മദീന: മദീനയിൽ ഈത്തപ്പഴ സീസൺ ആരംഭിച്ചതോടെ ഈ മേഖലയെ സജീവമാക്കാൻ വിവിധ പരിപാടികളും പദ്ധതികളുമായി അധികൃതർ. പ്രാദേശിക കർഷക കൂട്ടായ്മകളെയും കുടുംബങ്ങളെയും പ്രോത്സാഹിപ്പിക്കാനും ഈന്തപ്പന കൃഷിയിലും പഴസംസ്കരണത്തിലും ആവശ്യമായ നിർദേശങ്ങളും പിന്തുണയും നൽകാനും വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കുടിൽ വ്യവസായത്തിൽ കുടുംബങ്ങളെ ശാക്തീകരിക്കാൻ വ്യവസായരംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ച് പ്രത്യേക പരിശീലനക്കളരിയും സെമിനാറുകളും ഇപ്പോൾ സംഘടിപ്പിച്ചു വരുകയാണ്.
ഈത്തപ്പഴ ഉൽപാദനത്തിലും കരകൗശല നിർമാണത്തിലുമുള്ള കഴിവുകൾ വർധിപ്പിക്കുന്നതിനും പരിപാടികൾ ലക്ഷ്യമിടുന്നു. വൈവിധ്യമാർന്ന പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് അവരുടെ കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കുന്നതിനും അവസരം നൽകുന്നു. വിവിധ മത്സരങ്ങളും കുടുംബിനികൾക്കായി സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മദീനയിൽ നടന്ന പരിശീലനക്കളരിയിൽ ഏകദേശം 35 കുടുംബങ്ങൾ പങ്കെടുത്തു.
നൂതനവും ക്രിയാത്മകവുമായ വിവിധ പദ്ധതികളിലൂടെ ഈത്തപ്പഴ വ്യവസായത്തെ ഉയർത്താനും ആ മേഖലകളിൽ പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനും വേണ്ടി വിവിധ പ്രദർശനങ്ങൾ, ആകർഷണീയമായ മറ്റു പരിപാടികൾ, മത്സരങ്ങൾ എന്നിവ ഈത്തപ്പഴ സീസണിലെ വ്യത്യസ്ത ഘട്ടങ്ങളിൽ സംഘടിപ്പിച്ചുവരുകയാണ്.
മദീനയിലെ മസ്ജിദ് ഖുബയുടെ സമീപത്ത് ഈത്തപ്പഴ സീസണോടനുബന്ധിച്ച് നടക്കുന്ന ഈത്തപ്പഴമേള കാണാൻ ധാരാളം സന്ദർശകരെത്തുന്നുണ്ട്. കരകൗശല വസ്തുക്കളുടെ പ്രദർശനവും പരിശീലനവും മേളയിലെ മുഖ്യ ആകർഷണമാണ്. കൂടാതെ കാർഷിക പ്രദർശനങ്ങൾ, പാചക ക്ലാസുകൾ എന്നിവ ഉൾപ്പെടെ വിവിധ പരിപാടികളും സന്ദർശകർക്ക് ഇവിടെ ആസ്വദിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.