റിയാദ്: ഹിജാബ് മൗലികാവകാശമല്ലെന്ന കർണാടക ഹൈകോടതി വിധി ഭരണഘടനാവിരുദ്ധവും ഒരു ജനസമൂഹത്തെ ഒന്നടങ്കം പൊതുധാരയിൽനിന്ന് അകറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി.
രാജ്യത്തെ സാധാരണ പൗരന്മാരുടെ അവസാന ആശ്രയമായ കോടതികൾപോലും ഫാഷിസ്റ്റ് സർക്കാറിന്റെ ചട്ടുകങ്ങളായി നിലകൊള്ളുന്നത് തികച്ചും ദൗർഭാഗ്യകരമാണ്. മതപരമായ വിശ്വാസത്തിന്റെയും അനുഷ്ഠാനങ്ങളുടെയും ഭാഗമായ ഹിജാബ് വിഷയം മതപരമായ സ്പർധ വളർത്താനുള്ള ചിലരുടെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭരണഘടന അനുവദിക്കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഈ നീക്കത്തിനെതിരെ മതേതര സമൂഹം ഒന്നിച്ചു കൈകോർക്കണമെന്നും റിയാദിലെ പൊതുസമൂഹത്തെ പങ്കെടുപ്പിച്ച് വിവിധ കാമ്പയിനുകൾ സംഘടിപ്പിക്കുമെന്നും റിയാദ് സെൻട്രൽ കമ്മിറ്റി വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
ദമ്മാം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂനിഫോമിന്റെ മറവിൽ കർണാടക സർക്കാർ നടപ്പാക്കിയ ശിരോവസ്ത്ര നിരോധനം കർണാടക ഹൈകോടതി ശരിവെച്ച നടപടി ഭരണഘടന അനുവദിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനുമെതിരെയുള്ള വെല്ലുവിളിയാണെന്ന് തനിമ സാംസ്കാരികവേദി കേന്ദ്ര സെക്രട്ടേറിയറ്റ്. സർക്കാറും കോടതിയും മതഗ്രന്ഥങ്ങളും മതനിയമങ്ങളും വ്യാഖ്യാനിക്കുന്ന പ്രവണത ഇന്ത്യയുടെ മതേതര സ്വഭാവത്തെതന്നെ തകർക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തും. മനുഷ്യജീവിതത്തിന്റെ മുഴുവൻ മേഖലകളിലും അടിസ്ഥാന നിയമനിർദേശങ്ങൾ നൽകുന്ന ഇസ്ലാം വിശ്വാസികളുടെ വസ്ത്രധാരണത്തിലും കൃത്യമായ നിർദേശങ്ങൾ നൽകുന്നുണ്ട്.
ഹിജാബ് അതിന്റെ ഭാഗമാണ്. കോടതി അത് പരിഗണിക്കാതിരിക്കുകയും ഭരണകൂടത്തിന്റെ നിലപാടിനെ ശരിവെക്കുകയുമാണ് ചെയ്തത്. പൗരന്റെ അവസാനത്തെ അത്താണിയായ കോടതിയിൽനിന്ന് നീതി ലഭിക്കുന്നില്ലെന്ന തോന്നൽ ഉണ്ടാകുന്നത് സമൂഹത്തിൽ അരക്ഷിതാവസ്ഥ വളർത്തുകയാണ് ചെയ്യുക. സംഘ്പരിവാർ ശക്തികളുടെ വർഗീയ അജണ്ടക്ക് ശക്തിപകരുന്ന വിധിക്കെതിരെ പരമോന്നത നീതിപീഠത്തിൽനിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയോടെ ബന്ധപ്പെട്ട കക്ഷികൾ തുടരുന്ന നിയമനടപടികളെ പിന്തുണക്കുന്നതായും തനിമ സാംസ്കാരികവേദി കേന്ദ്ര സെക്രട്ടേറിയറ്റ് അറിയിച്ചു.
ജിദ്ദ: മുസ്ലിം സ്ത്രീക്ക് തല മറയ്ക്കൽ ഇസ്ലാമിൽ നിർബന്ധമുള്ള കാര്യമല്ലെന്ന കർണാടക ഹൈകോടതിയുടെ വിധി മൗലികാവകാശലംഘനവും ഭരണഘടനാവിരുദ്ധവുമാണെന്ന് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ. മുസ്ലിം സ്ത്രീയുടെ തലമറയ്ക്കാൻ വിശുദ്ധ ഖുർആനിലെ വചനങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പ്രവാചക കൽപനയുള്ളതിനാൽ അതനുവർത്തിക്കേണ്ടത് ഓരോ മുസ്ലിം സ്ത്രീയുടെയും ബാധ്യതയാണ്.
