മദീന: ലോക്സഭ തെരഞ്ഞെടുപ്പിൽ പതിനെട്ടോ പത്തൊമ്പതോ സീറ്റുകളിൽ ജയിക്കാനുള്ള അനുകൂല രാഷ്ട്രീയ സാഹചര്യമാണ് നിലവിൽ ഇടതുപക്ഷത്തിന് കേരളത്തിലുള്ളതെന്ന് പി.വി. അൻവർ എം.എൽ.എ. ഇനി തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും രാഷ്ട്രീയ സാഹചര്യം മാറുമോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹ്രസ്വ സന്ദർശനത്തിനെത്തിയ അദ്ദേഹം മദീനയിൽവെച്ച് ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. കേരളത്തെ സംബന്ധിച്ച വ്യക്തമായൊരു ധാരണ ഇടതുപക്ഷത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന യഥാർഥ ഇന്ത്യ നിലനിൽക്കണമെങ്കിൽ ഫാഷിസത്തിനെതിരെ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ശക്തമായ നിലപാടെടുക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നാം നേരത്തേ കണക്കുകൂട്ടിയതിൽനിന്ന് ഭിന്നമായി ദേശീയതലത്തിൽ തന്നെ വലിയ മാറ്റം വന്ന സാഹചര്യമാണ് നിലവിലുള്ളത്. ബി.ജെ.പി ഉദ്ദേശിക്കുന്ന ‘ലെവലി’ൽനിന്ന് കൂടി വളരെ താഴെ പോകുന്ന അവസ്ഥയാണ് സമകാലീന രാഷ്ട്രീയത്തിലുള്ളത്.
കെ-റെയില്‍ അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഇതരസംസ്ഥാന കോര്‍പറേറ്റ് ഭീമന്മാരില്നിന്ന് 150 കോടി കൈപ്പറ്റിയെന്ന ഗുരുതരമായ ആരോപണത്തിൽ താനിപ്പോഴും ഉറച്ചുനിൽക്കുകയാണെന്നും തനിക്ക് ആകെ ഒരേയൊരു നിലപാടാണുള്ളതെന്നും ആ കേസ് ഇപ്പോൾ വിജിലൻസ് കോടതിയിലാണെന്നും അൻവർ എം.എൽ.എ പറഞ്ഞു. എൻക്വയറി നടത്തി കോടതി തുടർനടപടി സ്വീകരിക്കട്ടെ.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള മുഖ്യമന്ത്രി ശക്തമായ നിലപാട് സ്വീകരിക്കുകയും അതേസമയം അതിനെതിരെ പ്രതിഷേധിക്കുന്നവരെ പൊലീസ് വേട്ടയാടുകയും സമരകാലത്ത് എടുത്ത മുഴുവൻ കേസുകളും പിൻവലിക്കാതിരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പല്ലേ എന്ന ചോദ്യത്തിന്, തുടക്കം മുതലേ സി.എ.എ പാടില്ലെന്ന് പറഞ്ഞത് ഇടതുപക്ഷമാണെന്ന് പി.വി. അൻവർ എം.എൽ.എ പ്രതികരിച്ചു. മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ സി.എ.എക്കെതിരെ രംഗത്തുവന്നത് പിന്നീടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടുവർഷം മുമ്പ് സി.എ.എയുമായി ബന്ധപ്പെട്ട നീക്കം ആരംഭിച്ചത് മുതൽ മുഖ്യമന്ത്രി ഇത് നടപ്പാക്കില്ലെന്ന് നിയമസഭയിൽ പ്രഖ്യാപിച്ചതാണ്. ഈ നിയമത്തിനെതിരെ പ്രതിഷേധമുയർന്ന വേളയിൽ അതിന്റെ പേരിൽ നാട്ടിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തി അക്രമങ്ങളിലൂടെ സമാധാന അന്തരീക്ഷം നഷ്ടപ്പെടുത്തിയവർക്കെതിരെയാണ് കേസെടുത്തത്. ഈ കേസുകളിൽ ശരിയായ അന്വേഷണം നടക്കുന്നുണ്ട്. പരിശോധിച്ച് ഒഴിവാക്കേണ്ട കേസുകൾ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കും.
