റിയാദ്: കഴിഞ്ഞവർഷം 10 കോടി വിനോദസഞ്ചാരികൾ എന്ന ലക്ഷ്യം രാജ്യത്തെ ടൂറിസം മേഖല കൈവരിച്ചതായി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. പൊതുനിക്ഷേപ നിധിയുടെയും സ്വകാര്യമേഖല ഫോറത്തിന്റെയും രണ്ടാം പതിപ്പിൽ ‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സ്വകാര്യമേഖലയുടെ പ്രാധാന്യം’ എന്ന ശീർഷകത്തിൽ നടന്ന മന്ത്രിതല സെഷനിലാണ് ടൂറിസം മന്ത്രി ഇക്കാര്യം പറഞ്ഞത്.
2023ൽ രാജ്യത്തിനകത്തുനിന്ന് 7.7 കോടിയും വിദേശത്തുനിന്ന് 2.7 കോടിയും ടൂറിസ്റ്റുകളെത്തുകയും അവർ 1000 കോടി റിയാൽ ചെലവഴിക്കുകയും ചെയ്തു. കിരീടാവകാശി പ്രഖ്യാപിച്ച പുതിയ സംരംഭം 2030 ൽ 15 കോടി വിനോദസഞ്ചാരികൾ എത്തിച്ചേരുക എന്നതാണ്. ടൂറിസം പരിശീലന പരിപാടികൾക്ക് ധനസഹായം നൽകാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വിശദീകരിച്ചു.
ടൂറിസം മേഖലയിൽ പ്രതിവർഷം ഒരു ലക്ഷത്തിലധികം യുവാക്കൾക്കും യുവതികൾക്കും പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇവരിൽ 15,000 പേർ വിനോദസഞ്ചാര മേഖലയിലേക്ക് പ്രവേശിക്കാൻ ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ ഇതിനകം പരിശീലനം നേടിയെന്നും മന്ത്രി പറഞ്ഞു.
35 ശതകോടി റിയാൽ വരെ വിലമതിക്കുന്ന 50 ലധികം പദ്ധതികൾക്ക് ധനസഹായം നൽകാൻ ടൂറിസം വികസന ഫണ്ട് സ്ഥാപിച്ചു. ഇത് ടൂറിസം മേഖലയിലെ നിക്ഷേപത്തെ ലോകത്തിലെ ഏറ്റവും ആകർഷകവും എളുപ്പവുമായ രാജ്യങ്ങളിലൊന്നാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.