ജിദ്ദ: സൗദിയിലെ കാൽപ്പന്ത് പ്രേമികൾ കാത്തിരുന്ന കെ.എം.സി.സി ദേശീയ സോക്കർ കാൽപ്പന്ത് മേളക്ക് വെള്ളിയാഴ്ച ജിദ്ദയിൽ തുടക്കമാവും. വസീരിയയിലെ അൽതാവുൻ അക്കാദമി സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിന്റെ ആദ്യ ദിന മത്സരത്തിൽ തുല്യശക്തികളായ നാല് ടീമുകൾ മുഖാമുഖം ഏറ്റുമുട്ടും. വൈകീട്ട് 4.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കെ.എം.സി.സിയുടെയും മറ്റു സാംസ്കാരിക കൂട്ടായ്മകളുടെയും മാർച്ച് പാസ്റ്റും ബാന്റ് മേളവും ഒപ്പന, കോൽക്കളിയടക്കമുള്ള മറ്റു കലാരൂപങ്ങളും ഉണ്ടാവും. ഇ.ടി മുഹമ്മദ് ബഷീർ എം.പി ടൂർണ്ണമെന്റിന്റെ കിക്കോഫ് നിർവഹിക്കും. ചടങ്ങിൽ കെ.എം.സി.സി ദേശീയ നേതാക്കളും ജിദ്ദയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർക്കൊപ്പം പ്രസിദ്ധ ചലച്ചിത്ര നിർമ്മാതാവ് നൗഷാദ് ആലത്തൂരും പങ്കെടുക്കും.
വൈകീട്ട് 6.30 ന് ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ എൻ കംഫർട്ട് എ.സി.സി റീം റിയൽ കേരളയുമായും രാത്രി 8.30 നുള്ള രണ്ടാം മത്സരത്തിൽ എച്ച്.എം.ആർ യാംബു എഫ്.സി ചാംസ് സബീൻ എഫ്.സിയുമായി ഏറ്റുമുട്ടും. മത്സരം വീക്ഷിക്കാനെത്തുന്ന കാണികൾക്കിടയിൽ വിതരണം ചെയ്യുന്ന കൂപ്പണുകളിൽനിന്ന് ഭാഗ്യശാലികൾക്ക് സോന ജ്വല്ലേഴ്സ് ഒരുക്കുന്ന സ്വർണനാണയങ്ങൾ സമ്മാനമായി ലഭിക്കും. രണ്ടുമാസത്തിലേറെ നീണ്ടുനിൽക്കുന്ന ഫുട്ബാൾ മേള ജിദ്ദക്കു പുറമെ യാംബു, റിയാദ്, ദമ്മാം തുടങ്ങിയ നഗരങ്ങളിലും അരങ്ങേറും. സൗദി പ്രവാസ ലോകത്തെ കെ.എം.സി.സി ദേശീയ സോക്കർ കാൽപ്പന്ത് മേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ചീഫ് കോർഡിനേറ്റർ മുജീബ് ഉപ്പട അറിയിച്ചു.
ഉദ്ഘാടന മൽസരമൊഴികെ ജിദ്ദയിൽ മെയ് 31, ജൂലൈ അഞ്ച് തീയതികളിൽ വരാനിരിക്കുന്ന മറ്റു രണ്ട് മത്സരങ്ങൾ ഏറ്റവും സൗകര്യപ്രദമായ ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലായിരിക്കും നടക്കുകയെന്ന് ടൂർണ്ണമെന്റ് ജനറൽ കൺവീനർ ബേബി നീലാമ്പ്ര അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.