മക്ക: പുണ്യനഗരിയായ മക്കയിലെ കൊമേഴ്സ്യൽ സെൻറർ പദ്ധതി നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന് ലഭിച്ചു. സൗദിയിലെ പ്രമുഖ സ്ഥാപനമായ ഫെയ്റൂസ് ഡെവലപ്മെൻറ് ഇൻവെസ്റ്റ്മെൻറ് കമ്പനിയുമായി സഹകരിച്ചാണ് മക്ക കൊമേഴ്സ്യൽ സെൻറർ പദ്ധതി ലുലു നടപ്പാക്കുന്നത്. മക്കയിലെ അബ്ദുല്ല അറഫ് റോഡിൽ 25 കോടി റിയാൽ മുതലിറക്കിയാണ് പദ്ധതി. പദ്ധതി കൈമാറ്റ ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി, അൽ ഫെയ്റൂസ് ഡെവലപ്മെൻറ് ആൻഡ് ഇൻവെസ്റ്റ്മെൻറ് ചെയർമാൻ ശൈഖ് ഇബ്രാഹിം ബിൻ അബ്ദുല്ല ബിൻ സൽമാൻ അൽ റഫായ് എന്നിവർ പങ്കെടുത്തു. സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഷെഹിം മുഹമ്മദ്, റീജനൽ ഡയറക്ടർ റഫീഖ് മുഹമ്മദ് അലി എന്നിവരും സന്നിഹിതരായിരുന്നു.
രണ്ട് ലക്ഷം ചതുരശ്ര അടിയുള്ള ലുലു ഹൈപ്പർ മാർക്കറ്റാണ് പദ്ധതിയുടെ മുഖ്യസവിശേഷത. വിശുദ്ധ മക്ക സന്ദർശിക്കുന്ന ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് തീർഥാടകർക്ക് അനുയോജ്യമായ രീതിയിലായിരുക്കും വാണിജ്യ കേന്ദ്രത്തിെൻറ പ്രവർത്തനം. ഫുഡ് കോർട്ട്, ഫാമിലി എൻറർടൈൻമെൻറ് സെൻറർ, അന്തർദേശീയ പ്രശസ്തി നേടിയ റീട്ടെയിൽ ബ്രാൻഡുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. മക്കയിലെ വാണിജ്യ പദ്ധതിയുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പുമായി സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ശൈഖ് ഇബ്രാഹിം ബിൻ അബ്ദുല്ല അൽ റിഫായി പറഞ്ഞു. സൗദി അറേബ്യയിൽ മാത്രമല്ല, ജി.സി.സി മേഖലയിലാകെ ആഗോള റീട്ടെയിൽ വ്യവസായത്തിലെ മുൻനിര സ്ഥാപനമാണ് ലുലു. ലുലു ഗ്രൂപ്പിെൻറ ഈ അഭിമാനകരമായ സംഭാവനയെ ശൈഖ് ഇബ്രാഹിം ബിൻ അബ്ദുല്ല ബിൻ സൽമാൻ അൽ റിഫായി അനുമോദിച്ചു.
വളരെക്കാലമായി കാത്തിരുന്ന ഈ മഹത്തായ പദ്ധതി യാഥാർത്യമായതിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. ഇതിന് അവസരം നൽകിയ സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സൗദി ഗവൺമെൻറിനും നന്ദി പറയുന്നു. സൗദി ഭരണകൂടം നിക്ഷേപങ്ങളും സാമ്പത്തിക വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് നിരന്തരമായ പിന്തുണയാണ് നൽകുന്നത്. മലയാളികളുൾപ്പെടെയുള്ളവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ പദ്ധതിയിലൂടെ ലഭ്യമാകുമെന്നും യൂസുഫലി കൂട്ടിചേർത്തു. ഇതിനകം നിർമാണം പൂർത്തിയായ പദ്ധതി അടുത്ത മൂന്ന് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.