സാബു മേലതിൽ
ജുബൈൽ: സൗദി ഭരണാധികാരി സൽമാൻ രാജാവും തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തി. ഒരുമാസത്തിനിടെ ഇരു നേതാക്കളും തമ്മിലുള്ള രണ്ടാമത്തെ സംഭാഷണമാണ് ചൊവ്വാഴ്ച നടന്നത്. അറബ് മേഖലയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനു മുന്നോടിയായി ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരുമായുള്ള തുർക്കിയുടെ ചർച്ചക്ക് ഒരു ദിവസം മുമ്പാണ് സൗദിയുമായി ചർച്ച അരങ്ങേറിയത്.
ഈജിപ്തും തുർക്കിയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ബുധനാഴ്ചയും വ്യാഴാഴ്ചയും ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് ഈജിപ്തിെൻറ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സാമ്പത്തിക-രാഷ്ട്രീയ സ്ഥിതിഗതികൾ പ്രതിസന്ധിയിലായതിനെത്തുടർന്നാണ് ഗൾഫ് രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ തുർക്കി ശ്രമിക്കുന്നത്. രാജ്യത്തിെൻറ സാമൂഹികാവസ്ഥയെ കാര്യമായി ബാധിച്ചതോടെ മേഖലയിലെ മറ്റു രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും തുർക്കി നീക്കം തുടങ്ങി.
തുർക്കിയുമായുള്ള ബന്ധം മോശമായതിനെ തുടർന്ന് കഴിഞ്ഞവർഷം സൗദി പൗരന്മാർ തുർക്കി സാധനങ്ങൾ അനൗദ്യോഗികമായി ബഹിഷ്കരിച്ചിരുന്നു. ഇത് തുർക്കിയുടെ വ്യാപാരത്തിെൻറ മൂല്യം 98 ശതമാനം കുറച്ചുവെന്ന് കണക്കാക്കപ്പെടുന്നു. ഉർദുഗാനും സൽമാൻ രാജാവും ചർച്ച നടത്തുമെന്നും ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ചർച്ചക്ക് സമ്മതിച്ചതായും ഉർദുഗാെൻറ വക്താവ് ഇബ്രാഹിം കലിൻ കഴിഞ്ഞമാസം റോയിട്ടേഴ്സിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ഈജിപ്തിെൻറ ഉപ വിദേശകാര്യമന്ത്രി ഹംദി സനദ് ലോസയും തുർക്കിയുടെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സദാത് ഉനലും തമ്മിൽ കൈറോയിൽ വൈകാതെ ചർച്ച നടക്കും. ഉഭയകക്ഷി സംഭാഷണത്തിനിടെ ഇരു ഭരണാധികാരികളും ആഗതമാകുന്ന ഈദുൽ ഫിത്ർ ആശംസകളും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.