യാംബു: ചെങ്കടൽതീരത്തെ തുറമുഖ നഗരമായ യാംബുവിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. സൗദി അറേബ്യയിലെ 34-ാമത്തേതും ആഗോളതലത്തിൽ 259-ാമത്തേതുമായ ലുലു ഹൈപ്പർമാർക്കറ്റാണ് മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ ഉദ്ഘാടനം ചെയ്തത്. സൗദിയുടെ പരിവർത്തനത്തിൽ ലുലു ഗ്രൂപ് വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. സൗദിയിലെ ഓരോ ഉപഭോക്താവിനെയും തൃപ്തരാക്കുന്ന, മികച്ച ഗുണമേന്മയും ഉന്നത നിലവാരവും പുലർത്തുന്ന സ്ഥാപനമാണ് ലുലു എന്നും ഗവർണർ പറഞ്ഞു. 128,000 ചതുരശ്രയടി വിസ്തീർണത്തിൽ സൗദി റോയൽ കമീഷൻ സെൻററിൽ ആരംഭിച്ച ലുലു ഹൈപ്പർ മാർക്കറ്റ് അതിവിശാലവും ഉപഭോക്താക്കൾക്ക് ആയാസരഹിതമായി ഷോപ്പിങ് അനുഭവം നൽകുന്നതാണ്.
സൗദി ഭരണാധികാരികളുടെ ഭാവനാസമ്പന്നതയും ദീർഘദർശനവും എടുത്തുപറയേണ്ടതാണെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി അഭിപ്രായപ്പെട്ടു. സൗദി അറേബ്യയിൽ 100 ലുലു ഹൈപ്പർ മാർക്കറ്റെന്ന ലക്ഷ്യം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നതെന്നും യൂസഫലി കൂട്ടിച്ചേർത്തു. സൗദി ഭരണാധികാരി സൽമാൻ രാജാവിനെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെയും അദ്ദേഹം നന്ദി അറിയിച്ചു. യാംബു റോയൽ കമീഷന് വേണ്ടി സി.ഇ.ഒ എൻജിനീയർ അബ്ദുൽ ഹാദി അൽ ജൂഹാനി, യാംബു ചേമ്പർ ഓഫ് കോമേഴ്സ് ചെയർമാൻ അഹ്മദ് ബിൻ സാലിം അൽ ശഹദലി തുടങ്ങിയവർ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലിയോടൊപ്പം ഹൈപ്പർ മാർക്കറ്റ് സന്ദർശിച്ചു. ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ്, ലുലു ജിദ്ദ റീജനൽ ഡയറക്ടർ റഫീഖ് മുഹമ്മദ് അലി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.