ജിദ്ദ: 13 വർഷം സൗദിയിലെ ബദർ എന്ന സ്ഥലത്ത് ബലദിയയിൽ ജോലി ചെയ്യുകയായിരുന്ന കൽപ്പറ്റ പുളിയർമല സ്വദേശി ഉണ്ണികൃഷ്ണന് കെ.എം.സി.സിയുടെ ഇടപെടലിലൂടെ വളരെ നാളുകളായി ലഭിക്കാതിരുന്ന തന്റെ കമ്പനിയിൽനിന്നുള്ള സർവീസാനന്തര ആനുകൂല്യം ലഭിച്ചു. കമ്പിനിയിൽ നിന്ന് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് മടങ്ങുമ്പോൾ ലഭിക്കാതിരുന്ന സർവീസാന്തര ആനുകൂല്യം പിന്നീട് വാങ്ങാനായി ഒരാളെ ഏൽപിച്ചിട്ടാണ് ഉണ്ണികൃഷ്ണൻ നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലെത്തി കുറച്ച് നാളുകൾക്ക് ശേഷം കിട്ടാനുള്ള പണം കിട്ടാതായി അന്വേഷിച്ചപ്പോഴാണ് ഉണ്ണികൃഷ്ണൻ ഏൽപിച്ച ആളുടെ കൈയിൽ കമ്പനി പണം കൊടുത്തില്ലെന്നും പകരം അദ്ദേഹത്തിന്റെ തന്നെ സൗദിയിലെ ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചതെന്നും അറിയുന്നത്. അദ്ദേഹം നാട്ടിലായത് കൊണ്ട് ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആവുകയും പിന്നീട് പണം കിട്ടാതെ ആവുകയും ചെയ്തു. കമ്പനി ആവശ്യപ്പെട്ടത് പ്രകാരം ആവശ്യമായ എല്ലാ രേഖകളും ഉണ്ണികൃഷ്ണൻ ഇന്ത്യൻ എംബസിയിലേക്ക് അയച്ചുകൊടുത്തെങ്കിലും ഫലമുണ്ടായില്ല.
ഇതേതുടർന്ന് അദ്ദേഹം വയനാട് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡൻറായ റസാക്ക് കൽപ്പറ്റയുമായി ബന്ധപ്പെട്ടു. അദ്ദേഹം വിഷയം ജിദ്ദ വയനാട് ജില്ല കെ.എം.സി.സി.കമ്മിറ്റി പ്രസിഡൻറ് റസാക്ക് അണക്കായിയെ ധരിപ്പിച്ചു. അദ്ദേഹവും ബദർ കെ.എം സി.സി കമ്മിറ്റി പ്രസിഡൻറ് ഷംസുദ്ദീൻ കണ്ണമംഗലവും നിരന്തരമായി ഇന്ത്യൻ എംബസിയെയും അൽരാജ്ഹി ബാങ്ക് മാനേജറുമായും ബലദിയ കമ്പനിയുമായും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 2,75,000 രൂപ ഉണ്ണികൃഷണന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടിൽ എത്തുകയായിരുന്നു. നാട്ടിൽനിന്നും ഉണ്ണികൃഷ്ണൻ കെ.എം.സി.സി നേതാക്കളെ വിളിച്ച് സന്തോഷം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.