അർധമരണമായ ഉറക്കിെൻറ തേരിലേറി പോകുമ്പോൾ, മൊബൈലിലെ അലാറം ആർത്തുകരഞ്ഞു. ജീവിതചക്രത്തിൽ പുലർച്ചെ നാലു മണി എന്നും ശല്യക്കാരനാണ്. പതിവുതെറ്റാതെ ഉദാസീനതയോടെ ഞാനെണീറ്റു. കമറുദ്ദീൻ ബാത്റൂമിലുള്ള തത്സമയ സംപ്രേഷണം കഴിഞ്ഞിറങ്ങിയപ്പോഴേക്കും സുബഹി ബാങ്ക് വിളിച്ചു. നിത്യ പ്രഭാതകർമങ്ങൾ ഒരു വഴിപാടായി ഇന്നും ചെയ്തു തീർത്തു. നമസ്കാരാനന്തരം ഞങ്ങൾ ബൂഫിയ തുറന്നു. വിദ്യാർഥികളുടെ മദ്റസയിലേക്കുള്ള ഓട്ടപ്പാച്ചിൽ റോഡിൽ. ആഡംബര കാറുകളിൽ. അറബികളുടെ പ്രാതൽ എന്നും ഞങ്ങളുടെ കൈകളാലാണ്. കുട്ടികളും വലിയവരും സാൻഡ്വിച്ചിനായി തിക്കിത്തിരക്കി. ഖുബ്സിനകത്ത്, പൊരിച്ച ഉരുളക്കിഴങ്ങ് കുത്തിനിറച്ചത്. രുചി കൂട്ടാൻ ഒന്നുരണ്ട് ചേരുവകളുമുണ്ട്. പൊടിപൊടിച്ച് കച്ചവടം കഴിഞ്ഞ് കടയടച്ചപ്പോഴേക്കും സമയം 12 കഴിഞ്ഞു. ഇപ്പോൾ നാട്ടിൽ സമയം രണ്ടര. മക്കൾ സ്കൂളിൽ പോയി കാണും. ഭാര്യ തിരക്കുപിടിച്ച അടുക്കളപ്പണിയിലും. അവളെ കിട്ടാൻ എെൻറ ഫോണും കാതും വല്ലാതെ ആഗ്രഹിച്ചു. ഫലം നിരാശ മാത്രം. ളുഹ്റ് നമസ്കാരവും ഭക്ഷണവും കഴിഞ്ഞ് ഒരൽപം കിടന്നപ്പോഴേക്കും, തൊട്ടടുത്ത പള്ളിയിൽനിന്നുള്ള അസർ ബാങ്ക് അവെൻറ ഉറക്കിനെ തൊട്ടുണർത്തി. വാട്സ്ആപ്പിൽ കാത്തിരിക്കുന്ന ഭാര്യയുടെ മധുരമാർന്ന ശബ്ദത്തെ ഞാൻ ശ്രവിച്ചു. പുതുമയാഗ്രഹിച്ചതിന് നിരാശമാത്രം.
പതിവുതന്നെ. മക്കളുടെ സ്കൂൾ ഫീസും പാൽകാശും വീട്ടുചെലവിനുള്ള വകയും. പുതിയതായി പറയാനുള്ളത് ഭാര്യയുടെ മൊബൈൽ സ്ക്രീൻ ചെറിയ മകൾ എറിഞ്ഞുപൊട്ടിച്ച തമാശക്കഥയാണ്. ചുരുക്കിപ്പറഞ്ഞാൽ പുതിയ ഫോൺ വേണം എന്നാണ് അവൾ ഉദ്ദേശിച്ചത്. മറുപടിയെ മൗനമാക്കി ഞാൻ, നമസ്കാരവും ബാത്ത് റൂമും കഴിഞ്ഞ് വീണ്ടും ബൂഫിയയിലേക്ക് ചെന്നു. കമറുദ്ദീൻ ബത്താത്ത് മുറിക്കുന്ന തിരക്കിലാണ്. അറബിയിൽ ബത്താത്ത് എന്നാൽ ഉരുളക്കിഴങ്ങ് എന്നാണ് അർഥം. ആളുകൾ സാൻഡ്വിച്ചിനായി വന്നുതുടങ്ങി. പകുതി കുടിച്ച സുലൈമാനി മാറ്റിവെച്ച് പണി തുടങ്ങി. സൗദി അറേബ്യയായതുകൊണ്ട് നമസ്കാരത്തിന് കടയടക്കുന്നത് ഒരു ആശ്വാസമാണ്. മഗ്‌രിബും ഇശാഅും അതിനിടക്ക് കഴിഞ്ഞു. കുട്ടികളെ പഠിപ്പിക്കുകയും വീട്ടുജോലിയിൽ മുഴുകുകയും ചെയ്തതുകൊണ്ട് ഭാര്യയെ ഫോണിൽ കിട്ടിയതേയില്ല. ഇത് ഇന്നത്തെ മാത്രം പുതുമയല്ല. വർഷങ്ങളായുള്ള ശീലമാണ്.
