: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) റിയാദിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ കേരള പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് നവംബർ ആദ്യവാരത്തിൽ തുടക്കമാവും. റിയാദ് എക്സിറ്റ് 18ലെ കെ.സി.എ സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങൾ.
ഐ.പി.എൽ മാതൃകയിൽ ക്രമീകരിച്ച മത്സരങ്ങളിൽ എട്ട് ഫ്രാഞ്ചൈസികളാണ് ടീമുകളെ കളത്തിലിറക്കുന്നത്. ടെക്നോമേക് ഗ്രൂപ് കമ്പനീസ്, ദി കാന്റീൻ ഇന്ത്യൻ റസ്റ്റാറന്റ്, ഉലയ അസോസിയറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ടൂർണമെൻറ് സംഘടിപ്പിക്കുന്നതെന്ന് കെ.സി.എ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
2016ൽ റിയാദ് കേന്ദ്രീകരിച്ച് രൂപവത്കരിച്ച കെ.സി.എയിൽ 30ഓളം ക്ലബുകൾ അംഗങ്ങളാണ്. നിരവധി ക്ലബ് ടൂർണമെന്റുകൾക്ക് നേതൃത്വം നൽകിയ അനുഭവ സമ്പത്തുമായാണ് കെ.സി.എ ഇത്തവണ ഫ്രാഞ്ചൈസികളുടെ സഹായത്തോടെ പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നത്.
ടെക്നോ മെയ്ക്, ഹെർമോസ, ഷമാൽ ഡിജിറ്റൽസ്, എ.ആർ.എം ഗ്രൂപ്, ഖസർ ഹൈപ്പർമാർക്കറ്റ്, കാപ്രികോൺ ലോജിസ്റ്റിക്സ് ജിദ്ദ , ഗ്ലോബ് വിൻ ലോജിസ്റ്റിക്സ്, അൽ-ഉഫുഖ് ട്രേഡിങ്സ് എന്നീ സ്ഥാപനങ്ങളാണ് പ്രീമിയർ ലീഗിലെ എട്ടു ടീമുകളെ സ്വന്തമാക്കിയ ഫ്രാഞ്ചൈസികൾ.
പ്രീമിയർ ലീഗിൽ പങ്കെടുക്കാൻ താല്പര്യമുള്ള കളിക്കാർക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ 27ന് അവസാനിക്കും. സൗദിയിൽ താമസിക്കുന്ന കേരളക്കാരായ കളിക്കാർക്കാണ് പ്രീമിയർ ലീഗിൽ ഫ്രാഞ്ചൈസികളുടെ ഭാഗമാവാൻ സാധിക്കുക. രജിസ്റ്റർ ചെയ്യുന്ന മുഴുവൻ കളിക്കാരെയും എ,ബി,സി കാറ്റഗറികളായി തിരിച്ച് ഫ്രാഞ്ചൈസികൾക്ക് തെരഞ്ഞെടുക്കുന്നതിനായി പ്ലയേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തും.
കളിക്കാരെ തിരഞ്ഞെടുക്കാനുള്ള ലേലത്തിൽ ഫ്രാഞ്ചൈസികൾക്ക് അനുവദിച്ച തുകയിൽനിന്ന് രജിസ്റ്റർ ചെയ്ത കളിക്കാരെ തിരഞ്ഞെടുത്ത് അവരുടെ ടീമിനെ രൂപവത്കരിക്കുന്ന രീതിയിലാണ് പ്രീമിയർ ലീഗ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ ഫ്രാഞ്ചൈസിക്കും ഒരു ഐക്കൺ പ്ലയറെയും സി കാറ്റഗറിയിലുള്ള ഒരു ഓണർ പ്ലെയറെയും നിശ്ചയിക്കാനുള്ള അനുവാദം ഉണ്ടാവും. ടീം സ്ക്വാഡിലേക്ക് ആവശ്യമായ ബാക്കിയുള്ള 13 കളിക്കാരെ ഒക്ടോബർ രണ്ടിന് നടക്കുന്ന ലേലത്തിൽ ഫ്രാഞ്ചൈസികൾ രജിസ്റ്റർചെയ്ത കളിക്കാരിൽനിന്ന് കണ്ടെത്തണം. ഒക്ടോബർ അഞ്ചോടെ ടൂർണമെന്റിൽ പങ്കെടുക്കുന്ന ഫ്രാഞ്ചൈസികളുടെ ടീം സ്ക്വാഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഫ്രാഞ്ചൈസികൾക്കുള്ള ജഴ്സിയുടെയും വിജയികൾക്കുള്ള ട്രോഫികളുടെയും പ്രകാശനം, ടൂർണമെന്റ് ഫിക്സ്ചർ പ്രകാശനം എന്നിവ ഒക്ടോബർ 21ന് നടക്കും.
ടൂർണമെൻറ് വിജയികൾക്ക് പഞ്ചാബിൽനിന്ന് പ്രത്യേകം തയാർ ചെയ്ത ക്രിക്കറ്റ് ലോകകപ്പ് മാതൃകയിലുള്ള ട്രോഫികളാണ് സമ്മാനിക്കുന്നത്. ജേതാക്കൾക്ക് ട്രോഫിയും 3,333 റിയാലുമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാർക്കുള്ള സമ്മാനം 2,222 റിയാലും ട്രോഫിയുമാണ്. മത്സരങ്ങൾ നവംബറിൽ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വാർത്തസമ്മേളനത്തിൽ ടെക്നോ മേയ്ക് മാനേജിങ് ഡയറക്ടർ ഹബീബ് അബൂബക്കർ, കെ.സി.എ പ്രസിഡന്റ് ഷബിൻ ജോർജ്, ജനറൽ സെക്രട്ടറി എംപി. ഷഹ്ദാൻ, ട്രഷറർ സെൽവകുമാർ, ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളായ നജീം അയ്യൂബ്, സുബൈർ കരോളം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.