യാംബു: യമൻ, സിറിയ, എൽസാൽവദോർ തുടങ്ങിയ രാജ്യങ്ങളിൽ പ്രകൃതി ദുരന്തങ്ങളിൽപെട്ട് ദുരിതമനുഭവിക്കുന്നവർക്ക് സൗദി ജീവകാരുണ്യ ഏജൻസിയായ കിങ് സൽമാൻ സെന്റർ ഫോർ ഹ്യൂമാനിറ്റേറിയൻ റിലീഫ് സെന്ററിന്റെ (കെ.എസ്. റിലീഫ്) ആഭിമുഖ്യത്തിൽ ഭക്ഷ്യസാധനങ്ങളുടെ വിതരണം തുടരുന്നു. പ്രയാസപ്പെടുന്ന ജനതക്ക് മനുഷ്യത്വപരമായ പ്രവർത്തനങ്ങൾ കെ.എസ്. റിലീഫ് തുടരുന്നതായി സൗദി പ്രസ് ഏജൻസി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു.
വിവിധ ഭക്ഷണവസ്തുക്കൾ അടങ്ങിയ പെട്ടിയും ഈത്തപ്പഴ കൊട്ടയുമാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. യമനിലെ ഹുദൈദ ഗവർണറേറ്റിൽ 3,000 പെട്ടി ഈത്തപ്പഴമാണ് എത്തിച്ചത്. എൽസാൽവദോറിൽ യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ഭക്ഷണപദ്ധതിക്കായി നൂറു ടൺ ഈത്തപ്പഴത്തിന്റെ വിതരണവും പൂർത്തിയാക്കിയിരുന്നു.
സിറിയയിലെ അലപ്പോ പ്രവിശ്യയിലെ അസാസ് നഗരത്തിൽ ഈ വർഷാദ്യത്തിൽ ഉണ്ടായ ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ച് ദുരിതത്തിലായ 796 കുടുംബങ്ങൾക്ക് കെ.എസ്. റിലീഫിന്റെ ആഭിമുഖ്യത്തിൽ ഭക്ഷണക്കൊട്ടകളും ആരോഗ്യസംരക്ഷണ വസ്തുക്കളടങ്ങിയ കിറ്റുകളും വിതരണം ചെയ്തു.
ദുരിതമനുഭവിക്കുന്ന വിവിധ രാജ്യങ്ങളിലെ ആളുകളോട് ഐക്യദാർഢ്യം കാണിച്ചും സാഹോദര്യം പ്രകടിപ്പിച്ചും സഹായഹസ്തം നീട്ടിയും കെ.എസ് റിലീഫ് സെന്റർ വഴി സൗദി ചെയ്യുന്ന ഭക്ഷണ വിതരണ പദ്ധതിയടക്കമുള്ള ജീവകാരുണ്യ സഹായപദ്ധതികൾ ഇതിനകം ആഗോള തലത്തിൽ തന്നെ ഏറെ ശ്രദ്ധേയമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.