റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെയും കുടുംബ വേദിയുടെയും ആഭിമുഖ്യത്തിൽ ജനകീയ ഇഫ്താർ വിരുന്ന് ഒരുക്കി. റിയാദ് സുലൈ ഷിബ അൽ ജസീറ ഗ്രൗണ്ടിൽ നടന്ന വിരുന്നിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള ആയിരങ്ങൾ പങ്കെടുത്തു. കേളി കഴിഞ്ഞ 19 വർഷത്തോളമായി തുടർച്ചയായി നടത്തിവരുന്ന ഇഫ്താർ വിരുന്നിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടാകാറുള്ളത്. ഒരിടവേളക്ക് ശേഷമാണ് കേളിയുടെ കേന്ദ്ര നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് നടക്കുന്നത്. കഴിഞ്ഞ ഒമ്പത് വർഷത്തോളമായി, കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായും കൂടുതൽ പ്രദേശങ്ങളിലേക്ക് ഇഫ്താർ വിരുന്നുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായും കേളിയുടെ 12 ഏരിയകൾ കേന്ദ്രീകരിച്ചും വിവിധ യൂനിറ്റുകൾ കേന്ദ്രീകരിച്ചുമാണ് ഇഫ്താർ നടത്തി വരാറുള്ളത്. കോവിഡ് മഹാമാരി സമയത്ത് ഇഫ്താർ കിറ്റുകൾ അർഹതെപ്പട്ട പ്രവാസികൾക്ക് എത്തിച്ചുനൽകിയാണ് കേളി ഇഫ്താറിൽ പങ്കാളികളായത്.
3,500-ഓളം പേർ ഇഫ്താർ വിരുന്നിൽ പങ്കാളികളായി. കേളി കുടുംബ വേദിയുടെ നേതൃത്വത്തിൽ കുടുംബങ്ങൾക്കായി പ്രത്യേകം ഇരിപ്പിടം സജ്ജീകരിച്ചു. ലോക കേരളസഭ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെ.പി.എം. സാദിഖ്, കേളി പ്രസിഡൻറും സംഘാടക സമിതി ചെയർമാനുമായ സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, സംഘാടക സമിതി കൺവീനർ ഷമീർ കുന്നുമ്മൽ, രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യിൽ, ഗീവർഗീസ് ഇടിച്ചാണ്ടി, രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബ കൂവോട് എന്നിവരുടെ നേതൃത്വത്തിൽ 151 അംഗ സംഘാടക സമിതി ഇഫ്താർ വിരുന്ന് നിയന്ത്രിച്ചു. കേളി ദിനം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജി.എസ്. പ്രദീപ് നയിക്കുന്ന ‘റിയാദ് ജീനിയേഴ്സ് 2024’ ഈ മാസം 19ന് റിയാദ് മലസ് ലുലു ഹൈപ്പർ അരീനായിൽ അരങ്ങേറുമെന്നും ഹജ്ജിന് മുമ്പായി മെഗാ രക്തദാന ക്യാമ്പ് നടത്തുമെന്നും കേളി നേതൃത്വം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.