റിയാദ്: റിയാദിലെ സിനിമ പ്രേമികൾക്കും ലുലു ഉപഭോക്താക്കൾക്കും അപ്രതീക്ഷിതമായൊരു താരസന്ധ്യയൊരുക്കി വാരാന്ത്യ അവധിദിനം അവിസ്മരണീയമാക്കി മി ഫ്രൻഡ് ആപ്പും ലുലുവും. അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന ടൊവിനോ തോമസിന്റെ പുതിയ ബിഗ് ബജറ്റ് ചിത്രമായ എ.ആർ.എം (അജയന്റെ രണ്ടാം മോഷണം) ത്രീ-ഡി സിനിമയുടെ ദേശാന്തര പ്രചാരണ പരിപാടിക്ക് വേണ്ടിയാണ് യുവ സൂപ്പർതാരം ടൊവിനോ തോമസും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സുരഭി ലക്ഷ്മിയും റിയാദിലെത്തിയത്.
‘ബീറ്റ്സ് ഓഫ് റിയാദി’ന്റെ നാസിക് ധോൽ മേളപ്പൊലിമയും പോൾസ് ഡാൻസ് അക്കാദമിയിലെ കലാകാരന്മാരുടെ ചുവടുകളും താരങ്ങളുടെ രംഗപ്രവേശനത്തിന് കൊഴുപ്പേകി. മലസ് ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഓപൺ ടെറസിൽ തിങ്ങിനിറഞ്ഞ ചലച്ചിത്ര പ്രേമികളുടെ ആഹ്ലാദാരവത്തിൽ പുതിയ സിനിമയെക്കുറിച്ചും വെള്ളിത്തിരയിൽ അത് സൃഷ്ടിച്ചേക്കാവുന്ന ഓളങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു.
അഞ്ചെട്ടു വർഷത്തെ കഠിന പ്രയത്നത്തിനൊടുവിലാണ് ഈ സിനിമയുടെ സാക്ഷാത്കാരമെന്നും രചയിതാവും നിർമാതാക്കളും സംവിധായകനുമടങ്ങുന്ന ഒരു വലിയ ടീമിന്റെ തീവ്ര സ്വപ്നമാണിതെന്നും അവർ കൂട്ടിച്ചേർത്തു.
മൂന്ന് കാലഘട്ടങ്ങളെ പ്രതിപാദിക്കുന്ന പരസ്പര ബന്ധമുള്ള മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. 17ാം നൂറ്റാണ്ടിലെ ഒരു യോദ്ധാവും അമ്പതുകളിലെ ഒരു കള്ളനും പുതിയ കാലത്തെ ഒരു ട്യൂഷൻ മാസ്റ്ററുമായാണ് ടൊവിനോയുടെ പകർന്നാട്ടം.
മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നീ വ്യത്യസ്ത മൂന്ന് കഥാപാത്രങ്ങളാണവ. കൃതി ഷെട്ടി, സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്.
മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. നിരവധി സിനിമകളിൽ സഹ സംവിധായകനായ ജിതിൻ ലാലിന്റെ ആദ്യത്തെ സ്വതന്ത്ര സംവിധാന സംരംഭമാണ് ഈ സിനിമ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സുജിത് നമ്പ്യാരുടേതാണ് തിരക്കഥ. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഒരേ ദിവസം പുറത്തിറങ്ങുന്ന ഒരു പാൻ ഇന്ത്യൻ സിനിമയാണിത്.
60 കോടിയിലധികം ചെലവഴിച്ചാണ് സിനിമ പൂർത്തിയാക്കിയിട്ടുള്ളത്. കൂടുതൽ ആളുകൾക്ക് കാണാനവസരമൊരുക്കുക വഴി മലയാള സിനിമക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനും പുതിയ വിഹായസ്സിലേക്ക് വാതിലുകൾ തുറക്കാനും സഹായകരമാകുമെന്ന് ടൊവിനോ പ്രത്യാശ പ്രകടിപ്പിച്ചു.
റിലീസിന് മുമ്പുള്ള രാജ്യാന്തര തലത്തിലെ ആദ്യത്തെ പ്രമോഷൻ പരിപാടിക്കാണ് റിയാദ് വേദിയായതെന്നും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ഇത്തരം പരിപാടികൾ നടക്കുമെന്നും അവർ പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ സിനിമയെക്കുറിച്ചും അഭിനയത്തെപ്പറ്റിയും താരങ്ങളുമായി സംവദിച്ചു.
ചടങ്ങിൽ ലുലുവിന്റെ ഓഫറുകളുടെയും ‘ഗൾഫ് മാധ്യമ’ത്തിന്റെ പുതിയ മെഗാ ഇവൻറായ ‘ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റി’ന്റെയും പ്രഖ്യാപനം ടൊവിനോയും സുരഭിയും ചേർന്ന് നിർവഹിച്ചു. ലുലു, മി ഫ്രൻഡ് ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു. ദുബൈയിൽനിന്നുള്ള റേഡിയോ അവതാരക നിശാ യൂസുഫ് അവതാരകയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.