ജിദ്ദ: മക്ക മേഖലയിലെ ത്വാഇഫ്, മിസാൻ, മവിയ എന്നിവിടങ്ങളിൽ ഒമ്പത് ശതകോടിയിലധികം റിയാലിന്റെ വികസന പദ്ധതികൾ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ഉദ്ഘാടനം ചെയ്തു. മേഖലയിലെ വിവിധ ഗവർണറേറ്റുകളിലെ സന്ദർശനത്തിനിടയിലാണ് പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഗവർണർ നിർവഹിച്ചത്. പ്രദേശത്തെ ജനങ്ങളുടെയും സർക്കാൻ വകുപ്പ് മേധാവികളുടെയും സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ വിവിധ പദ്ധതികൾ ഗവർണർ അവലോകനം നടത്തി.
കാലതാമസം നേരിടുന്ന പദ്ധതികളുടെ പ്രവർത്തനങ്ങളുടെ വേഗം വർധിപ്പിക്കാനുള്ള മാർഗങ്ങളും സംവിധാനങ്ങളും ചർച്ച ചെയ്തു. മുനിസിപ്പാലിറ്റിയുടെ 17ഉം ആരോഗ്യ വകുപ്പിന്റെ 14ഉം ദേശീയ വാട്ടർ കമ്പനിയുടെ 13ഉം ത്വാഇഫ് യൂനിവേഴ്സിറ്റിയുടെ അഞ്ചും വിദ്യാഭ്യാസ വകുപ്പിലെ മൂന്നും ഗതാഗത-ലോജിസ്റ്റിക് മന്ത്രാലയത്തിന്റെ രണ്ടും വൈദ്യുതി വകുപ്പിന്റെ 10ഉം, ത്വാഇഫ് വിമാനത്താവളത്തിന്റെ നാലും മതകാര്യ വകുപ്പിന്റെ അഞ്ചും ഭവനവകുപ്പിന്റെ ഒന്നും പദ്ധതികൾ ഉദ്ഘാടനം ചെയ്തതിലുൾപ്പെടും.
ഒരാഴ്ച മുമ്പാണ് മക്ക മേഖലയുടെ വിവിധ ഗവർണറേറ്റുകളിലെ സന്ദർശനം ഗവർണർ ആരംഭിച്ചത്. തുർബ, ഖുർമ, റനിയ എന്നീ മേഖലകളിലെ സന്ദർശനത്തോടെ തിങ്കളാഴ്ച സന്ദർശനം പൂർത്തിയായി. സന്ദർശനത്തിനിടെ മറ്റു മേഖലകളിലും കോടികളുടെ വികസനപദ്ധതികൾക്കാണ് തുടക്കമിട്ടത്. നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.