ചാൾസ്​ രാജാവിന്​ സൗദിയുമായി നല്ല ബന്ധം, സൗദി സന്ദർശിച്ചത്​ ഒമ്പത്​ തവണ

ജിദ്ദ: എലിസബത്ത്​ രാജ്ഞിയുടെ മരണത്തെ തുടർന്ന്​ ബ്രിട്ടനിലെ രാജാവായി അവരോധിതനായ ചാൾസ് മൂന്നാമന് സൗദി അറേബ്യയുമായി ഊഷ്​മളായ ബന്ധം. ചാൾസ് രാജകുമാരന്​ സൗദി ജനതയുമായുള്ള ബന്ധം വളരെ സവിശേഷമാണ്. ഒമ്പത്​ തവണയിലധികം അദ്ദേഹം സൗദി അറേബ്യ സന്ദർശിച്ചിട്ടുണ്ട്​. അദ്ദേഹം ഏറ്റവും കൂടുതൽ തവണ സന്ദർശിച്ച അപൂർവ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. അഞ്ച് വർഷത്തിലൊരിക്കൽ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്നത് പതിവാണെങ്കിലും ഒമ്പത്​ തവണയാണ് അദ്ദേഹം സൗദിയിലെത്തിയത്.

ഈ രാജ്യവും ഇവിടത്തെ ആളുകളുമായുള്ള ചാൾസ്​ രാജകുമാരന്റെ ഊഷ്​മളമായ ബന്ധത്തെയാണ്​ ഇത് സൂചിപ്പിക്കുന്നത്​. ഇസ്‌ലാമിക് ഫോബിയ ശക്തമായ കാലത്ത് പ്രതിരോധിക്കാൻ മുന്നിൽനിന്ന ലോകപ്രശസ്തരിൽ ഒരാളുമാണ് അദ്ദേഹം. ഇസ്‍ലാമിക ലോകത്തെ ലക്ഷ്യമാക്കിയുള്ള സ്വരം മയപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ നിരന്തരമായ ആവശ്യപ്പെടലും ​​ശ്രദ്ധേയമാണ്​. പ്രവാചക നിന്ദ ലക്ഷ്യമിട്ടുള്ള കാർട്ടൂണുകൾ യൂറോപ്യൻ രാജ്യങ്ങളും മുസ്​ലിം ലോകവും തമ്മിലുള്ള ബന്ധങ്ങളിൽ വിള്ളലുകൾ സൃഷ്​ടിച്ചപ്പോൾ സൗദി അറേബ്യ, ഈജിപ്​ത്​ തുടങ്ങിയ രാജ്യങ്ങളിലെ ചാൾസ്​ രാജകുമാരന്റെ സന്ദർശനം ആ മുറിവുകൾ സുഖപ്പെടുത്താൻ സഹായിക്കുന്നതായിരുന്നു. ഇസ്‍ലാമിലും ഇസ്‍ലാമിക വാസ്തുവിദ്യയിലും ചാൾസ് രാജാവിന് താൽപ്പര്യമുണ്ടെന്ന് നിരവധി രാഷ്ട്രീയ വിശകലന വിദഗ്​ധർ സൂചിപ്പിച്ചിട്ടുണ്ട്​. സൗഹൃദത്തിലായ പല വ്യക്തികളുമായുള്ള പരിചയത്തിലൂടെയാണ്​ ഇസ്‍ലാമിക ലോകവുമായി അടുത്ത ബന്ധം സ്ഥാപിച്ചത്​.

2006ൽ ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ചാൾസ്​ രാജകുമാരൻ സന്ദർശിച്ചിരുന്നു. പൈതൃക സാംസ്​കാരിക മേളയായ 'ജനാദിരിയ 29'ൽ അഥിതിയായി അദ്ദേഹം എത്തി​. അന്ന്​ അവിടെ​ നടന്ന അറബ്​ പരമ്പാരഗത നൃത്തത്തിൽ നിരവധി രാജകുമാരന്മാരോടൊപ്പം അറബ്​ വസ്​ത്രമണിഞ്ഞ്​ അദ്ദേഹം നൃത്ത ചുവടുകൾ വെച്ചു. പാരമ്പര്യ അറേബ്യൻ വസ്ത്രമായ ശമാഅ്​, അഖാൽ എന്നിവ ധരിച്ച്​ നൃത്തത്തിന്റെ പ്രധാന ഘടകമായ സ്വർണ വാൾ വീശി രാജകുമാരന്മാരോടൊപ്പം നൃത്തം ചവിട്ടിയത്​ അന്ന്​ സൗദി മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.

ഇതിനുശേഷം 'അറബ് ചാൾസ്' എന്നും വിളിക്കപ്പെട്ടു. കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ പ്രഖ്യാപിച്ച 'ഗ്രീൻ സൗദി ഇനിഷ്യേറ്റീവ്' ഫോറത്തിന്റെ ഉദ്ഘാടന വേളയിലും ചാൾസ്​ രാജകുമാരൻ പ​ങ്കെടുത്തിരുന്നു. അന്ന്​ ചാർസ്​ രാജകുമാരൻ നടത്തിയ പ്രസംഗം ​ശ്രദ്ധേയമായിരുന്നു. സൗദി അറേബ്യക്ക് സൗരോർജം, കാറ്റാടി ഊർജം, ഹരിത ഊർജം എന്നിവ ഉൾപ്പെടെ പുനരുപയോഗ ഊർജത്തിന് വലിയ സാധ്യതകളുണ്ട്. ഈ കഴിവുകൾ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുന്നതിനും കൂടുതൽ നിക്ഷേപത്തിനും വലിയ സാധ്യതകൾ പ്രദാനം ചെയ്യുമെന്ന്​ തന്റെ പ്രസംഗത്തിൽ ചാൾസ്​ രാജകുമാരൻ പറഞ്ഞിരുന്നു.

Tags:    
News Summary - King Charles III has a good relationship with Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.