യാംബു: സൗദി അറേബ്യയിൽ വെട്ടുകിളികളുടെ വരവായി. ഏപ്രിൽ പകുതി വരെ മക്ക, മദീന പ്രദേശങ്ങളിൽ വ്യാപകമായി വെട്ടുകിളി ശല്യമുണ്ടാകുമെന്നും കീടനാശിനി രാസവസ്തുക്കളുടെ അംശങ്ങൾ പതിച്ച കിളികളെ ഭക്ഷണത്തിനായി ശേഖരിക്കരുതെന്നും നാഷനൽ സെൻറർ ഫോർ ദി പ്രിവൻഷൻ ഓഫ് പ്ലാൻറ് പെസ്റ്റ്സ് ആൻഡ് അനിമൽ ഡിസീസസ് അധികൃതർ മുന്നറിയിപ്പ് നൽകി.
അറബികളുടെ പഴയ ജീവിതത്തിൽ കാലാവസ്ഥാപ്രവചനം സൂചിപ്പിച്ചിരുന്നത് ഈ കിളികളുടെ വരവായിരുന്നത്രേ. ‘ജറാദ്’ എന്ന് അറബിയിൽ അറിയപ്പെടുന്ന വെട്ടുകിളികളുടെ സാന്നിധ്യം കണ്ടു തുടങ്ങുമ്പോഴേക്കും കാലാവസ്ഥാ മാറ്റം പ്രവചിക്കുന്ന പഴമക്കാരുണ്ട്. മഴക്കാലത്താണ് ഈ കൊച്ചു പറവകളുടെ പ്രജനനം കൂടുതൽ നടക്കുന്നത്. കാറ്റിെൻറ ഗതിക്കനുസരിച്ചാണ് ഒരു ദിക്കിൽ നിന്ന് വെട്ടുകിളിക്കൂട്ടങ്ങളുടെ പ്രയാണം തുടങ്ങുന്നത്. മരുഭൂമിയിൽ പഴയ കാലം മുതൽ ആർക്കും ശല്യമില്ലാതെ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന വെട്ടുകിളികൾ ആഗോള താപനമുൾപ്പെടെയുള്ള പ്രകൃതി സാഹചര്യങ്ങൾ കൊണ്ടാണ് ഇപ്പോൾ നാശകാരികളായി മാറിയത് എന്ന് ചില പഠനങ്ങൾ തെളിയിക്കുന്നു.
കാർഷിക വിളകൾ നശിപ്പിക്കുന്ന വെട്ടുകിളികളെ നിയന്ത്രിക്കാൻ മരു പ്രദേശങ്ങളിൽ ഉൾപ്പെടെ ശക്തമായ കീടനാശിനികൾ ഉപയോഗിക്കുന്നതിനെ തുടർന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. മക്കയിലെയും മദീനയിലെയും ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡെസേർട്ട് വെട്ടുകിളി നിയന്ത്രണ വിഭാഗവും പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെട്ടുകിളികളുടെ ശരീരത്തിൽ കീടനാശിനികളുടെ അവശിഷ്ടങ്ങൾ ഉണ്ടാകുമെന്ന കണ്ടെത്തലിെൻറ അടിസ്ഥാനത്തിലാണ് അവ ശേഖരിച്ച് പാചകം ചെയ്യുന്നതിനും കഴിക്കുന്നതിനും ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ്.
കീടനാശിനികൾക്കെതിരെ ജാഗ്രത പാലിക്കുകയും നിയന്ത്രണ സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യണമെന്ന് അധികൃതർ രാജ്യത്തെ എല്ലാ പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു. ശൈത്യകാലങ്ങളിൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ വെട്ടുകിളികൾ ഗൾഫ് മേഖലകളിൽ എത്തുക സാധാരണയാണ്. രാജ്യത്ത് വെട്ടുകിളികളെ നിയന്ത്രിക്കാൻ വേണ്ട നടപടികളാണ് നടപ്പാക്കി വരുന്നത്.
വെട്ടുകിളികൾ എണ്ണം കൂടുമ്പോൾ മാത്രമാണ് കർഷകർക്ക് ദ്രോഹമായി മാറുന്നത്. പൂർണ വളർച്ചയെത്തിയാൽ ആക്രമണ സ്വഭാവത്തോടെ കാർഷിക വിളകൾ നശിപ്പിക്കുന്ന ഇവ കർഷകർക്ക് ഭീഷണിയും സൃഷ്ടിക്കുന്നു. മരുഭൂമിയിലെ കാർഷിക ഭൂപ്രദേശങ്ങളിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുകയും വിളകൾ മുഴുവൻ തിന്നു തീർത്ത് അവ അപ്രത്യക്ഷമാകുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം വെട്ടുകിളിയുടെ ശല്യം രാജ്യത്തിെൻറ ചില മേഖലകളിൽ കൂടാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും പരിസ്ഥിതി, ജല കാർഷിക മന്ത്രാലയം കർഷകർക്ക് മുന്നറിയിപ്പ് നൽകി.
വെട്ടുകിളിയുടെ വ്യാപനമുള്ള പ്രദേശങ്ങളിൽ നിന്നും മാറിനിൽക്കാനും കന്നുകാലി കർഷകർക്കും തേനീച്ച കർഷകർക്കും മന്ത്രാലയം പ്രത്യേകം നിർദേശം നൽകി. കിളിശല്യം കൃഷിയെ കൂടുതൽ ബാധിക്കാതിരിക്കാനും അവക്കെതിരെയുള്ള പ്രതിരോധ നടപടികൾ കാര്യക്ഷമമാക്കാനും അധികൃതർ ഇതിനകം നടപടികൾ എടുത്തുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.