സ്വന്തം ഭാര്യയും മക്കളുമായി ഒരൽപം കളിവാക്ക് പറഞ്ഞിരിക്കാൻ ആഗ്രഹിക്കാത്തവരാരുണ്ട്. കച്ചവടം കുറവുള്ള വെള്ളിയാഴ്ച, കടയിൽ ഇരുന്നു നാട്ടിലേക്ക് വിളിക്കും. പരിഭവങ്ങളും പരാതികളും നിറഞ്ഞ ഫോൺ കോൾ. മുതലാളി കണ്ടാൽ അതും വലിയ പ്രശ്നമാണ്. ചിലപ്പോൾ ജോലിയെതന്നെ ബാധിക്കും. സ്വന്തം നാട്ടുകാരെയോ വീട്ടുകാരെയോ കാണാനോ മതിമറന്നുസംസാരിക്കാനോ കഴിയാത്ത പ്രവാസമെന്ന മഹാരോഗത്തിന് ഞാൻ ജീവിതം സമർപ്പിച്ചിട്ട് ആണ്ടുകളേറെയായി. ദിവസങ്ങളും മാസങ്ങളും വർഷങ്ങളും എണ്ണിത്തീർക്കുന്നത് ഞങ്ങൾ പ്രവാസികൾക്ക് വളരെ ഇഷ്ടമുള്ള ശീലമാണ്. ഉടയവരെ കാണാൻ ആയുസ്സിനെ തീർക്കാൻ കൊതിക്കുന്ന മനുഷ്യയന്ത്രം. തൊട്ടടുത്ത ബഖാലയിലെ ഒഴിഞ്ഞ കാർട്ടൺ പെട്ടിയെടുത്ത് നാട്ടിലേക്ക് പോകാനായി സാധനങ്ങൾ ഒരുക്കിക്കൂട്ടി. അസുഖങ്ങൾ ശരീരത്തെ കാർന്നുതുടങ്ങിയിരിക്കുന്നു. ആശുപത്രിക്കോ വഴിയോര കച്ചവടക്കാർക്കോ തെൻറ സമ്പാദ്യം ഒരു റിയാൽ ചെലവാക്കാതെ സ്വരൂപിച്ചു. ഏറെ ആഗ്രഹിച്ച ആ പേപ്പർ ൈകയിൽ കിട്ടി. റീഎൻട്രി... കഫീൽ അത് അടിച്ചു തന്നു.
പഠിച്ച ഡിഗ്രി സർട്ടിഫിക്കേറ്റിനേക്കാൾ എനിക്ക് ജീവിതത്തിൽ ഏറെ മൂല്യമുള്ള കടലാസ്. കുറെ കാലത്തെ കാത്തിരിപ്പിനുശേഷം, ചുട്ടുപൊള്ളുന്ന വെയിലുള്ള മരുഭൂമിയിൽ ഞാൻ ആ തണുപ്പിനെ ആസ്വദിച്ചു.
ശരിക്കും മനസ്സിന് വല്ലാത്തൊരു സുഖം തരുന്ന ആകാശത്തുനിന്നും ഇറങ്ങിവന്ന തണുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.