രാഷ്ട്രീയായുധമാക്കി നാട്ടിലെ ലോ ആൻഡ് ഓർഡർ തകർക്കാൻ ശ്രമിച്ചാൽ ഇനിയും കേസെടുക്കും. അതിലൊന്നും ഒരു ‘താപ്പും’ ഇടതുപക്ഷത്തിനില്ല. ഞങ്ങളുടെ നിലപാട് ബി.ജെ.പിയും ആർ.എസ്.എസും കൊണ്ടുവരുന്ന പൗരത്വ ഭേദഗതി നിയമത്തിനൊപ്പം നിൽക്കാൻ കഴിയില്ലെന്നതാണ്. പ്രതിഷേധ പരിപാടികൾക്ക് മറവിൽ വേറെ ‘കുത്തിത്തിരിപ്പ്’ ഉണ്ടാക്കുമ്പോൾ അതിന് നിന്നുതരാൻ സി.പി.എമ്മും മുഖ്യമന്ത്രിയും ഒരുക്കമല്ല. ഇടതുപക്ഷത്തിന്റെ നിലപാട് വളരെ കൃത്യമാണ്. ഞങ്ങൾക്ക് പറയാനുള്ളത് ലോക്സഭയിലും കോടതിയിലും പറഞ്ഞിട്ടുണ്ട്.
മലബാറിലാകെയും പ്രത്യേകിച്ച് മലപ്പുറത്തും രാഷ്ട്രീയ സ്ഥിതിഗതികൾ ആകെ മാറിയിട്ടുണ്ട്. അതിപ്പോൾ പലർക്കും ബോധ്യപ്പെടാൻ കുറച്ച് ബുദ്ധിമുട്ടാണ്. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അത് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഭിന്ന മതവിഭാഗങ്ങളും ഭിന്ന ആശയക്കാരും ഒരുമിച്ച് നിലനിൽക്കുന്ന യഥാർഥ ഇന്ത്യ നിലനിൽക്കണമെന്നാണ് ഓരോ പൗരന്റെയും ആഗ്രഹം. അതിന് ആർ.എസ്.എസ്, ബി.ജെ.പി നേതൃത്വം കൊടുക്കുന്ന ഫാഷിസ ഭരണം ഇല്ലാതാകണം. ഇൻഡ്യ മുന്നണിയിലെ കോൺഗ്രസിന് വ്യക്തമായ ഒരു നിലപാടെടുക്കാൻ ത്രാണിയില്ല. ഫാഷിസത്തിനെതിരെ സത്യസന്ധമായ നിലപാടെടുക്കുന്നത് ഇടതുപക്ഷമാണ്. അതിനാൽ രാജ്യത്ത് ഇനിയും തെരഞ്ഞെടുപ്പുകൾ ഉണ്ടാവണമെന്ന് ആഗ്രഹമുള്ളവർ ഫാഷിസത്തിനെതിരായ വോട്ടുകൾ ഇടതുപക്ഷത്തിന് നൽകണമെന്നും പ്രവാസികളും നാട്ടിലെ അവരുടെ കുടുംബങ്ങളും അക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള കക്കാടം പൊയിലിലെ കുട്ടികളുടെ പാർക്കിന് ലൈസൻസ് ലഭിക്കാൻ പഞ്ചായത്തിൽ ലൈസൻസ് ഫീ ഇനത്തിൽ ഏഴുലക്ഷവും റവന്യൂ റിക്കവറി കുടിശ്ശികയായ രണ്ടരലക്ഷം രൂപ വില്ലേജിലും അടക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് അത് രാഷ്ട്രീയ വിഷയമല്ലെന്നും ‘പൊളിറ്റിക്സ്’ മാത്രം ചോദിച്ചാൽ മതിയെന്നും പ്രതികരിച്ച് അദ്ദേഹം ഒഴിഞ്ഞുമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.