റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെയും കുടുംബവേദിയുടെയും അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരം തൃശ്ശൂർ ജില്ലതല വിതരണം നടത്തി. ജില്ലയിൽനിന്നും അർഹരായ 10 കുട്ടികൾക്കാണ് പുരസ്കാരം വിതരണം ചെയ്തത്. 10ാം ക്ലാസിലും പ്ലസ് ടുവിലും തുടർപഠനത്തിന് യോഗ്യത നേടിയ കേളി അംഗങ്ങളുടെ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ഏർപ്പെടുത്തിയതാണ് ‘കേളി എജുക്കേഷനൽ ഇൻസ്പിരേഷൻ അവാർഡ്’ (കിയ) ഫലകവും കാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം.
തൃശൂർ കെ.എസ്.ടി.എ ഹാളിൽ നടന്ന ചടങ്ങിൽ മുൻ വ്യവസായ വകുപ്പ് മന്ത്രിയും കുന്ദംകുളം എം.എൽ.എയുമായ എ.സി. മൊയ്തീൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി സംഘം തൃശ്ശൂർ ഏരിയ സെക്രട്ടറി വി.ആർ. സുരേഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കേരള പ്രവാസി സംഘം സംസ്ഥാനകമ്മിറ്റി അംഗം സുലേഖ ജമാൽ, സി.പി.എം തൃശ്ശൂർ ഏരിയകമ്മിറ്റി അംഗം അഡ്വ. പി.ആർ. ജയകുമാർ, കേളി മുൻ കേന്ദ്രകമ്മിറ്റി അംഗം ബോബി മാത്യു എന്നിവർ സംസാരിച്ചു.
കേളി സനാഇയ്യ അർബഹീൻ രക്ഷാധികാരി സമിതി അംഗം മൊയ്തീൻ കുട്ടി പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. 10ാം ക്ലാസ് വിജയികളായ അബ്ദുൽ അഹദ് ആഷിഖ്, കെ. ദേവിക ലാൽ, കെ.എ. ലിയന ഷബ്നം, മുഹമ്മദ് സിനാൻ, പി.എസ്. ശ്യാംജിത്, സി.പി. അനന്തകൃഷ്ണ എന്നീ ആറ് കുട്ടികളും പ്ലസ്ടു വിജയികളായ പി.എസ്. നസല, ഇ.എ. ഭരത്, വി.ബി. ഹർഷ, നിതിൻ എന്നീ നാലു കുട്ടികളുമാണ് പുരസ്കാര ജേതാക്കൾ.
ഇവർക്കുള്ള പുരസ്കാരങ്ങൾ എ.സി. മൊയ്തീൻ എം.എൽ.എ വിതരണം ചെയ്തു. കേളി അംഗങ്ങളായിരുന്ന കെ.സി. അഷ്റഫ് സ്വാഗതവും ദാസൻ കൃഷ്ണൻ നന്ദിയും പറഞ്ഞു. റിയാദിലെ വിദ്യാലയങ്ങളിൽനിന്നും അർഹരായ 20 വിദ്യാർഥികൾക്ക് റിയാദിൽ ഒരുക്കിയ ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്തിരുന്നു. 10ാം ക്ലാസ് വിഭാഗത്തിൽ 129, പ്ലസ് ടു വിഭാഗത്തിൽ 99 എന്നിങ്ങനെ 228 കുട്ടികൾ ഈ അധ്യയനവർഷം പുരസ്കാരത്തിന് അർഹരായത്. ആലപ്പുഴ ഒമ്പത്, എറണാകുളം ഏഴ്, കണ്ണൂർ 25, കാസർകോട് മൂന്ന്, കൊല്ലം 28, കോട്ടയം മൂന്ന്, കോഴിക്കോട് 22, തിരുവനന്തപുരം 31, പത്തനംതിട്ട നാല്, പാലക്കാട് 20, മലപ്പുറം 44, വയനാട് രണ്ട് എന്നിങ്ങനെ പുരസ്കാരത്തിന് അർഹരായ കുട്ടികൾക്ക് ജില്ല, മേഖലാതലങ്ങളിലുമായി കേരള പ്രവാസി സംഘത്തിെൻറ സഹകരണത്തോടെ വരും ദിവസങ്ങളിൽ പുരസ്കാരം വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.