ജിദ്ദ: ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചുപോയ പ്രവാസികൾക്ക് 1000 രൂപ പ്രതിമാസ പെൻഷൻ പദ്ധതി ഏർപ്പെടുത്തിയതായി കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിലെ കാരുണ്യ ഹസ്തം കുടുംബ സുരക്ഷ പദ്ധതി വിജയകരമായ 11 വർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് ചരിത്രപരമായ തീരുമാനമായി പ്രവാസി പെൻഷൻ പദ്ധതി പ്രഖ്യാപിച്ചത്.
2015 മുതൽ അഞ്ച് വർഷം സുരക്ഷ പദ്ധതിയിൽ സ്ഥിരാംഗമാവുകയും നിലവിൽ പ്രവാസം മതിയാക്കി നാട്ടിലെത്തിയവരുമായ 60 വയസ് പൂർത്തിയായ പ്രവാസിക്ക് 2021 ജനുവരി മുതൽ പ്രതിമാസ പെൻഷൻ ലഭിക്കും. പദ്ധതിയിൽ പുതുതായി അംഗത്വമെടുക്കുന്നവർക്ക് 2021 മുതൽ തുടർച്ചയായ മൂന്ന് വർഷത്തെ അംഗത്വമുണ്ടെങ്കിൽ 60 വയസ് പൂർത്തിയാകുന്നതോടെ പ്രവാസം നിർത്തി നാട്ടിൽ പോയാലും പെൻഷന് അർഹരാവും. 2021ലെ പുതിയ വർഷ പദ്ധതിയുടെ പ്രീമിയം 50 റിയാലും പെൻഷൻ വിഹിതമായി 10 റിയാലുമായിരിക്കും ഫീസ്. പെൻഷന് അർഹരായവർക്ക് കുടുംബ സുരക്ഷ പദ്ധതി ആനുകൂല്യങ്ങൾ കൂടി ലഭിക്കണമെന്നുണ്ടെങ്കിൽ തുടർന്ന് നാട്ടിൽ നിന്നും 2021 മുതൽ അംഗത്വം തുടരേണ്ടതാണെന്നും ഭാരവാഹികൾ അറിയിച്ചു.
ജീവിക്കാനായി കടൽകടന്ന് കുടുംബം പോറ്റാൻ പതിറ്റാണ്ടുകൾ മരുഭൂമിയിൽ കഷ്ടപെട്ട് വെറും ൈകയ്യോടെ നാട്ടിലേക്ക് മടങ്ങുന്നവർ നിരവധിയാണ്. കേന്ദ്ര സംസ്ഥാന സർക്കാറുകൾ പോലും ഇത്തരക്കാരുടെ ദുരവസ്ഥക്ക് മുന്നിൽ കണ്ണടക്കുമ്പോഴാണ് ചരിത്രത്തിലാദ്യമായി ഒരു പ്രവാസി സംഘടന മരണം വരെ പ്രവാസിക്ക് പെൻഷൻ ലഭ്യമാക്കാൻ പ്രായോഗിക മാർഗം കണ്ടെത്തുന്നത്. ജാതി, മത, രാഷ്ട്രയ കക്ഷിഭേദമന്യേ ഏതൊരു പ്രവാസിക്കും പദ്ധതികളിൽ ചേരാവുന്നതാണ്.
കുടുംബനാഥൻ നഷ്ടപ്പെട്ട ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് ജീവിത മാർഗമൊരുക്കാൻ ഗൾഫ് രാജ്യങ്ങളിൽ കെ.എം.സി.സി കമ്മിറ്റികൾ ഫലപ്രദമായി നടപ്പാക്കിയ സുരക്ഷാപദ്ധതി 20 വർഷം മുമ്പ് ജിദ്ദയിലാണ് തുടക്കം കുറിച്ചത്. അതുകൊണ്ട് തന്നെ പ്രതിമാസ പ്രവാസി പെൻഷൻ എന്ന സ്വപ്നം യാഥാർഥ്യമാക്കാനുളള തുടക്കവും ജിദ്ദയിൽ നിന്ന് ആരംഭിക്കുകയാണെന്നും മറ്റു പ്രദേശങ്ങളിലെ കമ്മിറ്റികളും ഇത് ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഭാരവാഹികൾ പറഞ്ഞു. 11 വർഷത്തിനിടെ ഒരു ലക്ഷത്തിലധികം പേർക്ക് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേരിട്ട് കുടുംബ സുരക്ഷ പരിരക്ഷ നൽകി. സൗദി നാഷനൽ, ജിദ്ദ സെൻട്രൽ, മറ്റു ജില്ല കമ്മിറ്റികളുടെ വിവിധ പദ്ധതികളിലായി കഴിഞ്ഞ കാലങ്ങളിൽ ജിദ്ദയിൽ മാത്രം രണ്ട് ലക്ഷം പ്രവാസികൾക്ക് കുടുംബ സുരക്ഷ പദ്ധതി പരിരക്ഷ ഉറപ്പ് വരുത്താൻ കെ.എം.സി.സിക്കായി.
ഇത്തരത്തിൽ മൂന്ന് കമ്മിറ്റിക്ക് കീഴിലായി സുരക്ഷാപദ്ധതികളിൽ തുടർച്ചയായി അംഗമാകുന്ന ജിദ്ദയിലെ ഒരു പ്രവാസിയുടെ കുടുംബത്തിന് മരണാനന്തര ആനുകൂല്യമായി 20 ലക്ഷം രൂപയാണ് 2021 മുതൽ ലഭിക്കുക. സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിരിക്കെ ഈയിടെ മരണപ്പെട്ട 14 പേരുടെ കുടുംബങ്ങൾക്കുള്ള അഞ്ച് ലക്ഷമടക്കം ഒരു കോടി രൂപക്കുള്ള ചെക്കുകൾ വെള്ളിയാഴ്ച ജിദ്ദയിൽ നടക്കുന്ന കാമ്പയിൻ ഉദ്ഘാടന പരിപാടിയിൽ വിതരണം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.
പദ്ധതി കാമ്പയിൻ കാലയളവിൽ ജിദ്ദ കെ.എം.സി.സിയുടെ ഏരിയ, പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മിറ്റികൾ മുഖേന വിതരണം ചെയ്യുന്ന അപേക്ഷാ ഫോറം വഴിയോ, WWW.KMCCJEDDAH.ORG, / WWW.KMCCONLINE.INFO എന്നീ വെബ്സൈറ്റുകൾ വഴിയോ സുരക്ഷാ, പെൻഷൻ പദ്ധതിയിൽ അംഗത്വം എടുക്കാവുന്നതാണ്. ഭാരവാഹികളായ അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, നിസാം മമ്പാട്, വി.പി. മുസ്തഫ, റസാഖ് മാസ്റ്റർ, ഇസ്ഹാഖ് പൂണ്ടോളി, അബ്ദുല്ല പാലേരി, സി.സി. കരീം, നാസർ മച്ചിങ്ങൽ, എ.കെ. ബാവ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.