പ്രചാരണോദ്ഘാടനം ചെയ്തു
റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ഖുർആൻ പഠന പദ്ധതിയായ 'ലേൺ ദ ഖുർആൻ-2022' അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷയുടെ പ്രചാരണ ഉദ്ഘാടനം ഇസ്ലാം ഹൗസ് അസി. ഡയറക്ടർ ഡോ. ഫവാസ് സഅദ് അൽഹുനൈൻ, നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ എന്നിവർ ചേർന്ന് നിർവഹിച്ചു. ഖുർആൻ എല്ലാ കാലത്തേക്കുമുള്ള വേദഗ്രന്ഥമാണെന്നും പഠിക്കുംതോറും അത്ഭുതമാണെന്നും പഠനം മനുഷ്യനെ ഉത്തമ മനുഷ്യനാക്കുമെന്നും ഡോ. ഫവാസ് സഅദ് അൽഹുനൈൻ പറഞ്ഞു.
തുടർന്ന് 'ആത്മീയത, നാസ്തികത, ലിബറലിസം' എന്ന വിഷയത്തിൽ നടന്ന തുറന്ന സംവാദത്തിന് എം.എം. അക്ബർ നേതൃത്വം നൽകി. ആത്മീയത ജീവിതനിഷേധമല്ല, ദൈവത്തിന്റെ നിയമപ്രകാരം ജീവിതത്തെ ആസ്വദിക്കലാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാചകൻ കാണിച്ചുതന്ന മാതൃക അതാണെന്നും നവ ലിബറൽ, നാസ്തിക കാലഘട്ടത്തിൽ പുതിയ വിഷയങ്ങളെ സംവാദാത്മകമായി നേരിടാൻ നിരന്തരമായ പഠനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖുർആൻ പരീക്ഷകളിൽ എല്ലാ മലയാളികളും പങ്കാളികളാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സദസ്സിന്റെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
നവംബർ 11ന് സൗദി സമയം വൈകീട്ട് നാലിന് (ഇന്ത്യൻ സമയം വൈകീട്ട് 6.30) ലേൺ ദ ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷ നടക്കും. രണ്ട് മണിക്കൂറായിരിക്കും പരീക്ഷസമയം. ലോകത്താകമാനമുള്ള മലയാളികൾക്കും പങ്കെടുക്കാവുന്ന തരത്തിൽ പരീക്ഷ ലിങ്ക് അഞ്ചുമണിക്കൂർ സമയം പരീക്ഷാർഥികൾക്ക് ലഭ്യമാക്കും. സൂറത്തുൽ ജാസിയ മുതൽ ഖാഫ് വരെയാണ് പാഠഭാഗം.
ഒന്നാം സമ്മാന വിജയിക്ക് ഒരു ലക്ഷം രൂപയും ആദ്യ 10 സ്ഥാനക്കാർക്ക് മറ്റ് കാഷ് അവാർഡുകളും നൽകും. ഹ്യൂമൻ റിസോഴ്സസ് മന്ത്രാലയത്തിന് കീഴിൽ റിയാദിലെ എക്സിറ്റ് 14ലുള്ള റബുഅ ഇസ്ലാം ഹൗസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ദുൽ ഖയ്യും ബുസ്താനി അധ്യക്ഷത വഹിച്ചു. ട്രഷറർ മുഹമ്മദ് സുൽഫിക്കർ സ്വാഗതവും ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി നന്ദിയും പറഞ്ഞു.
ദഅവ അസോസിയേഷൻ റബുഅ പ്രബോധകൻ മിഥ്ലാജ് സ്വലാഹി ആമുഖഭാഷണം നടത്തി. കെ.എൻ.എം സംസ്ഥാന കമ്മിറ്റി അംഗം സലിം ചാലിയം, ജാമിയ-നദ്വിയ ട്രസ്റ്റ് ബോർഡ് മുൻ ചെയർമാൻ പ്രഫ. അബ്ദുൽ അസീസ് എടവണ്ണ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. യു.പി. മുസ്തഫ, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, നൗഷാദ് അലി കോഴിക്കോട്, ബഷീർ പാലക്കാട്, സിറാജ് പരപ്പനങ്ങാടി, മുഹമ്മദ് കുട്ടി കടന്നമണ്ണ, സാജിദ് കൊച്ചി, ഫൈസൽ ബുഹാരി, അബ്ദുൽ റഷീദ് വടക്കൻ, ഉസാമ മുഹമ്മദ്, ഉമർഖാൻ തിരുവനന്തപുരം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.