അൽ ഖോബാർ: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ പ്രവാസി ആശുപത്രിയിൽ പണമടക്കുന്നതിനും തുടർചികിത്സക്കും സഹായം തേടുന്നു. അഴീക്കൽ ന്യൂ മാഹി സ്വദേശി രമേശനാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കുശേഷം സാമ്പത്തിക ബാധ്യതകളാൽ വിധിയോടു മല്ലിട്ട് നാട്ടിൽ കഴിയുന്നത്. 14 കൊല്ലമായി സൗദിയിൽ അറ്റൻഡറായി ജോലി ചെയ്തുവരികയായിരുന്നു ഈ 53കാരൻ. കോവിഡ് കാലത്ത് അവധിക്കു നാട്ടിൽ പോയപ്പോൾ വൃക്ക രോഗം കണ്ടെത്തിയതിനെ തുടർന്ന് സൗദിയിലേക്കു തിരിച്ചുവരാൻ കഴിഞ്ഞില്ല.
തലവേദനയായിരുന്നു തുടക്കം. നിരവധി ചികിത്സകൾ ചെയ്തിട്ടും ഭേദമാകാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് വൃക്കകൾ തകരാറിലാണെന്ന് കണ്ടെത്തിയത്. അപ്പോഴേക്കും രണ്ടു വൃക്കകളും തകരാറിലായി കഴിഞ്ഞിരുന്നു. വൃക്ക മാറ്റിവെക്കൽ മാത്രമായിരുന്നു മുന്നിലുള്ള ഏക മാർഗം. നാട്ടുകാരുടെ സഹായത്താൽ പണം കണ്ടെത്തുകയും എറണാകുളത്തുള്ള ആശുപത്രിയിൽ ഇക്കഴിഞ്ഞ ഏപ്രിലിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ആശുപത്രിയിൽനിന്ന് ഇനിയും ഡിസ്ചാർജായിട്ടില്ല. അഞ്ചുമാസം തുടർ ചികിത്സയും ആവശ്യമായി വരും. ഡിസ്ചാർജായാലും ആശുപത്രിക്ക് തൊട്ടടുത്ത് വീടെടുത്ത് താമസിച്ചുകൊണ്ട് തുടർ ചികിത്സ നടത്തേണ്ടതുണ്ട്.
നിർധന കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന രമേശന് തന്റെ ചികിത്സാ ചെലവും കുടുംബത്തിന്റെ ചെലവും രണ്ടു കുട്ടികളുടെ വിദ്യാഭ്യാസവും വലിയ ചോദ്യചിഹ്നമായി മുന്നിലുണ്ട്. നന്മ വറ്റാത്ത മനുഷ്യരുടെ സഹായമാണ് ഇതുവരെ രമേശനെയും കുടുംബത്തെയും താങ്ങിനിർത്തിയത്. ഇനിയും സുമനസുകളുടെ സഹായം ലഭിച്ചെങ്കിൽ മാത്രമേ രമേശനും കുടുംബത്തിനും സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാൻ സാധിക്കുകയുള്ളൂ. നാട്ടുകാരായ കെ.എസ്. ശർമിള ചെയർപേഴ്സണും സി.വി. ഹേമന്ദ് കൺവീനറുമായി തയ്യിൽ രമേശൻ ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിക്കുകയും കേരള ഗ്രാമീൺ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട് (അക്കൗണ്ട് നമ്പർ: 40528 1010 29738, IFSC കോഡ്: KLGB0040528, ന്യൂ മാഹീ ബ്രാഞ്ച്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.