റിയാദ്: കുടിവെള്ള വിതരണക്കമ്പനിയിലെത്തി സൗദി അറേബ്യയിൽ ദുരിതത്തിലായ മലയാളി യുവാക്കൾ സാമൂഹിക പ്രവർത്തകരുടെ തുണയിൽ നാടണഞ്ഞു. വൻതുക ചെലവഴിച്ച് ട്രാവൽ ഏജൻസി വഴി വിസ തരപ്പെടുത്തി സൗദി മധ്യ പ്രവിശ്യയിലെ വാദി ദവാസിറിൽ എത്തിയ തിരുവനന്തപുരം കാട്ടാക്കട സ്വദേശി അരുൺ രാജും കൊല്ലം കൊട്ടാരക്കര സ്വദേശി അനീഷും ഒന്നര വർഷം നീണ്ട പീഡനപർവത്തിൽനിന്ന് രക്ഷപ്പെട്ടാണ് നാട്ടിലേക്ക് മടങ്ങിയത്. ഇന്ത്യൻ സോഷ്യൽ ഫോറം വളൻറിയർമാരാണ് ഇതിന് ഇവരെ സഹായിച്ചത്. മൂന്നര വർഷം മുമ്പാണ് വാദി ദവാസിറിലെ സ്വകാര്യ കുടിവെള്ള കമ്പനിയിലേക്ക് എത്തിയത്. ആദ്യ രണ്ടു വർഷക്കാലത്തോളം ജോലിയും ശമ്പളവും ലഭിച്ചിരുന്നതായി അരുൺരാജും അനീഷും പറഞ്ഞു.
എന്നാൽ, തുടർന്ന് ഒന്നര വർഷത്തോളം ജോലിയും ശമ്പളവുമില്ലാതെ താമസസ്ഥലത്ത് കഴിച്ചുകൂേട്ടണ്ടിവന്നു. മാത്രമല്ല, മൂന്നു വർഷമായിട്ടും ഇരുവർക്കും ഇഖാമയോ മറ്റു രേഖകളോ കമ്പനി എടുത്തുനൽകിയിരുന്നില്ല. കമ്പനി ഉടമയിൽനിന്ന് ഒരു സഹായവും കിട്ടാത്തതിനെ തുടർന്ന് ജീവിതച്ചെലവിനു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടതായിവന്നു. ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെയും മറ്റു സുമനസ്സുകളുടെയും സഹായത്തിലാണ് ഒന്നര വർഷത്തോളം ഇരുവരും കഴിഞ്ഞുപോന്നത്. അതിനിടെ അനീഷിെൻറ സഹോദരി അസുഖം ബാധിച്ചു കിടപ്പായതോടെ അവരെ ശുശ്രൂഷിക്കാൻ മറ്റാരുമില്ലാത്തതിനാൽ നാട്ടിലെത്താൻ സഹായിക്കണമെന്ന് കമ്പനി അധികൃതരോട് അപേക്ഷിച്ചെങ്കിലും വിഫലമാവുകയായിരുന്നു.
ദുരിതക്കയത്തിലായ അരുൺ രാജിെൻറയും അനീഷിെൻറയും പ്രശ്നത്തിൽ ഫോറം വാദി ദവാസിർ ഘടകം ഇടപെട്ട് നിയമപരമായി പ്രശ്നം കൈകാര്യം ചെയ്യാൻ തയാറായപ്പോൾ ഇരുവർക്കുമെതിരെ കള്ളക്കേസ് കൊടുത്ത് ദ്രോഹിക്കുകയായിരുന്നു കമ്പനി. ഇഖാമ എടുത്തുനല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും സ്പോൺസര്‍ തയാറാകാതെ വന്നപ്പോള്‍ കോടതി ഇടപെട്ട് സ്പോൺസറുടെ എല്ലാ ഗവൺമെൻറ് സർവിസുകളും നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് സ്പോൺസറുടെ മകനുമായി സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ ഇന്‍ ചാര്‍ജ് ലത്തീഫ് മാനന്തേരി സംസാരിക്കുകയും പ്രശ്നം ഒത്തുതീര്‍പ്പാക്കുകയും ഇരുവർക്കും വിസ കാൻസൽ ചെയ്ത് സ്വദേശത്തേക്കു തിരിച്ചുപോകാനുള്ള രേഖകൾ ശരിയാക്കി നല്‍കുകയുമായിരുന്നു. അതോടൊപ്പം നാലു മാസത്തെ ശമ്പള കുടിശ്ശികയും വിമാന ടിക്കറ്റും നൽകാൻ കമ്പനി തയാറാവുകയും ചെയ്തു. ദുരിതക്കയത്തിൽനിന്ന് മോചിതരായി കഴിഞ്ഞദിവസമാണ് റിയാദ് വിമാനത്താവളത്തില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ യുവാക്കൾ യാത്രയായത്. ഫോറം ബ്ലോക്ക് ജോയൻറ് സെക്രട്ടറി അബ്ദുല്‍ ലത്തീഫ് കരുനാഗപ്പള്ളിയും അവരോടൊപ്പം യാത്രയില്‍ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.