റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവ് ദീറയിലുള്ള റിയാദ് ഗവർണറേറ്റ് ആസ്ഥാനവും മസ്മക് കൊട്ടാരവും സന്ദർശിച്ചു. ഗവർണറേറ്റ് ആസ്ഥാനത്ത് എത്തിയ സൽമാൻ രാജാവിനെ ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ്, ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ഡോ. ഫൈസൽ അൽസുദൈരി, നിരവധി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഗവർണറേറ്റ് കെട്ടിടം സൽമാൻ രാജാവ് ചുറ്റി കണ്ടു. റിയാദിൽ നേരത്തെ ഗവർണറായിരിക്കെയുണ്ടായ അനുഭവങ്ങൾ അയവിറക്കിയ രാജാവ് നേട്ടങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു.
ശേഷം മസ്മക് കൊട്ടാരവും അതിന്റെ പ്രധാന മുറ്റവും ചുറ്റുപാടുകളും പള്ളിയും മജ്ലിസും (അൽദിവാനിയ) സന്ദർശിച്ചു. നിരവധി അമീറുമാർ സൽമാൻ രാജാവിനെ അനുഗമിച്ചു. 1865-ൽ ഇമാം അബ്ദുല്ല ബിൻ ഫൈസൽ ബിൻ തുർക്കി ബിൻ സഊദിന്റെ ഭരണകാലത്ത് നിർമിച്ച മസ്മക് കൊട്ടാരം റിയാദിന്റെ ചരിത്രപരവും പൈതൃകപരവുമായ നാഴികക്കല്ലാണ്. സൗദി അറേബ്യയെ ഏകീകരിക്കുന്നതിനുള്ള അബ്ദുൽ അസീസ് രാജാവിന്റെ പോരാട്ടം തുടക്കം കുറിക്കുന്നത് മസ്മക് കൊട്ടാരത്തിൽനിന്നാണ്.
അരനൂറ്റാണ്ടോളം കാലം റിയാദ് ഗവർണറായിരുന്നു സൽമാൻ രാജാവ്. ഗവർണറായിരിക്കെയാണ് കിരീടാവകാശിയായി അവരോധിതനാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.