റിയാദ്: ചരിത്രദൗത്യം നിറവേറ്റി സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി. ഹജ്ജ് സേവനം പൂർത്തിയാക്കി മൂവായിരത്തോളം വളൻറിയർമാർ മിനയോട് വിടപറഞ്ഞു. സൗദി ഹജ്ജ് സെല്ലിെൻറ കീഴിലാണ് മിന മിഷൻ ചരിത്രദൗത്യം നിറവേറ്റിയത്. ഹാജിമാർക്ക് മനസ്സ് നിറഞ്ഞ സേവനങ്ങൾ നൽകി മിന മിഷൻ വിജയകരമായി പൂർത്തിയാക്കിയതായി കെ.എം.സി.സി നാഷനൽ കമ്മിറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു.
മക്കയിലേക്ക് മടങ്ങിയ ഹാജിമാർക്കുള്ള സേവനങ്ങളുമായി മക്ക കെ.എം.സി.സിയുടെ അഞ്ഞൂറിലധികം വളൻറിയർമാർ, അവസാന ഹാജിയും മക്കയിൽനിന്ന് വിടവാങ്ങുന്നതു വരെ രംഗത്തുണ്ടാകും. മദീനയിലെത്തുന്ന ഹാജിമാർക്ക് സേവനങ്ങളുമായി മദീന കെ.എം.സി.സിയുടെ അഞ്ഞൂറോളം പ്രവർത്തകരും രംഗത്തുണ്ട്. ജിദ്ദ വഴി മടങ്ങുന്ന ഹാജിമാർക്ക് ഹജ്ജ് ടെർമിനലിൽ ജിദ്ദ കെ.എം.സി.സിയുടെ വളൻറിയർ ടീമും അണിനിരക്കും.
ആദ്യ ഹജ്ജ് തീർഥാടകൻ ഹജ്ജ് ടെർമിനലിൽ ഇറങ്ങുന്നതു മുതൽ ഹാജിമാര്‍ സഞ്ചരിക്കുന്ന വഴികളിലെല്ലാം കെ.എം.സി.സി വളൻറിയര്‍മാര്‍ സേവനസന്നദ്ധരായി അണിനിരന്നിരുന്നതായി വാർത്തക്കുറിപ്പിൽ പറഞ്ഞു. ജിദ്ദ, മക്ക, മദീന ഉൾപ്പെടെ വിവിധ സെന്‍ട്രല്‍ കമ്മിറ്റികള്‍ വഴി മികച്ച പരിശീലനം ലഭിച്ച സന്നദ്ധസംഘം ദുല്‍ഹജ്ജ് എട്ട് മുതല്‍ 13 വരെ മിന, അറഫ, മുസ്ദലിഫ, ഹറം പരിസരം, മശാഇര്‍ റെയിൽവേ എന്നിവിടങ്ങളില്‍ രാപകലില്ലാതെ രംഗത്തുണ്ടായിരുന്നു. വഴി തെറ്റിയവർക്ക് വഴി കാട്ടിയായും ഒറ്റപ്പെട്ടുപോയവർക്ക് അത്താണിയായും രോഗബാധിതർക്ക് ആശ്രയമായും വിശന്നവർക്ക് കഞ്ഞിയും വെള്ളവുമായി വിളിക്കപ്പുറത്ത് നിൽക്കുന്നവരായും കെ.എം.സി.സി ചരിത്രമാവുകയായിരുന്നു. കെ.എം.സി.സി നാഷനൽ കമ്മിറ്റിക്ക് കീഴിലുള്ള മക്ക, ജിദ്ദ, മദീന കമ്മിറ്റികൾ ആദ്യത്തെ ഹാജി മക്കയിലെത്തിയ നിമിഷം മുതൽ അവസാനത്തെ ഹാജി മടങ്ങിപ്പോകുന്നതുവരെ പുണ്യഭൂമിയിൽ കർമനിരതരാണ്. വിമാനത്താവളത്തിൽ കെ.എം.സി.സി എയർപോർട്ട് മിഷനാണ് സേവനം നൽകിയത്. ഇത്തവണ ജിദ്ദയിലെ ഹജ്ജ് ടെര്‍മിനലില്‍ ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ വിമാനം എത്തിയതു മുതല്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ മാത്രമാണ് സേവനത്തിന് അണിനിരന്നത്. ഹജ്ജ് ടെര്‍മിനലില്‍ നിയോഗിക്കപ്പെട്ട വളൻറിയര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മക്കയിലെ കെ.എം.സി.സി ഭാരവാഹികൾ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന കാഴ്ച കണ്ട് അധികൃതർ നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു.
ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ സാങ്കേതികമായും മാനസികമായും പരിശീലനം സിദ്ധിച്ച വളൻറിയര്‍മാരാണ് രംഗത്തുണ്ടായിരുന്നത്. ഹജ്ജിെൻറ കര്‍മങ്ങളും വളൻറിയര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അസുഖബാധിതരെ പരിചരിക്കേണ്ട രീതികളും ശാസ്ത്രീയമായ ഭക്ഷ്യവിതരണവും ഇവരെ പരിശീലിപ്പിച്ചിരുന്നു. ഇത്തവണ കേരളത്തിൽനിന്ന് മഹറമില്ലാതെ ഹജ്ജിനെത്തിയ മൂവായിരത്തോളം വനിതാ ഹാജിമാർക്ക് കെ.എം.സി.സിയുടെ പുരുഷ, വനിത വളൻറിയർമാർ സേവനം നൽകി.
കർമങ്ങൾക്ക് വഴികാട്ടികളായി സമാധാനത്തോടെയും സന്തോഷത്തോടെയും പുണ്യകർമം നിർവഹിക്കാൻ സ്ത്രീകൾക്ക് വനിതാ കെ.എം.സി.സിയുടെ പിന്തുണ ലഭിച്ചു. കർമങ്ങൾ നിർവഹിക്കുന്നതിനിടയിൽ വഴിതെറ്റിയവർക്കും രോഗംമൂലം ഏറെ പ്രയാസം നേരിട്ടവർക്കും തുണയായി. മുഴുവൻ സമയമെന്നോണം ഇവരുടെ ടെൻറുകളിൽ മക്കയിലെയും ജിദ്ദയിലെയും വനിതാ കെ.എം.സി.സി വളൻറിയർമാരുണ്ടായിരുന്നു.
കഞ്ഞിയും പാനീയങ്ങളും പഴങ്ങളും പാദരക്ഷകളും കുടകളും വീൽച്ചെയറുകളും തുടങ്ങി ആവശ്യപ്പെടുന്നതെല്ലാം നിമിഷനേരംകൊണ്ട് എത്തിക്കാൻ കെ.എം.സി.സി പ്രവർത്തകർ സദാ സന്നദ്ധരായിരുന്നു.
സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശാസ്ത്രീയമായ സംവിധാനം ഏർപ്പെടുത്തിയിരുന്നു. സൗദി ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട്, ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ, ചീഫ് കോഓഡിനേറ്റർ അബൂബക്കർ അരിമ്പ്ര, ട്രഷറർ കുഞ്ഞിമോൻ കാക്കിയ, നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട്, ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, ജിദ്ദ കെ.എം.സി.സി ഹജ്ജ് സെൽ വളൻറിയർ ക്യാപ്റ്റൻ ശിഹാബ് താമരക്കുളം എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.