ദമ്മാം: ഒന്നിനുപിറകെ ഒന്നായി കേസുകളുയർന്നുവന്ന് നാട്ടിൽ പോകാൻ കഴിയാതെ ദമ്മാമിലെ ജയിലിൽ കഴിയുന്ന മലയാളിക്ക് തുണയാവാൻ കെ.എം.സി.സി രംഗത്ത്.ദമ്മാം ഫൈസലിയ ജയിലിൽ രണ്ടര വർഷമായി കഴിയുന്ന തൃശൂർ ജില്ലയിലെ കുന്നംകുളം തൊഴിയൂർ സ്വദേശി വെള്ളുത്തടത്തിൽ വീട്ടിൽ അഷറഫിനെ കേസുകളിൽനിന്ന് മോചിപ്പിച്ച് നാട്ടിലെത്തിക്കാനുള്ള കുടുംബത്തിന്റെ അഭ്യർഥനയെ തുടർന്നാണ് കെ.എം.സി.സി മുന്നോട്ടുവന്നിരിക്കുന്നത്.
ആദ്യ കേസിന്റെ കാലാവധി കഴിഞ്ഞതിനാൽ നാട്ടിലേക്ക് മടങ്ങാൻ ദമ്മാം വിമാനത്താവളത്തിൽ പോയെങ്കിലും വേറെ കേസുകളുടെ വിവരങ്ങൾ ഉയർന്നുവന്ന് രണ്ടുതവണ യാത്ര മുടങ്ങുകയായിരുന്നു.രണ്ടര വർഷം മുമ്പാണ് ആദ്യ കേസിൽ അകപ്പെട്ട് അഷറഫ് ജയിലിലായത്. ഒന്നര വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ് നാട്ടിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിൽ എത്തിയപ്പോൾ അൽ ഖോബാർ കോടതിയിൽ നിലവിലുള്ള, കാർ വാടകക്കെടുത്ത വകയിൽ പണമടക്കാനുള്ള കേസ് പൊങ്ങിവന്നു.
6,000ത്തോളം റിയാലാണ് ആ വകയിൽ അടക്കാനുണ്ടായിരുന്നത്. അന്ന് നാട്ടിലുള്ള ഭാര്യ ബുഷ്റ ഇയാളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ബന്ധപ്പെട്ട് ആ പണം സ്വരൂപിച്ച് അടച്ച് കേസിൽനിന്ന് മുക്തനാക്കി. വീണ്ടും വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് താമസിച്ച ഫ്ലാറ്റിന്‍റെ വാടകക്കുടിശ്ശിക നൽകാത്തതിന്‍റെ പേരിലുള്ള അടുത്ത കേസ് പൊങ്ങിവന്നത്. 5,500 റിയാലാണ് ഈ വകയിൽ തീർപ്പാക്കാനുള്ളത്. ഈ കേസിന്റെ പേരിലാണ് തടവുജീവിതം തുടരുന്നത്. ഇതിലിപ്പോൾ ഒരു വർഷത്തിലധികം പിന്നിട്ടു.ദമ്മാമിലെ നവയുഗം ജീവകാരുണ്യ വിഭാഗം കൺവീനർ മണിക്കുട്ടനാണ് ആദ്യം ആശ്രയമായി ഉണ്ടായിരുന്നത്.
അഷറഫ് ഗൾഫിൽ വന്ന സമയത്ത് വീടുപണി തീർക്കാനും, വിസക്കും ടിക്കറ്റിനും നൽകാനുമായി അഞ്ചു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇപ്പോൾ അത് 10 ലക്ഷമായി ഉയരുകയും വീട് ജപ്തിചെയ്യണമെന്ന ആവശ്യവുമായി ബാങ്ക് പലതവണ മുന്നറിയിപ്പ് നോട്ടീസുകൾ അയക്കുകയും ചെയ്തു. മൂന്നു പെൺകുട്ടികളും വൃദ്ധരായ മാതാപിതാക്കളും അടങ്ങുന്ന കുടുംബവുമായി പോകാൻ മറ്റൊരിടമില്ലാതെ ഭാര്യ ബുഷ്റ പലവാതിലുകളും മുട്ടിത്തളർന്നെങ്കിലും ഒരു പരിഹാരവുമായിട്ടില്ല.
മണിക്കുട്ടന്‍റെ നിർദേശത്തെ തുടർന്നാണ് ബുഷ്റ കെ.എം.സി.സിയുടെ സഹായം തേടിയത്. കേസിന്‍റെ സത്യാവസ്ഥ മനസ്സിലാക്കിയ കെ.എം.സി.സി കിഴക്കൻ പ്രവിശ്യ കമ്മിറ്റി പ്രസിഡന്‍റ് മുഹമ്മദ് കുട്ടി കോഡുർ ഇയാളുടെ കേസ് പരിഹരിക്കാനുള്ള പണം അടക്കാമെന്ന് സമ്മതിക്കുകയായിരുന്നു.അടുത്ത ദിവസങ്ങളിലായി കേസ് അവസാനിപ്പിച്ച് നാട്ടിലയക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് മണിക്കുട്ടൻ പറഞ്ഞു. കടങ്ങളിൽനിന്ന് മോചിതനാകാനും പെട്ടെന്ന് പണമുണ്ടാക്കാനുമായി അഷറഫ് നടത്തിയ ശ്രമങ്ങളാണ് ജയിലറയിൽ എത്തിച്ചത്. ഇതോടെ ഒരു നിസ്സഹായ കുടുംബത്തിന്‍റെ സ്വപ്നങ്ങൾ കൂടിയാണ് തകർന്നുവീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.