യാംബു: റാബിഖിൽ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ മലയാളിയും നേപ്പാൾ പൗരനും മരിച്ചു. കൊല്ലം പുത്തൂർ തെക്കുംഞ്ചേരി പൂമംഗലത്തുവീട്ടിലെ ബാലകൃഷ്ണൻ (37) ആണ് മരിച്ച മലയാളി. യാംബുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബാലകൃഷ്ണൻ കമ്പനിയിലെ സഹപ്രവർത്തകനെ ജിദ്ദ വിമാനത്താവളത്തിൽ നിന്ന് സ്വീകരിച്ച് മടങ്ങുമ്പോഴാണ് വാഹനം അപകടത്തിൽപെട്ടത്.
ബാലകൃഷ്‌ണനായിരുന്നു വാഹനം ഓടിച്ചത്. നിയന്ത്രണംവിട്ട വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് മരിച്ചു. വാഹനത്തിൽ കൂടെയുണ്ടായിരുന്ന മറ്റൊരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു.
റാബിഖിലും യാംബുവിലുമായി 10 വർഷത്തോളം വിവിധ കമ്പനികളിൽ ജോലി ചെയ്തിരുന്ന ബാലകൃഷ്ണൻ ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള അൽദോസരി യൂനിറ്റ് അംഗമായിരുന്നു.
പരേതനായ പൂമംഗലത്തുവീട്ടിലെ സുബ്രൻ ആണ് പിതാവ്. അമ്മ: കൃഷ്ണമ്മ ലക്ഷ്‌മി. ഭാര്യ: രാധ ബാലകൃഷ്ണൻ. മക്കൾ: ബിബിൻ കൃഷ്ണ, അമൽ കൃഷ്ണ. മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടികൾ പൂർത്തിയാക്കാൻ 'അബൂ ബുശൈത്ത്' കമ്പനി അധികൃതരും യാംബുവിലെയും റാബിഖിലേയും കെ.എം.സി സി, നവോദയ എന്നീ സംഘടനകളുടെ സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.