ദമ്മാം: നവോദയ കേന്ദ്രകമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന വെളിച്ചം എന്ന പ്രതിമാസ വായനപരിപാടി പൂർവ പ്രവാസിയും നവോദയ മുൻ കേന്ദ്ര ജോയന്റ് സെക്രട്ടറിയുമായിരുന്ന എം. ബഷീറിന്റെ 'പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാർഗങ്ങൾ' എന്ന ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച കവിതാസമാഹാരം പരിചയപ്പെടുത്തി. ലളിതമായ വാക് വിന്യാസത്തിലൂടെ വലിയ ലോകത്തെയും അനുഭവങ്ങളെയും ഉല്പാദിപ്പിക്കാൻ കഴിയുന്നതാണ് എം. ബഷീറിന്റെ കവിതകൾ എന്ന് പുസ്തകം പരിചയപ്പെടുത്തി നവോദയ കേന്ദ്ര രക്ഷാധികാരി പ്രദീപ് കൊട്ടിയം പറഞ്ഞു.
വളരെ സാധാരണക്കാരനായി നമ്മുടെ കൂടെ നിൽക്കുകയും നവോദയയുടെ പ്രവർത്തനങ്ങളിൽ ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ബഷീർ എഴുതുന്ന കവിതകൾ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യരക്ഷാധികാരിയും പ്രവാസി ക്ഷേമനിധി ബോർഡ് അംഗവുമായ ജോർജ് വർഗീസ് പറഞ്ഞു. കവിതാസമാഹാരത്തിന്റെ കോപ്പി ഹബീബ് ഏലംകുളത്തിന് നല്കി ജോർജ് വർഗീസ് സൗദിതല പ്രകാശനം നിർവഹിച്ചു. ഹബീബ് ഏലംകുളം സംസാരിച്ചു. നന്ദിനി മോഹൻ (ലോക കേരള സഭാംഗം), രശ്മി ചന്ദ്രൻ (കേന്ദ്ര വനിതാവേദി കൺവീനർ) എന്നിവർ കവിത അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.