ജിദ്ദ: ജിദ്ദ ഇസ്ലാമിക് തുറമുഖത്ത് ഏറ്റവും വലിയ ലോജിസ്റ്റിക് കേന്ദ്രത്തിന് തറക്കല്ലിട്ടു. ‘മെയർസ്ക്’ കമ്പനിയുടെ ലോജിസ്റ്റിക് ഏരിയയുടെ നിർമാണമാണ് തുടങ്ങിയത്. 130 കോടി റിയാൽ മുടക്കിയാണ് നിർമാണം. 2,500ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും തുറമുഖ ജനറൽ അതോറിറ്റി ‘മവാനി’യും ‘മെയർസ്ക്’ കമ്പനിയും വ്യക്തമാക്കി. സമുദ്ര ഗതാഗത, ലോജിസ്റ്റിക് മേഖലകളിൽനിന്നുള്ള ഒരുകൂട്ടം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് തറക്കല്ലിടൽ നടന്നത്.
സ്വകാര്യ മേഖലക്ക് ലോജിസ്റ്റിക് മേഖലകളിൽ നിക്ഷേപ അവസരങ്ങൾ ഒരുക്കാൻ ‘മവാനി’ ആരംഭിച്ച സംരംഭങ്ങളുടെ ചട്ടക്കൂടിലാണിത്. 2,25,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ലോജിസ്റ്റിക് ഏരിയ ഒരുങ്ങുന്നത്. രണ്ടു ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരും. അടുത്ത വർഷം ആദ്യ പാദത്തിൽ പണികൾ പൂർത്തിയാകും. പൊതുവായ വിവിധ ചരക്കുകളുടെ കയറ്റുമതിക്കും ഇറക്കുമതിക്കും സഹായിക്കുന്ന സംഭരണ-വിതരണ മേഖലകൾ, ശീതീകരിച്ച ഭക്ഷ്യ ഉൽപന്നങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന വെയർഹൗസുകൾ, ട്രാൻസ്ഷിപ്മെൻറ് ഏരിയ, എയർ കാർഗോ ചരക്ക് കൈകാര്യം ചെയ്യാനുള്ള സൗകര്യം, ചരക്ക് കൈമാറ്റത്തിനുള്ള സംവിധാനം എന്നിവയാണ് ഈ ലോജിസ്റ്റിക് ഏരിയയിലുണ്ടാവുക. ഉന്നത നിലവാരത്തിലുള്ള രൂപകൽപനയിലാണ് നിർമാണം. മുൻനിര മെക്കാനിക്കൽ സൊലൂഷൻ സംവിധാനവും ഇ-കോമേഴ്സ് കേന്ദ്രവും ഒപ്പമുണ്ടാവും. സൗരോർജം ഉപയോഗിച്ചാണ് പ്രവർത്തനം.
2040ഓടെ കാർബൺ പുറന്തള്ളലിന്റെ അളവ് പൂജ്യമാക്കാൻ കഴിയുംവിധം ലോജിസ്റ്റിക്സ് പ്രവൃത്തിയെ ഡീകാർബണൈസ് ചെയ്യുന്നതിനുള്ള നൂതന സാങ്കേതിക വിദ്യയാണ് ഇവിടെ ഒരുക്കുക. 65,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ലോജിസ്റ്റിക്സ് ഹാളുകളുടെ മേൽക്കൂരയിൽ സോളാർ പാനലുകൾ സംവിധാനിക്കും. ഇതിലൂടെ ഉൽപാദിപ്പിക്കുന്ന സൗരോർജമാണ് ലോജിസ്റ്റിക് കേന്ദ്രത്തിന്റെ മുഴുവൻ പ്രവർത്തനത്തിനുമായി ഉപയോഗിക്കുക. മലിനീകരണം ഫലപ്രദമായി കുറക്കുക എന്ന ലക്ഷ്യത്തോടെ ഗതാഗതത്തിനായി ഇലക്ട്രിക് ട്രക്കുകളും കാറുകളും മാത്രമാണ് ഉപയോഗിക്കുക.
വിപുലമായ വെയർഹൗസ് മാനേജ്മെൻറ് സിസ്റ്റം അനുസരിച്ചാണ് മേഖല പ്രവർത്തിക്കുക. ഇൻവെന്ററി കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ആധുനിക സാങ്കേതികവിദ്യകളും ഡിജിറ്റൽ സംവിധാനവും പ്രയോഗിക്കും. യൂനിറ്റ് തലത്തിൽ ട്രാക്കിങ് സംവിധാനമുണ്ടാകും. സ്ത്രീകൾക്ക് പരിശീലന പരിപാടികൾ ഒരുക്കുന്ന വനിത അക്കാദമിയും പദ്ധതിക്ക് കീഴിലുണ്ടെന്നും പോർട്ട് അതോറിറ്റി, മെയർസ്ക് കമ്പനി വൃത്തങ്ങൾ പറഞ്ഞു. പദ്ധതി സംബന്ധിച്ച കരാർ 2021 അവസാനമാണ് ഇരുകൂട്ടരും ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.