റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ നിർദിഷ്ട കിങ് സൽമാൻ പാർക്ക് പദ്ധതിക്കുള്ളിൽ നിർമിച്ച അബൂബക്കർ അൽസിദ്ദീഖ് തുരങ്കപാതയിൽ ഗതാഗതം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ മുതൽ വാഹനങ്ങൾ ഓടിത്തുടങ്ങി. മിഡിലീസ്റ്റിലെ ഏറ്റവും നീളമേറിയ തുരങ്കമാണിത്. പഴയ ടണലുകളെ ബന്ധിപ്പിച്ചാണ് പുതിയത് നിർമിച്ചിരിക്കുന്നത്.
പാർക്ക് പദ്ധതിക്ക് കീഴിൽ പൂർത്തിയാക്കിയ ആദ്യത്തെ പാലവും തുരങ്കവുമാണിത്. 2021ലാണ് നിർമാണം ആരംഭിച്ചത്. പാർക്കിന്റെ വടക്കുനിന്ന് തെക്കോട്ടുള്ള റോഡിലേക്ക് നീളുന്ന തുരങ്കത്തിന് 2.430 കി.മീ നീളമുണ്ട്. ഇതിൽ പുതുതായി നിർമിച്ചത് 1.590 കി.മീറ്ററാണ്. ബാക്കി 840 മീറ്റർ ഭാഗം അബൂബക്കർ അൽസിദ്ദീഖ് റോഡിൽ നിലവിലുള്ള തുരങ്കത്തിന്റേതാണ്. രണ്ടിനെയും ഒറ്റ തുരങ്കമാക്കുകയായിരുന്നു. സൽമാനിയ വാസ്തുവിദ്യയാണ് നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇൻറീരിയർ ഡിസൈൻ റിയാദ് നഗരത്തിന്റെ പാറക്കെട്ടുകളും ഭൂമിശാസ്ത്ര ഘടനയും അനുകരിക്കുന്നതാണ്. വ്യാഴാഴ്ച മുതൽ വാഹനങ്ങൾക്ക് തുരങ്കത്തിലൂടെ കടന്നുപോകാൻ കഴിയുമെന്ന് കിങ് സൽമാൻ പാർക്ക് ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് പറഞ്ഞു.
തുരങ്കത്തിൽ അടിയന്തര പാതക്ക് പുറമേ ഓരോ ദിശയിലും വാഹനങ്ങൾക്കായി മൂന്ന് പാതകളുണ്ട്. നൂതന ട്രാഫിക് മാനേജ്മെൻറ് സംവിധാനങ്ങൾ, നൂതന സുരക്ഷ നടപടിക്രമങ്ങൾ, ഒഴിപ്പിക്കൽ രീതികൾ എന്നിവയും ടണലിൽ സജ്ജീകരിച്ചിരുന്നു. റിയാദിന്റെ ഹൃദയ ഭാഗത്ത് 16 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിലാണ് കിങ് സൽമാൻ പാർക്കിന്റെ നിർമാണം. ലോകത്തിലെ ഏറ്റവും വലിയ നഗരപാർക്ക് റിയാദ് മെട്രോ ട്രെയിൻ, ബസ് നെറ്റ്വർക്ക് സ്റ്റേഷനുകളുമായി വിവിധ റോഡുകൾ വഴി ബന്ധിപ്പിക്കപ്പെടുന്നു. നഗരത്തിന്റെ ഏത് ഭാഗത്തുനിന്നും ആളുകൾക്ക് പാർക്കിൽ എത്താൻ ഇത് സഹായമാകും. ലോകത്തിലെ താമസയോഗ്യമായ നഗരങ്ങളിൽ ഒന്നാകാൻ ഒരുങ്ങുന്ന റിയാദിന്റെ സ്ഥാനം ആഗോളതലത്തിൽ ഉയർത്താൻ സഹായിക്കുന്ന പദ്ധതികളിലൊന്നാണ് കിങ് സൽമാൻ പാർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.