ഇതിന്റെ മതവിധി ചികയലല്ല കോടതിയുടെ ജോലി, മറിച്ച്, രാജ്യത്തിന്റെ ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെയും വിശ്വാസ സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങൾ നിലനിർത്താനുള്ള ഉറപ്പുനൽകുകയെന്നതാണ് പൗരന്റെ അവസാന ആശ്രയമായ നീതിപീഠം നിർവഹിക്കേണ്ടത്. എന്നാൽ, ഭരണകൂടവും നീതിന്യായവ്യവസ്ഥയും മതവെറിയുടെയും അപരവത്കരണത്തിന്റെയും വിഷവിത്ത് വിതക്കുന്നവർക്ക് അനുകൂലമായാൽ പരമോന്നത നീതിപീഠങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്താനേ ഇത്തരം വിധികൾ ഉപകരിക്കുകയുള്ളൂവെന്നും സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജിദ്ദ: ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതിയിൽ നിന്നുണ്ടായ വിധി രാജ്യത്ത് നിലലിൽക്കുന്ന മതേതര കാഴ്ചപ്പാടിനും അതിലുപരി ഭരണഘടന അനുവദിച്ച മതവിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണെന്ന് ഐ.എം.സി.സി സൗദി കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഇസ്ലാമിക വിശ്വാസപ്രകാരം നിർബന്ധമായും അനുഷ്ഠിക്കേണ്ട ആചാരങ്ങളെയും അനുഷ്ട്ടാനങ്ങളേയും ഇസ്ലാമിക പ്രമാണങ്ങളെ വികലമായി നിരീക്ഷണം നടത്തി ഹിജാബിനെതിരെ പുറപ്പെടുവിച്ച വിധി ഇന്ത്യൻ ഭരണഘടനാ നൽകുന്ന മതസ്വാതന്ത്ര്യത്തെ നിരാകരിക്കുകയാണ്.
ഹിജാബ് സംസ്കാരം ഇന്നേവരെ ഒരു കലാലയത്തിലും യാതൊരു വിധ തർക്കങ്ങൾക്കും വഴിവച്ചില്ലെന്നിരിക്കെ പെട്ടെന്നൊരു നിരോധനം കൊണ്ട് വന്നതിനു പിന്നിൽ സംഘ് പരിവാരങ്ങളുടെ രാജ്യത്തെ സമാധാനം തകർക്കുക എന്ന ലക്ഷ്യമാണ്. നീതി പ്രതീക്ഷിക്കുന്ന കോടതി മുറികളിലും സംഘ് പരിവാറിന്റെ സാന്നിധ്യം ഉറപ്പിക്കുന്നതാണ് ഇപ്പോൾ വന്നിട്ടുള്ള വിധിയും തൊട്ടു മുമ്പ് വന്ന 'കോടതി വിധി വരുന്നതു വരെ ഹിജാബിനുള്ള വിലക്ക് തുടരും' എന്ന വിചിത്രമായ വിധിയും. മതവിശ്വാസങ്ങൾക്കെതിരെയുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കോടതിയെ പ്രതീക്ഷയർപ്പിക്കുന്ന മതേതര സമൂഹത്തിനു വലിയ പ്രയാസമുണ്ടാക്കുന്നതാണ് ഹിജാബ് വിഷയത്തിലെ കർണാടക ഹൈക്കോടതി വിധിയെന്ന് സൗദി ഐ.എം.സി.സി അഭിപ്രായപ്പെട്ടു.
ദമ്മാം: ഇന്ത്യയിൽ ഓരോ പൗരനും അവരവരുടെ സംസ്കാരവും സ്വത്വവും സംരക്ഷിക്കാൻ ഭരണഘടന നൽകുന്ന അവകാശം പരിഗണിക്കാതെ വിധിപറയുന്നത് ഭരണഘടനാലംഘനമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റി.
കോടതികൾ വിധിപറയേണ്ടത് ഭരണഘടന അടിസ്ഥാനമാക്കിക്കൊണ്ടായിരിക്കണം. ഭരണഘടനയിലും നീതിനിര്‍വഹണ സംവിധാനങ്ങളിലും ജനങ്ങൾക്കുള്ള വിശ്വാസത്തെ തകര്‍ക്കാന്‍ വിധി കാരണമാവും. രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്കാണ് കൊണ്ടെത്തിക്കുക. നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത വീണ്ടെടുക്കാൻ സുപ്രീംകോടതി വിധി തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് സെക്രട്ടറി മൻസൂർ ആലംകോട് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.