ജിദ്ദ: തുർക്കിയയിൽ ഭൂകമ്പത്തെ തുടർന്ന് നിരവധി പേർ മരിക്കുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അനുശോചിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ഞങ്ങളുടെ അഗാധമായ അനുശോചനവും ദുഃഖവും അറിയിക്കുന്നതായി രാജാവ് പറഞ്ഞു. പരിക്ക് പറ്റിയവർ വേഗം സുഖം പ്രാപിക്കാനും കാണാതായവർ സുരക്ഷിതരായി തിരിച്ചെത്താനും പ്രാർഥിക്കുന്നു. വേദനാജനകമായ ഈ സംഭവത്തിൽ ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കുകയും നിങ്ങളെ പിന്തുണക്കുകയും ചെയ്യുമെന്ന് ഉറപ്പുനൽകുന്നുവെന്നും സൽമാൻ രാജാവ് തുർക്കിയ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാന് അയച്ച അനുശോചന സന്ദേശത്തിൽ പറഞ്ഞു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഭൂകമ്പത്തിൽ തുർക്കിയ പ്രസിഡൻറിന് അനുശോചന സന്ദേശം അയച്ചു.
ഈ പ്രകൃതിദുരന്തത്തെ മറികടക്കാൻ തുർക്കിയക്കൊപ്പം നിൽക്കുമെന്നും എല്ലാവിധ പിന്തുണയുണ്ടാകുമെന്നും പ്രസിഡൻറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ കിരീടാവകാശി പറഞ്ഞു. പ്രയാസകരമായ സാഹചര്യത്തിൽ സൗദി നൽകുന്ന പിന്തുണക്ക് തുർക്കിയ പ്രസിഡൻറ് കിരീടാവകാശിക്ക് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.