ജിദ്ദ: സൗദി കെ.എം.സി.സി ദേശീയ സോക്കർ ഫുട്ബാളിന് ജിദ്ദയിൽ പ്രൗഢോജ്ജ്വല തുടക്കം. ജിദ്ദ വസീരിയയിലെ അൽതാവുൻ അക്കാദമി സ്റ്റേഡിയത്തിൽ 21 ഓളം വിവിധ കമ്മിറ്റികൾ അണിനിരന്ന വർണാഭമായ മാർച്ച് പാസ്റ്റോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. ഇ.ടി മുഹമ്മദ് ബഷീർ എം.പി മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിക്കുകയും ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ചീഫ് കോഓർഡിനേറ്റർ മുജീബ് ഉപ്പട ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. വി.പി മുഹമ്മദലി (ജിദ്ദ നാഷനൽ ഹോസ്പിറ്റൽ), അഹമ്മദ് പാളയാട്ട്, അബ്ദുൽ ഗഫൂർ ഖുൻഫുദ, ഹക്കീം പാറക്കൽ (ഒ.ഐ.സി.സി), കിസ്മത്ത് മമ്പാട് (നവോദയ), കബീർ കൊണ്ടോട്ടി (ജിദ്ദ മീഡിയ ഫോറം), ബേബി നീലാമ്പ്ര (സിഫ്), ഗഫൂർ ചേലേമ്പ്ര റാബിക്ക്, അബ്ദുൽ റസാഖ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് സ്വാഗതവും വി.പി മുസ്തഫ നന്ദിയും പറഞ്ഞു. മുഹമ്മദ് സാജിദ് ഖിറാഅത്ത് നടത്തി. ഇസ്മായിൽ മുണ്ടക്കുളം, അബു കട്ടുപ്പാറ, അഷ്റഫ് താഴെക്കോട്, സുബൈർ വട്ടോളി, ശിഹാബ് താമരക്കുളം, ഹുസൈൻ കരിങ്കറ തുടങ്ങി വിവിധ ജില്ലാ, ഏരിയ, മണ്ഡലം ഭാരവാഹികൾ ചടങ്ങിനു നേതൃത്വം നൽകി. ഉദ്ഘാടന പരിപാടിയിൽ വിവിധ കലാപരിപാടികളും അരങ്ങേറി.
ഉദ്ഘാടന മത്സരത്തിൽ എൻ. കംഫർട്ട് എ.സി.സി യെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് റീം റിയൽ കേരള എഫ്.സി വിജയം നേടി. ജിബിൻ വർഗ്ഗീസിന്റെ രണ്ട് ഗോളുകളാണ് ആദ്യ മത്സരത്തിന്റെ ഹൈലൈറ്റ്. രണ്ടാം പകുതി ആരംഭിച്ച ഉടൻ തന്നെ ഹാഷിം, പോൾ, ജിബിൻ വർഗ്ഗീസ് എന്നിവർ ഓരോ ഗോളുകൾ നേടിയതോടെ റീം റിയൽ കേരളക്ക് ആധികാരിക വിജയം സമ്മാനിച്ചു. മാൻ ഓഫ് ദ മാച്ച് പരസ്കാരത്തിന് ജിബിൻ വർഗീസ് അർഹനായി. കംഫർട്ട് ട്രാവൽസ് പുരസ്കാരം അസ്ക്കർ മുണ്ടയിൽ ജിബിന് കൈമാറി. രണ്ടാം മതത്സരത്തിൽ എച്ച്.എം.ആർ യാംബുവിനെതിരെ ചാംസ് മസാല സബിൻ എഫ്.സി ഒന്നിനെതിരി നാല് ഗോളുകൾക്ക് വിജയിച്ചു. ഫസലുറഹ്മാൻ, മുഹമ്മദ് അനീസ്, അലി ഷാൻ എന്നിവർ ചാംസ് മസാല സബിൻ എഫ്.സിക്കു വേണ്ടിയും യാംബു എഫ്.സിക്കുവേണ്ടി മുഹമ്മദ് റിസ്വാനും ഗോളുകൾ നേടി. സബിൻ എഫ്.സി യുടെ ഫസലുറഹ്മാൻ മാൻ ഓഫ് ദ മാച്ച് പുരസ്കരത്തിന് അർഹനായി. മാൻ ഓഫ് ദ മാച്ച് പുരസ്കാരം ഇസ്മായിൽ മുണ്ടക്കുളം കൈമാറി. രണ്ട് മാസത്തിലേറെ കാലം നീണ്ടുനിൽക്കുന്ന ഫുട്ബാൾ മേളയിൽ സൗദിയിലെ പ്രമുഖ എട്ട് ടീമുകൾ മാറ്റുരക്കും. ജിദ്ദ, റിയാദ്, ദമ്മാം, യാംബു എന്നിങ്ങനെ സൗദിയിലെ നാല് പ്രവിശ്യകളിലായിട്ടാണ് കളി നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.