മക്ക: ഈ മാസം 13, 14 തീയതികളിൽ മക്കയിൽ നടക്കുന്ന അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം ഇസ്ലാം മുന്നോട്ടുവെക്കുന്ന സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനുള്ള സന്ദർഭമാണെന്ന് സൗദി ഗ്രാൻഡ് മുഫ്തിയും മുതിർന്ന പണ്ഡിതസഭ തലവനുമായ ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആലു ശൈഖ് പറഞ്ഞു.
മക്കയിൽ ഇസ്ലാമിക സമ്മേളനം നടത്താൻ സൗദി നേതൃത്വത്തിന്റെ അംഗീകാരം ലോകമെമ്പാടുമുള്ള മുസ്ലിംകളോടുള്ള രാജ്യത്തിന്റെ കരുതലിന്റെ തെളിവാണ്.
ഇസ്ലാമിന്റെ മഹത്തരമായ സമാധാനസന്ദേശം പ്രചരിപ്പിക്കാനുള്ള നല്ല സന്ദർഭമായി മാറുന്ന സമ്മേളനത്തിന് മക്ക തെരഞ്ഞെടുത്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച ഗ്രാൻഡ് മുഫ്തി മക്ക വേദിയാക്കാൻ അംഗീകാരം നൽകിയ സൗദി ഭരണകൂടത്തെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. സംഘർഷങ്ങളുടെയും വിദ്വേഷത്തിന്റെയും സമകാലീന സാഹചര്യത്തിൽ മക്കയിൽ ഈ സമ്മേളനം നടത്തുന്നത് സൗദി അറേബ്യയുടെ സഹിഷ്ണുത, മിതത്വം, സഹവർത്തിത്വം എന്നിവയുടെയും വിദ്വേഷവും അക്രമവും നിരാകരിക്കുന്നതിന്റെയും തെളിവാണ്.
സമ്മേളനത്തിന്റെ ലക്ഷ്യങ്ങളും വിഷയങ്ങളും മുസ്ലിംകൾക്കിടയിൽ ഐക്യം ശക്തിപ്പെടുത്തുന്നതിനും തീവ്രവാദം നിരസിക്കാനും പണ്ഡിതന്മാരും മുഫ്തികളും തമ്മിൽ ദർശനങ്ങളും അനുഭവങ്ങളും കൈമാറാനും സഹായിക്കുമെന്ന് ആലുശൈഖ് പ്രത്യാശ പ്രകടിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകൾ തമ്മിലുള്ള ആശയവിനിമയ ബന്ധം ശക്തിപ്പെടുത്തുന്നതിന് സൗദി ഇസ്ലാമിക മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഇസ്ലാമിക സമൂഹങ്ങളുടെ വമ്പിച്ച പുരോഗതിക്ക് വഴിവെക്കാൻ ഇസ്ലാമിക സമ്മേളനം വഴിവെക്കുമെന്നും ഗ്രാൻഡ് മുഫ്തി അഭിപ്രായപ്പെട്ടു.
‘മിതത്വം പ്രോത്സാഹിപ്പിക്കുന്നതിന് ആഗോള ഇസ്ലാമിക പണ്ഡിതരുടെ പങ്ക്’ എന്ന ശീർഷകത്തിൽ ഊന്നി നടക്കുന്ന ഇസ്ലാമിക സമ്മേളനത്തിൽ 85 രാജ്യങ്ങളിൽനിന്നുള്ള മുസ്ലിം പണ്ഡിതരും മുഫ്തികളും വിദ്യാഭ്യാസ വിദഗ്ധരും അടക്കം 150ഓളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സൗദി ഇസ്ലാമിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ദ്വിദിന സമ്മേളനം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.