മൈത്രി ജിദ്ദ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു

മൈത്രി ജിദ്ദ 28ാം വാർഷികാഘോഷം 'മൈത്രീയം 24' വെള്ളിയാഴ്ച ഇന്ത്യൻ കോൺസുലേറ്റിൽ

ജിദ്ദ: കലാ, സാംസ്‌കാരിക, കായിക മികവിലും സാമൂഹിക ഇടപെടലിലുകളിലൂടെയും രണ്ടര പതിറ്റാണ്ടിലധികം കാലം പിന്നിട്ട ജിദ്ദയിലെ മൈത്രി കലാ, സാംസ്‌കാരിക സംഘടനയുടെ 28ാം വാർഷികാഘോഷം നവംബർ 15 ന് വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

'മൈത്രീയം 24' എന്ന പേരിൽ നടക്കുന്ന ആഘോഷ പരിപാടികൾ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ വൈകീട്ട് അഞ്ച് മണി മുതൽ ആരംഭിക്കും. മലയാള സംഗീതരംഗത്ത് പുതിയ ഗായകരായ അതുൽ നറുകര, ഷിനോ പോൾ, ഷെയ്ഖ അബ്ദുള്ള എന്നിവർ അതിഥികളായി അണിനിരക്കുന്ന സംഗീത വിരുന്നാണ് ആഘോഷ പരിപാടികളിലെ മുഖ്യാകർഷകം. ആഘോഷങ്ങൾക്ക് നവോന്മേഷം പകർന്ന് കുട്ടികളും മുതിർന്നവരുമായി മൈത്രിയുടെ 60 ലേറെ കലാകാരന്മാരും വൈവിധ്യമാർന്ന കലാവിരുന്നുകളുമായി അരങ്ങിലെത്തും.

മൈത്രിയുടെ ഓരോ വാർഷികാഘോഷത്തിലും ജിദ്ദയിലെ കലാ, സാംസ്‌കാരിക, സാമൂഹിക, ആരോഗ്യ മേഖലകളിൽ മികച്ച സേവനം നൽകിവരുന്ന വ്യക്തിത്വങ്ങൾക്കുള്ള ആദരവ് നൽകിപ്പോരുന്നുണ്ട്. ഇപ്രാവശ്യം മുഹമ്മദ് കുട്ടി പാണ്ടിക്കാട് (ജീവകാരുണ്യം), ഡോ. വിനീത പിള്ള (ആരോഗ്യം), സന്തോഷ് ജി നായർ, നജീബ് വെഞ്ഞാറമൂട് (കലാ, സാംസ്കാരികം) എന്നിവരെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവരെ ആദരിക്കുന്ന ചടങ്ങ് ആഘോഷ വേദിയിൽ വെച്ച് നടക്കും. കഴിഞ്ഞ വർഷത്തെ പഠന മികവിനുള്ള അംഗീകാരമായി മൈത്രി കുടുംബങ്ങളിലെ പത്ത്, പന്ത്രണ്ട് ക്‌ളാസ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, പ്രശസ്ത യൂനിവേഴ്സിറ്റികളിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ എന്നിവർക്ക് അവാർഡ് നൽകി ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

കഴിഞ്ഞ 28 വർഷങ്ങൾക്കുള്ളിൽ ഗുജറാത്ത് ഭൂകമ്പം, സുനാമി, വിവിധ പ്രളയങ്ങൾ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് സർക്കാർ സംവിധാനത്തോടൊപ്പം ചേർന്ന് മൈത്രി സഹായമെത്തിച്ചിട്ടുണ്ട്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവർക്കായുള്ള സഹായത്തിലും സംഘടന മുന്നിൽ നിന്ന് പ്രവർത്തിച്ചു. മൈത്രി അംഗങ്ങളായിരിക്കെ മരിച്ചവരുടെ കുടുംബങ്ങൾക്കും സംഘടന സഹായം എത്തിച്ചു.

ഓണം, ഇഫ്താർ, ക്രിസ്മസ്, ന്യൂ ഇയർ, ശിശുദിനം, വനിതാ ദിനം, സൗദി ദേശീയ ദിനം, കേരളപ്പിറവി തുടങ്ങിയ വിശേഷാവസരങ്ങളിലെല്ലാം മൈത്രി വിത്യസ്ത പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. പൂക്കള മത്സരം, കുട്ടികൾക്കായി പെൻസിൽ ഡ്രോയിങ് ആൻഡ് കളറിങ് മത്സരം, കായിക മത്സരങ്ങൾ എന്നിവ തുടർച്ചയായി സംഘടിപ്പിച്ചുവരുന്നു. ആരോഗ്യരംഗത്ത് വിവിധ ബോധവൽക്കരണ ക്ളാസുകൾ, സാമൂഹിക വിപത്തുകൾക്കെതിരെയും, സുദൃഢമായ കുടുംബ ബന്ധങ്ങൾക്കും ഊന്നൽ നൽകികൊണ്ടുള്ള അവബോധ ക്ലാസുകൾ എന്നിവയും സംഘടിപ്പിച്ചുവരുന്നതായി ഭാരവാഹികൾ അറിയിച്ചു.

പ്രസിഡന്റ് ബഷീർ അലി പരുത്തിക്കുന്നൻ, ജനറൽ സെക്രട്ടറി നവാസ് ബാവ തങ്ങൾ, ഖജാൻജി ഷരീഫ് അറക്കൽ, കൾച്ചറൽ സെക്രട്ടറി പ്രിയ റിയാസ്, രക്ഷാധികാരി ഉണ്ണി തെക്കേടത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Maitri Jeddah 28th Anniversary Celebration 'Maitreyam 24' Friday at Indian Consulate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.