ദമ്മാം: ജോലി ചെയ്തിരുന്ന കമ്പനിയുമായി നിലനിന്ന തൊഴിൽത്തർക്കം നിയമപരമായി പരിഹരിച്ച നാല് ഇന്ത്യൻ വനിതകൾ നാട്ടിലേക്ക് മടങ്ങി. നവയുഗം സാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിെൻറ ഇടപെടലിലൂടെയാണ് തമിഴ്നാട് കുഞ്ഞരം വില്ലേജ് സ്വദേശിനി ആർ. തേൻമൊഴി, മലയാളികളായ ടി.എസ്. നിഷ, എം. സുമ, കെ. കുഞ്ഞിമാളു എന്നിവർ മോചിതരായത്. നിഷ എറണാകുളം പെരുമ്പാവൂർ സ്വദേശിനിയും സുമ കോഴിക്കോട് തിക്കോടി സ്വദേശിനിയും കുഞ്ഞിമാളു ആലപ്പുഴ കളിയംകുളം സ്വദേശിനിയുമാണ്.
നാലുപേരും ദമ്മാമിലെ ക്ലീനിങ് മാൻപവർ സപ്ലൈ കമ്പനിയിൽ തൊഴിലാളികളായിരുന്നു. ലോക്ഡൗണിൽ കമ്പനിയിൽ തൊഴിലില്ലാത്ത അവസ്ഥയായപ്പോൾ, ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. എന്നാൽ, കമ്പനി ഇവർക്ക് എക്സിറ്റ് വിസയോ മറ്റു ആനുകൂല്യങ്ങളോ വിമാന ടിക്കറ്റോ നൽകാൻ തയാറായില്ല. നാലുപേരും നവയുഗം കേന്ദ്ര കമ്മിറ്റി അംഗവും വനിത വേദി പ്രസിഡൻറുമായ അനീഷ കലാമിനെ ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചു. തുടർന്ന് നവയുഗം ജീവകാരുണ്യ വിഭാഗം ഇവരുടെ കേസ് ഏറ്റെടുക്കുകയും കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറും ജീവകാരുണ്യ പ്രവർത്തകയുമായ മഞ്ജു മണിക്കുട്ടന് മുഖ്യചുമതല ഏൽപിക്കുകയും ചെയ്തു.
മഞ്ജുവും ജീവകാരുണ്യ പ്രവർത്തകരും കമ്പനി അധികാരികളെ നേരിട്ട് കണ്ടു ചർച്ചകൾ നടത്തി. ആദ്യമൊക്കെ സഹകരിക്കാൻ തയാറായില്ലെങ്കിലും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഇന്ത്യൻ എംബസിയിൽ റിപ്പോർട്ട് ചെയ്ത് നിയമപരമായ നടപടികളിലേക്ക് നീങ്ങി കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന ശക്തമായ നിലപാടെടുത്തതോടെ, കമ്പനി അധികൃതർ ഒത്തുതീർപ്പിന് തയാറായി. അങ്ങനെ നാലു പേരുടെയും സർവിസ് ആനുകൂല്യങ്ങളും ഫൈനൽ എക്സിറ്റും വിമാന ടിക്കറ്റും കമ്പനി അധികൃതർ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.