റിയാദ്: റിയാദിൽ അന്താരാഷ്ട്ര ബ്രിട്ടീഷ് സ്കൂൾ ആരംഭിക്കുന്നതിനുള്ള കരാർ ഒപ്പുവെച്ചു. റിയാദ് സിറ്റി റോയൽ കമീഷനും ബ്രിട്ടീഷ് കോളജ് ഒാഫ് കിങ്സുമായാണ് കരാർ ഒപ്പുവെച്ചത്. റിയാദ് റോയൽ കമീഷെൻറ ആദ്യത്തെ അന്താരാഷ്ട്ര സ്കൂളായിരിക്കും ഇത്. വിദ്യാഭ്യാസ, നിക്ഷേപ മന്ത്രാലയത്തിെൻറ പങ്കാളിത്തത്തോടെ റിയാദിലേക്ക് കൂടുതൽ അന്താരാഷ്ട്ര സ്കൂളുകൾ ആകർഷിക്കുന്ന പദ്ധതിക്ക് കീഴിലാണ് കിങ്സ് സ്കൂൾ തുറക്കാൻപോകുന്നത്. റിയാദ് നഗരത്തിലെ വിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തുന്ന പദ്ധതിക്ക് കീഴിലാണ് സ്കൂൾ ആരംഭിക്കുന്നതെന്ന് റിയാദ് റോയൽ കമീഷൻ പ്രസിഡൻറ് ഫഹദ് ബിൻ അബ്ദുൽ മുഹ്സിൻ അൽറഷീദ് വ്യക്തമാക്കി.
ഇതിലൂടെ സ്വദേശികൾക്കും വിദേശികൾക്കും മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കും. വിഷൻ 2030നും റിയാദിെൻറ സ്ഥാനം ഉയർത്തുന്നതിനും അനുസൃതമായിട്ടാണിത്. ലോകത്തിലെ ഏറ്റവും വലിയ 10 സാമ്പത്തിക നഗരങ്ങളിലൊന്നായും 2030ഒാടെ ജീവിത നിലവാരത്തിലും ടൂറിസത്തിലും സേവനങ്ങളിലും ഏറ്റവും മികച്ച നഗരങ്ങളിലൊന്നായും റിയാദിനെ മാറ്റുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കിങ്സ് സ്കൂൾ വരുന്നതോടെ 140 വർഷം കവിഞ്ഞ വിദ്യാഭ്യാസമേഖലയിലെ അനുഭവം റിയാദ് നഗരത്തിലേക്കുകൂടി ചേർക്കുകയാണ്. ലോകമെമ്പാടുള്ള വിശിഷ്ട അധ്യാപകരുടെ സേവനം വിദ്യാർഥികൾക്ക് അനുഭവിക്കാനാകുമെന്നും റോയൽ കമീഷൻ പ്രസിഡൻറ് പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിൽ സൗദി അറേബ്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിനുള്ള പാതയൊരുക്കുകയാണ് കിങ്സ് കോളജിെൻറ പ്രഖ്യാപനമെന്ന് സൗദിയിലെ ബ്രിട്ടീഷ് അംബാസഡർ നീൽ ക്രോംപ്ടൺ പറഞ്ഞു. ഇരുരാജ്യങ്ങൾ തമ്മിലുള്ള വിദ്യാഭ്യാസപരമായ വശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉറച്ച പ്രതിബദ്ധതയുടെ ഉദാഹരണമാണ്. കിങ്സ് കോളജ് ബ്രിട്ടീഷ് വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം ഉൾക്കൊള്ളുന്നു. പദ്ധതിയെ പിന്തുണക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും ബ്രിട്ടീഷ് അംബാസഡർ പറഞ്ഞു.
രാജ്യത്തേക്ക് അന്താരാഷ്ട്ര സ്കൂളുകളെ ആകർഷിക്കാനുള്ള പദ്ധതിയിൽ റിയാദ് റോയൽ കമീഷനും വിദ്യാഭ്യാസ മന്ത്രാലയവുമായി നിക്ഷേപ മന്ത്രാലയം വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ടെന്ന് നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിദ് പറഞ്ഞു. റിയാദിൽ കിങ്സ് കോളജ് സ്ഥാപിക്കുന്നതിൽ റിയാദ് റോയൽ കമീഷനും നിക്ഷേപ മന്ത്രാലയവുമായി പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ബിൻ മുഹമ്മദ് ആലുശൈഖ് പറഞ്ഞു. മികച്ച വിദ്യാഭ്യാസം, കൂടുതൽ ഒാപ്ഷനുകൾ, അന്താരാഷ്ട്ര രീതിയിലുള്ള വിദ്യാഭ്യാസ യാത്ര എന്നിവ കിങ്സ് കോളജിലൂടെ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.