ലോകം മുഴുവൻ ഒരു വൈറസിനു മുന്നിൽ മുട്ടുകുത്തിയിരിക്കുന്നു. മനുഷ്യെൻറ ഉഗ്രപ്രതാപങ്ങളും ബാഹ്യമോടികളും നിഷ്ഫലങ്ങളായിത്തീരുന്നു. ഒന്നും പറയാതെതന്നെ കോവിഡ് നമ്മെ പഠിപ്പിച്ച ചില സത്യങ്ങളുണ്ട്. ഒരുപക്ഷേ, നമ്മൾ ഇതുവരെ പഠിക്കാത്ത, പഠിക്കാൻ ആഗ്രഹിച്ചിട്ടില്ലാത്ത ചില സത്യങ്ങൾ. ജീവിതത്തിൽ നമ്മൾ നേടിയതും നേടാൻ ഇരിക്കുന്നതുമൊന്നും ആയുസ്സ് നീട്ടിത്തരില്ല. കുറച്ചുനാളത്തേക്ക് മാത്രം സുഖം തരുന്ന ചിലത് വെട്ടിപ്പിടിക്കാനായി നമ്മൾ പരക്കം പായുമ്പോൾ ഓർക്കണം, മരണം നമ്മൾക്കു പിറകിൽ അദൃശ്യമായ വൈറസിെൻറ രൂപത്തിലും ഉണ്ടാവും എന്ന്. രുചിയുള്ള ഭക്ഷണം മാത്രമേ കഴിക്കൂ എന്ന് വാശിപിടിച്ചിരുന്ന നമ്മൾ നാളെ ഒരുനേരത്തെ ആഹാരം കിട്ടുമോ എന്ന ആശങ്കയിൽ നാളത്തേക്ക് കരുതിവെക്കാൻ നെട്ടോട്ടമോടുന്നു.
ഇപ്പോൾ നമ്മൾ തിരിച്ചറിയുന്നുണ്ട്, അന്നം കിട്ടാത്തവെൻറ വിശപ്പിെൻറ വില. പണത്തിനും പ്രശസ്തിക്കും വേണ്ടി ഓടിനടന്നപ്പോൾ നമ്മൾ അറിഞ്ഞില്ല, വീടും വീട്ടുകാരെയുംവിട്ട് ഒരു അനാഥശവമായി എവിടെയോ കിടക്കേണ്ടിവരുമെന്ന്. ജീവിച്ചിരുന്നപ്പോഴുള്ള അന്തസ്സിന് അനുസരിച്ചുതന്നെ മരിക്കുമ്പോഴും കിടക്കണം എന്ന അഹങ്കാരത്തിൽ ഗംഭീരമായ കല്ലറകൾ കെട്ടിപ്പൊക്കിയപ്പോൾ ഉറ്റവരുടെ അന്ത്യചുംബനം പോലും കിട്ടാതെ ഏതോ പ്രവാസമണ്ണിൽ അന്ത്യവിശ്രമം കൊള്ളാനായി ചിലരുടെയൊക്കെ വിധി. പ്രിയപ്പെട്ടവരുടെ നിശ്ചലമായ ശരീരം ഓൺലൈനിൽ കണ്ട് കണ്ണീർവാർക്കേണ്ടിവന്ന ചിലരുടെ അവസ്ഥയും നമ്മൾ കണ്ടതാണ്.
പിറന്നാളുകളും വിവാഹങ്ങളും വൻ ആഘോഷങ്ങളാക്കിയപ്പോൾ അത് നാലോ അഞ്ചോ ആളുകളുടെ സാന്നിധ്യത്തിൽ ഒരു ചടങ്ങുമാത്രമായി നടത്തേണ്ടിവരുമെന്നും നമ്മൾ അറിഞ്ഞില്ല. ഇപ്പോൾ നമ്മൾ ഓരോരുത്തരും തിരിച്ചറിയുന്നുണ്ട്, ഈ ലോകത്ത് ഒരിടവും സുരക്ഷിതമല്ല എന്ന്. ഭയംകൊണ്ട് മനുഷ്യൻ പരക്കംപായുകയാണ്. പരസ്പരം കാണാനോ സംസാരിക്കാനോ ഒന്നിച്ചുചേർന്ന് നടക്കാനോ കഴിയുന്നില്ല. തമ്മിൽ തമ്മിൽ കാണാൻ ഭയക്കുന്നു. തമ്മിൽ കൈമാറേണ്ട പുഞ്ചിരികളും വാക്കുകളും മാസ്കിനുള്ളിൽ മൂടപ്പെട്ടു. കോവിഡ് എന്ന ഭീതിയിൽനിന്ന് ലോകം സ്വതന്ത്രമാകുമ്പോൾ നമ്മൾക്കും ചില തിരിച്ചറിവുകൾ ഉണ്ടാകണം. ഈ പ്രപഞ്ചത്തിെൻറ കുമ്പസാരം ഈശ്വരെൻറ സന്നിധിയിൽ എത്തട്ടെ. ഭയം ഇല്ലാത്ത നല്ലൊരു നാളേക്കായി കാത്തിരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.