ജിദ്ദ: 'ഒരുമിക്കാം ഒത്തുകളിക്കാം' എന്ന പേരിൽ മലർവാടി ബാലസംഘം ജിദ്ദ സൗത്ത് സോൺ സംഘടിപ്പിക്കുന്ന ബാലോത്സവം' 23 ഈ മാസം 10 ന് വെള്ളിയാഴ്ച നടക്കും. ഇതുസംബന്ധിച്ച് ജിദ്ദയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ മലർവാടി അംഗങ്ങളായ കുട്ടികൾ തന്നെ മലർവാടിയെക്കുറിച്ചും ബാലോത്സവത്തെക്കുറിച്ചുമെല്ലാം വിശദീകരിച്ചത് ശ്രദ്ധേയമായി.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ ജിദ്ദ അശുരൂഖിലെ ദുർറ വില്ലയിൽ വെച്ച് നടക്കുന്ന ബാലോത്സവത്തിൽ കുട്ടികൾക്ക് അറിവും വിനോദവും പകർന്ന് നൽകുന്ന 40 ഓളം വിവിധ ഗെയിംസ് ഇനങ്ങൾ ഉണ്ടായിരിക്കും. ഏകദേശം 300 ഓളം കുട്ടികൾ പങ്കെടുക്കുന്ന ബാലോത്സവത്തിൽ കെ.ജി മുതൽ ഏഴ് വരെ ക്ളാസുകളിൽ പഠിക്കുന്ന കുട്ടികളാണ് പങ്കെടുക്കുക.
രണ്ടര മണിക്കൂര്‍ സമയപരിധിയില്‍ പരമാവധി കൗണ്ടറുകളില്‍ മത്സരിക്കുകയും പരമാവധി സ്കോര്‍ നേടിയെടുക്കുകയും ചെയ്യുകയെന്നതാണ് പ്രധാനം. ഓരോ കാറ്റഗറിയിലും എറ്റവും കൂടുതല്‍ സ്കോര്‍ നേടുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക സമ്മാനവും മത്സരത്തില്‍ പങ്കെടുത്ത് സ്കോര്‍ ചെയ്യുന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനവും എര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കുട്ടികൾ വിശദീകരിച്ചു.
അക്കാദമിക് വിഷയങ്ങളിലും ഐ.ടി ഉപകരണങ്ങളിലും മാത്രം തളച്ചിടുന്ന പ്രവാസി ബാല്യങ്ങള്‍ക്ക് അവരുടെ കലാ, കായിക, സര്‍ഗ്ഗാത്മക കഴിവുകള്‍ പരസ്പരം മത്സരിക്കാതെ കണ്ടെത്തുകയും തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ബാലോത്സവം സംഘടിപ്പിക്കുന്നതെന്ന് വാർത്താ സമ്മേളനത്തിൽ സംബന്ധിച്ച മലർവാടി രക്ഷാധികാരികൾ അറിയിച്ചു.
കുട്ടികളോടൊപ്പമെത്തുന്ന രക്ഷിതാക്കൾക്ക് പ്രത്യേക പാരന്റിംഗ് സെഷനും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് ഏഴ് മണിക്ക് മലർവാടി അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.
ബാലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചവർക്കുള്ള സമ്മാനദാനവും അതോടൊപ്പം നടക്കും. ബാലോത്സവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 0559368442 (ഹസീബ്) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കുട്ടികളില്‍ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സര്‍ഗാത്മകതയും സാമൂഹികാവബോധവും വളര്‍ത്തിയെടുക്കുവാനായി രൂപം നല്‍കിയ കൂട്ടായ്മയാണ് മലര്‍വാടി ബാലസംഘം.
കെ.ജി മുതല്‍ ഏഴു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് മലര്‍വാടി ബാലസംഘത്തില്‍ അംഗങ്ങളാവുന്നത്. കുട്ടികൾക്കിടയിൽ നിരന്തരം വിവിധ പരിപാടികളുമായി സജീവമാണ് മലര്‍വാടി ബാലസംഘം. കുട്ടികള്‍ക്ക് കൂട്ടുചേരാനും ഉല്ലാസപ്രദമാക്കാനും എല്ലാ വര്‍ഷവും ബാലോത്സവം സംഘടിപ്പിച്ചു വരുന്നതായും മലർവാടി അധികൃതർ കൂട്ടിച്ചേർത്തു.
മലർവാടി ജിദ്ദ സൗത്ത് സോൺ അംഗങ്ങളായ അമീൻ അഹമ്മദ്, അയാൻ അബ്ദുൽമജീദ്, റൂഹി നജ്മുദ്ധീൻ, അദീന തൗഫീഖ്, റംസി ഷഫീഖ് എന്നീ കുട്ടികളോടൊപ്പം മലർവാടി ജിദ്ദ സൗത്ത് ഉപരക്ഷാധികാരി കെ.എം. അനീസ്, ബാലോത്സവം പ്രോഗ്രാം കൺവീനർ നൗഷാദ് നിഡോളി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.