യാംബു: കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സ്പോർട്സ് വിംഗിന്റെ നേതൃത്വത്തിൽ സൗദിയിൽ ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയ ഫുട്ബാൾ മേളയുടെ രണ്ടാം വാര മത്സരം ഇന്ന് യാംബു റോയൽ കമീഷനിലെ റദ് വ സ്റ്റേഡിയത്തിൽ നടക്കും. സൗദിയിലെ നാല് പ്രവിശ്യകളിൽ നിന്നുമായി എട്ടു ടീമുകൾ മാറ്റുരക്കുന്ന മത്സരത്തിന്റെ രണ്ടാം വാരത്തിൽ ഇന്ന് രാത്രി 7.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ റീം റിയൽ കേരള എഫ്.സി ടീം, എച്ച്.എം.ആർ. എഫ്.സി യാംബു ടീമുമായും രണ്ടാം മത്സരത്തിൽ എൻ കംഫർട്സ് എ.സി.സി ടീം, ചാംസ് സബീൻ എഫ്.സി ടീമുമായി ഏറ്റുമുട്ടും. യാംബുവിലെ മത്സരത്തിന്റെ മുന്നോടിയായി വിവിധ ഫുട്ബാൾ ക്ലബുകളിലെ അംഗങ്ങളും പ്രദേശത്തെ ഇന്റർനാഷനൽ സ്കൂളുകളിലെ ഫുട്ബാൾ കളിക്കാരായ വിദ്യാർഥികളും കെ.എം.സി.സിയുടെ വിവിധ ഘടകങ്ങളിലെ പ്രവർത്തകരും മറ്റു ഫുട്ബാൾ പ്രേമികളും അണിനിരക്കുന്ന മാർച്ച് പാസ്റ്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. യാംബു റോയൽ കമീഷനിലെ വിവിധ അതിഥികളും കെ.എം.സി.സി നാഷനൽ കമ്മിറ്റി നേതാക്കളും വിവിധ സാംസ്കാരിക സാമൂഹിക സംഘടനാ നേതാക്കളും ഫുട്ബാൾ മാമാങ്കത്തിന്റെ ഉദ്ഘാടന വേളയിൽ പങ്കെടുക്കുമെന്നും ഫുട്ബാൾ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. സൗദി പ്രവാസ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൈസ് മണിയാണ് ജേതാക്കളെ കാത്തിരിക്കുന്നതെന്നും കേരളത്തിലെ പ്രശസ്തരായ താരങ്ങൾ കളത്തിലറങ്ങുന്ന മത്സരം വമ്പിച്ച ആവേശത്തോടെയാണ് സൗദി പ്രവാസി സമൂഹം വരവേൽക്കുന്ന തെന്നും സംഘാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.