യാംബു: സുഡാനിലെ അർബുദ രോഗികൾക്കുള്ള മരുന്നുകൾക്കും വ്യക്തിഗത ശുചിത്വ കിറ്റുകൾക്കുമായി സൗദി എയ്ഡ് ഏജൻസിയായ കിങ് സൽമാൻ റിലീഫ് സെന്ററും (കെ.എസ് റിലീഫ്) കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റിയും ചേർന്ന് 10 ലക്ഷം ഡോളറിന്റെ കരാറിൽ ഒപ്പിട്ടു. കെ.എസ് റിലീഫ് സെൻററിന്റെ റിയാദിലെ ആസ്ഥാനത്താണ് കഴിഞ്ഞ ദിവസം ഇരു സംഘടനകളും സഹകരണ കരാറിൽ ഒപ്പുവെച്ചത്.
കെ.എസ് റിലീഫിലെ സാമ്പത്തിക ഭരണകാര്യങ്ങൾക്കായുള്ള അസി. ജനറൽ സൂപ്പർവൈസർ ഡോ. സലാഹ് ബിൻ ഫഹദ് അൽ മസ്റൂവും കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി സെക്രട്ടറി ജനറൽ മഹാ ബർജാസ് ഹമൂദ് അൽ ബർജാസുമാണ് കരാറിൽ ഒപ്പുവെച്ചത്.
ചടങ്ങിൽ കെ.എസ്. റിലീഫിന്റെ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽ റബീഅ പങ്കെടുത്തു.
സൗദി അറേബ്യയിൽനിന്ന് നേരിട്ട് സുഡാൻ പോർട്ടിലേക്കാണ് ശുചിത്വ കിറ്റുകൾ കയറ്റിയയക്കുക. സുഡാനിലെ മാനുഷിക പ്രതിസന്ധിയോടുള്ള പ്രാദേശിക അടിയന്തര പ്രതികരണത്തെ പിന്തുണക്കുന്നതിനായി ഇരു രാജ്യങ്ങളും ഇന്റർനാഷനൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിന് 45.8 ലക്ഷം ഡോളർ വീതം വേറെയും നൽകുന്നുണ്ട്. ആരോഗ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നിവക്ക് പിന്തുണ നൽകാനും സുഡാനിലെ ദുരിതബാധിതരുടെ അടിയന്തര മാനുഷിക ആവശ്യങ്ങൾ ലഘൂകരിക്കാനും ധനസഹായം ലക്ഷ്യമിടുന്നു. 175 പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി സഹകരിച്ച് 2015 മേയ് മാസത്തിൽ ആരംഭം കുറിച്ചതു മുതൽ 92 രാജ്യങ്ങളിലായി 6200 കോടി ഡോളറിലധികം മൂല്യമുള്ള 2,402 പ്രോജക്ടുകൾ കെ.എസ്. റിലീഫ് ഇതിനകം ഏറ്റെടുത്ത് നിർവഹിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷ, ആരോഗ്യം, ശുചീകരണം, പാർപ്പിടം, പോഷകാഹാരം, വിദ്യാഭ്യാസം, ടെലി കമ്യൂണിക്കേഷൻ എന്നിവ ഉൾപ്പെടുന്ന പദ്ധതികൾക്കാണ് ഇതുവരെ ധനസഹായം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.