നോ​വ​ലി​സ്റ്റ് സ്വ​ന്തം ക​ഥാ​പാ​ത്ര​ങ്ങ​ളെ മ​റ​ന്നു​പോ​യേ​ക്കാം -എം. ​മു​കു​ന്ദ​ൻ

ദമ്മാം: നോവലിസ്റ്റ് സ്വന്തം കഥാപാത്രങ്ങളെ മറന്നുപോയേക്കാമെന്ന് പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ. 'രാധ രാധമാത്രം' എന്ന കഥയിൽ രാധയെ അവളുടെ മാതാപിതാക്കൾ മറന്നുപോകുന്നുണ്ട്. അതേപോലൊരു മറവി എഴുത്തുകാരനും സംഭവിച്ചേക്കാം. കഥാപാത്രങ്ങളെയും കഥാപരിസരങ്ങളെയും മറന്നുപോകാം. നേരത്തെ എത്തിയിരുന്നെങ്കിൽ 'പ്രവാസം' എന്ന തന്റെ നോവലിൽ സൗദിയും ഉൾപ്പെട്ടേനെ എന്ന പ്രസ്താവന വിവാദങ്ങളുയർത്തിയ പശ്ചാത്തലത്തിലാണ് എം. മുകുന്ദന്റെ പ്രതികരണം.

ഇപ്പോൾ സൗദിയിലുള്ള അദ്ദേഹം 'ഗൾഫ് മാധ്യമ'ത്തിന് അനുവദിച്ച അഭിമുഖത്തിൽ സൗദിയിൽ ഇതിന് മുമ്പ് വരാത്തതുകൊണ്ട് പ്രവാസം നോവലിൽ ഈ ഭൂമിക ഉൾപ്പെട്ടില്ല എന്ന് പറഞ്ഞിരുന്നു. എന്നാൽ, കേന്ദ്രകഥാപാത്രമായ നാഥൻ ഒടുവിൽ സൗദിയിൽ എത്തുന്നത് നോവലിലുണ്ട്. ഇക്കാര്യം വാർത്ത വായിക്കാനിടയായ വായനക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുള്ള പ്രതികരണമായാണ് നോവലിസ്റ്റ് സ്വന്തം കഥാപാത്രങ്ങളെയും കഥാപരിസരങ്ങളെയും മറന്നുപോയേക്കാം എന്ന് വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ വാക്കുകൾ: 'എനിക്കതൊന്നും ഓർമയില്ല. അതിൽ ഞാൻ എന്നെതന്നെ കുറ്റപ്പെടുത്തുന്നുമില്ല.

പല കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും പലപ്പോഴും എന്നിൽനിന്ന് മാഞ്ഞുപോകും. വെള്ളിയാങ്കല്ലിൽ പാറിപ്പറക്കുന്ന തുമ്പികളെപ്പോലെ അത് മയ്യഴിയുടെ ചുറ്റും പറക്കുന്നുണ്ടാകും. രാധയെത്തുമ്പോൾ അപരിചിതരെ പോലെ സ്വീകരിക്കുന്ന മാതാപിതാക്കളെപ്പോലെ എന്‍റെ മുന്നിൽ അവരും അപരിചിതരാകും. അഭിമുഖം നടത്തുമ്പോൾ ലേഖകൻ ചൂണ്ടിക്കാട്ടിയിട്ടും അങ്ങനെയില്ലെന്ന് ഞാൻ വാദിക്കുകയായിരുന്നു. സത്യത്തിൽ അത് ഞാൻ മറന്നുപോയതായിരുന്നു.

2009ൽ ആണ് 'പ്രവാസം' നോവൽ പുറത്തിറങ്ങുന്നത്. എഴുതിത്തുടങ്ങുമ്പോൾ ഞാൻ ബർമയിൽ പോയിരുന്നില്ല. ബ്രിട്ടീഷ് ലൈബ്രറിയിലെ ആർക്കേവ്സുകളിൽനിന്നാണ് ബർമയെ ഞാൻ പഠിച്ചതും എഴുതിയതും. സൗദിയെക്കുറിച്ചും അങ്ങനെ തന്നെ. ഞാൻ ഇവിടെ എത്തിയിരുന്നെങ്കിൽ എന്‍റെ മനസ്സിൽ നിന്നാകുമായിരുന്നു ആ എഴുത്ത്.

സൗദി എന്നെ മോഹിപ്പിച്ചിരുന്നു. പക്ഷേ, ആരും വിളിച്ചില്ല. വൈകിയത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നു. അത്ര മനോഹര അനുഭവങ്ങളാണ് ഈ സന്ദർശനത്തിൽ എന്നെ കാത്തിരുന്നത്. വിധി അനുവദിച്ചാൽ ഇവിടേക്ക് ഞാൻ ഇനിയും വരും. ഈ മരുഭൂമിയിൽ സാഹിത്യത്തിന്‍റെ സ്നേഹഹൃദയങ്ങളുടെ ഉർവരത അറിയുന്നു.എന്‍റെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി ഇ.എം. അഷറഫ് 'ബോൺഴൂർ മയ്യഴി' എന്നൊരു ഹ്രസ്വ സിനിമ ചെയ്തിട്ടുണ്ട്. അതിൽ ഞാൻ സൃഷ്ടിച്ച കഥാപാത്രങ്ങൾ എന്നിലേക്ക് തിരികെ വരുകയും എന്നോട് ആവലാതികൾ പറയുകയും ചെയ്യുന്നുണ്ട്. അത് ഒരു സംഘർഷമാണ്. അത് കേവലം ഒരു സിനിമയല്ല. എഴുത്തുകാരന്‍റെ ജീവിതമാണ്.

ഞാൻ എഴുത്തുതുടങ്ങിയ കാലമല്ല ഇന്ന്. അന്ന് നമ്മളെ സഹായിക്കാൻ ഗൂഗിൾ എന്ന മഹാലോകമുണ്ടായിരുന്നില്ല. ചുറ്റും നിറയെ ആകുലതകളും വേദനകളും മാത്രമായിരുന്നു.സൗദിയെ ഇപ്പോൾ ഞാൻ മനസ്സിലേക്ക് ആവാഹിക്കുകയാണ്. ഇനി അത് മറന്നുപോകില്ല. ഇവിടത്തെ വഴിയോരങ്ങളേയും എനിക്ക് സ്നേഹം തന്ന മനുഷ്യരേയും എന്നെന്നും ഓർക്കും -മുകുന്ദൻ കൂട്ടിച്ചേർത്തു

Tags:    
News Summary - M. Mukundan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.