ദമ്മാം: ഹജ്ജിനെത്തി മടങ്ങാനൊരുങ്ങവേ വഴിമുടക്കിയ നിയമകുരുക്കിൽനിന്ന് രക്ഷപ്പെട്ട് മലയാളി. 15 വർഷം മുമ്പ് സൗദിയിലെ ഒരു പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കുരുങ്ങി മടക്കയാത്ര മുടങ്ങിയ ഈ മലപ്പുറം സ്വദേശിക്ക് ഇനി നാട്ടിലേക്ക് മടങ്ങാം. യാത്ര മുടങ്ങിയ വിവരം കഴിഞ്ഞ ദിവസം ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ദിവസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് കാലങ്ങൾ പഴക്കമുള്ള കേസിെൻറ കുരുക്കുകൾ അഴിക്കാനായത്.
30 വർഷം ഇദ്ദേഹം സൗദിയിൽ പ്രവാസിയായിരുന്നു. ദമ്മാമിലെ ടൊയോട്ട പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്തുവരുന്നതിനിടയിൽ എട്ട് വർഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് മടങ്ങി. ശേഷം ഭാര്യയും ബന്ധുക്കളുമായി ഈ വർഷത്തെ ഹജ്ജിന് വന്നതായിരുന്നു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിൽ നൂറോളം പേരുടെ സംഘത്തിലാണ് വന്നത്. ഇങ്ങോട്ട് വരുേമ്പാൾ നിയമപ്രശ്നമൊന്നും നേരിട്ടിരുന്നില്ല. എന്നാൽ തീർഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ എത്തി ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കുേമ്പാൾ പഴയ കേസ് പൊന്തിവരികയായിരുന്നു. യാത്ര ചെയ്യാനാവില്ലെന്നും സൗദി ജവാസത്തുമായി (പാസ്പോർട്ട് ഡയറക്ടറേറ്റ്) ബന്ധപ്പെടണമെന്നും നിർദേശം ലഭിച്ചു. ദമ്മാമിലെ ഷമാലിയ പൊലീസ് സ്റ്റേഷനിൽ ഒരു കേസുണ്ടെന്നും അത് പരിഹരിച്ചാൽ മാത്രമേ നാട്ടിലേക്ക് മടങ്ങാനാകൂ എന്നും ജവാസത്ത് അധികൃതർ അറിയിച്ചു.
തനിക്ക് മാത്രം മടങ്ങാൻ കഴിയില്ലെന്ന് വന്നതോടെ ഗ്രൂപ്പിലുള്ളവരെല്ലാം ആകെ വിഷമിച്ചുപോയതായി അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. എന്നാൽ എന്ത് കേസാണ് തനിക്കെതിരെ ദമ്മാം പൊലീസിലുള്ളതെന്ന് അറിയാത്തത് ആശങ്കയുണ്ടാക്കുകയും ചെയ്തിരുന്നു. ഭാര്യയെയും മറ്റ് കുടുംബാംഗങ്ങളെയും നാട്ടിലേക്ക് പറഞ്ഞുവിട്ടിട്ട് ദമ്മാമിലെത്തി സാമൂഹികപ്രവർത്തകരുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടു. മുമ്പ് ജോലി ചെയ്തിരുന്ന കാലത്ത് ഒരു സിറിയൻ പൗരനുമായുണ്ടായ ചെറിയ വഴക്ക് മാത്രമാണ് ഓർമയിൽ വന്നത്. അന്ന് അതിെൻറ പേരിൽ പൊലീസ് സ്േറ്റഷനിൽ പോേകണ്ടി വന്നെങ്കിലും വഴക്കിട്ട ആളുമായി അപ്പോൾ തന്നെ രമ്യതയിലായി കേസില്ലാതെ തിരികെ പോരുകയായിരുന്നു. അതിനുശേഷം പലതവണ നാട്ടിൽ പോയി മടങ്ങിവരികയുമൊക്കെ ചെയ്തിരുന്നു.
ഷമാലിയ പൊലീസ് സ്റ്റേഷനിൽ എത്തി അന്വേഷിപ്പോഴാണ് കേസ് എന്താണെന്നും ജയിൽവാസവും 80 അടിയും ശിക്ഷയായി വിധിച്ചിരിക്കുകയാണെന്നും അറിയാൻ കഴിഞ്ഞത്. തെൻറ അനുഭവം ഒരു വലിയപാഠമാണെന്ന് അദ്ദേഹം പറയുന്നു. മുമ്പ് സൗദിയിൽ ചെറിയ പ്രശ്നങ്ങൾ പോലും പൊലീസ് കേസായി മാറിയിരുന്നു. അന്ന് പേപ്പറിലാണ് വിരലടയാളം പതിപ്പിച്ചിരുന്നത്. ഇതൊക്കെ ഇപ്പോൾ ഡിജിറ്റലൈസ് ചെയ്തതാകാം കേസ് തീരാതെ കിടക്കാനിടയാക്കിയതും തനിക്ക് വിനയാതെന്നും കരുതുന്നു. എന്തായാലും ശിക്ഷയായി വിധിച്ച 80 അടി ഏറ്റുവാങ്ങാതെ കേസിൽനിന്ന് ഒഴിവാകാനാവില്ലെന്ന് മനസിലായി. ഇപ്പോൾ പൊലീസുകാരൊക്കെ ഏറെ കരുണയോടെയാണ് പെരുമാറിയത്. അവർ മനസ്സുവെച്ചതുകൊണ്ടാണ് കേസിെൻറ കുരുക്കുകളിൽനിന്ന് വേഗം മോചിതനായതെന്നും അദ്ദേഹം പറഞ്ഞു.
ദമ്മാമിലെ സാമൂഹിക പ്രവർത്തകൻ മണിക്കുട്ടനാണ് ഇതിനെല്ലാം സഹായിച്ചത്. കേസിെൻറ സത്യാവസ്ഥ ബോധ്യപ്പെട്ട ഉദ്യോഗസ്ഥർ അനുഭാവപൂർവമാണ് ഇടപെട്ടതെന്നും പെട്ടെന്ന് കാര്യങ്ങൾ പരിഹരിച്ചു തരുകയായിരുന്നെന്നും മണിക്കുട്ടൻ പറഞ്ഞു. കേസില്ലാതായതോടെ ഇനി നാട്ടിലേക്ക് മടങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.