ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് ഒരു വർഷത്തേക്ക് കൂടി നീട്ടി

ജിദ്ദ: വിദേശതൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റ് ഫീസായ ‘ലെവി’ അടക്കുന്നതിന് ചെറുകിട സ്ഥാപനങ്ങൾക്കുള്ള ഇളവ് ഒരു വർഷത്തേക്ക് കൂടി നീട്ടി. ചൊവ്വാഴ്ച റിയാദിലെ അർഖ കൊട്ടാരത്തിൽ സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

ഉടമസ്ഥൻ ഉൾപ്പെടെ ആകെ ഒമ്പതോ അതിൽ കുറവോ തൊഴിലാളികളുള്ള ചെറുകിട സ്ഥാപനങ്ങൾക്കാണ് ലെവി അടക്കുന്നതിൽനിന്ന് മൂന്ന് വർഷത്തേക്ക് ഇളവ് നൽകിയിരുന്നത്. 2020 ഏപ്രിൽ ഏഴിനായിരുന്നു ഇത് സംബന്ധിച്ച ആദ്യ തീരുമാനം വന്നത്. അന്ന് മന്ത്രിസഭയെടുത്ത 515-ാം നമ്പർ തീരുമാനത്തിലെ രണ്ടും മൂന്നും ക്ലോസുകളാണ് കാലാവധി അവസാനിക്കാൻ കുറഞ്ഞ ദിവസം മാത്രം ശേഷിക്കെ, ഇപ്പോൾ സൗദി മന്ത്രിസഭാ ഒരു വർഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. ഇതോടെ മൂന്ന് വർഷം പൂർത്തിയായ സ്ഥാപനങ്ങൾക്ക് ലെവി അടക്കുന്നതിൽനിന്ന് വർഷത്തേക്ക് കൂടി ഇളവ് ലഭിക്കും.

ഉടമസ്ഥൻ ഉൾപ്പെടെ ആകെ ഒമ്പതോ അതിൽ കുറവോ തൊഴിലാളികളുള്ള രാജ്യത്തെ ചെറുകിട സ്ഥാപനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ലെവി അടക്കുന്നതിൽനിന്ന് ഒരു വർഷത്തേക്ക് കൂടി ഇളവ് നൽകി കൊണ്ടുള്ള മന്ത്രിസഭ തീരുമാനം. പ്രതിമാസം 800 റിയാൽ (വർഷത്തിൽ 9600 റിയാൽ) വരുന്ന വർക്ക് പെർമിറ്റ് ഫീസിൽ നിന്ന് വിദേശികളായ തൊഴിലാളികളെ ഒഴിവാക്കുന്നതാണ് തീരുമാനം. ഇത് 100 റിയാലായി കുറക്കും. നിരവധി ചെറുകിട സ്ഥാപനങ്ങൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

Tags:    
News Summary - Levy exemption for small firms extended for one more year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.