ജിദ്ദ: 43ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ പ്രാഥമിക യോഗ്യത മത്സരങ്ങൾ ആരംഭിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികളെത്തിയ ശേഷം മക്ക ഹറമിന് സമീപമാണ് 10 ദിവസത്തെ മത്സര പരിപാടികൾക്ക് തുടക്കമായത്.
മനഃപാഠം, പാരായണത്തിലെ ശ്രദ്ധ, പ്രകടനം മെച്ചപ്പെടുത്തൽ, മത്സരത്തിന്റെ നിലവാരം ഉയർത്തുക, പങ്കെടുക്കുന്നവരുടെ ആവേശം ഉയർത്തുക, അവസാന യോഗ്യത മത്സരങ്ങളിൽ അന്താരാഷ്ട്ര ജൂറിക്ക് മുമ്പാകെ മത്സരിക്കാൻ അവരെ യോഗ്യരാക്കുക എന്നിവ പ്രോത്സാഹിപ്പിക്കലാണ് പ്രാഥമിക യോഗ്യത മത്സരത്തിൽ ലക്ഷ്യമിടുന്നത്.
വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച പ്രാഥമിക യോഗ്യത മത്സര സെഷനിൽ 18 രാജ്യങ്ങളിൽനിന്നുള്ള 18 മത്സരാർഥികളെ ജൂറി ശ്രവിച്ചു. രാവിലെയും വൈകീട്ടുമാണ് യോഗ്യത റൗണ്ട് മത്സരം നടക്കുന്നത്. 117 രാജ്യങ്ങളിൽനിന്നുള്ള 166 മത്സരാർഥികൾ പങ്കെടുക്കുന്നുണ്ട്. അഞ്ച് ശാഖകളിലായി നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് 40 ലക്ഷം റിയാൽ സമ്മാനമായി നൽകും. സൗദി മതകാര്യ വകുപ്പിന്റെ മേൽനോട്ടത്തിലാണ് അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധമായ കിങ് അബ്ദുൽ അസീസ് ഖുർആൻ മനഃപാഠ, പാരായണ മത്സരം ഒരോ വർഷവും നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.