ജയിൽ മോചനത്തിന് ജാമ്യം നിന്ന മലയാളി സാമൂഹിക പ്രവർത്തകനു യാത്രവിലക്ക്

റിയാദ്: മലയാളിയുടെ ജയിൽ മോചനത്തിനായി ജാമ്യം നിന്ന സാമൂഹിക പ്രവർത്തകന് യാത്രവിലക്ക്. ഏകമക‍​െൻറ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലെത്താൻ കഴിയാതെ മലപ്പുറം സ്വദേശി ഹുസൈൻ ദവാദ്മിയാണ് കുരുക്കിലായത്. രണ്ടു സൗദി പൗരന്മാരുടെ മരണത്തിനു ഇടയാക്കിയ വാഹനാപകടത്തിൽ ശിക്ഷിക്കപ്പെട്ട് മൂന്നു വർഷത്തോളം ജയിലിൽ കഴിയേണ്ടി വന്ന മലയാളിയുടെ ജയിൽ മോചനത്തിന് ജാമ്യം നിന്നതിനെ തുടർന്നാണ് ഹൂസൈന് യാത്രവിലക്ക് വന്നത്.

റിയാദിൽ നിന്ന് 300 കി.മീ. അകലെ ദവാദ്മിയിൽ വാഹനാപകടത്തിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ തിരുവനന്തപുരം പോത്തൻകോട് അരിയക്കോട് സ്വദേശി വിപിനെ (34) സഹായിക്കാൻ ആരുമില്ലെന്നറിഞ്ഞാണ് സാമൂഹിക പ്രവർത്തകനായ ഹുസൈൻ ദവാദ്മി വിഷയത്തിൽ ഇടപെടുന്നത്. അപകടത്തിൽ മരണപ്പെട്ട സ്വദേശികൾക്ക് നഷ്്ടപരിഹാരമായ ഏകദേശം 50 ലക്ഷം ഇന്ത്യൻ രൂപ നൽകാൻ കഴിയാതെ മൂന്നു വർഷമായി ജയിലിൽ കഴിയുകയായിരുന്നു വിപിൻ. നിസ്സഹായാവസ്ഥ മനസ്സിലാക്കിയ സാമൂഹിക പ്രവർത്തകനായ ഹുസൈൻ സ്വന്തം ആൾ ജാമ്യത്തിൽ വിപിനെ മോചിപ്പിക്കുകയായിരുന്നു.

ജാമ്യത്തിലിറങ്ങിയ വിപിൻ പെയിൻറിങ് പണിക്കും മറ്റു ചെറിയ ജോലികൾക്കും പോകുന്നു. കോടതി വിധിച്ച തുക നൽകാനോ രാജ്യം വിട്ടു പുറത്തു പോകാനോ കഴിയാത്ത അവസ്ഥയിലാണ്.

ഇതിനിടയിലാണ് ജാമ്യം നിന്ന ഹുസൈനും അവധിക്ക് നാട്ടിലേക്ക് പോകാൻ കഴിയാത്ത വിധം യാത്രവിലക്ക് നിലനിൽക്കുന്നത്. ഏകമക‍​െൻറ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതെ യാത്രവിലക്ക് കാരണം പ്രയാസപ്പെടുന്ന ഹുസൈൻ ഇന്ത്യൻ എംബസിയെ പല തവണ ഈ വിഷയം ബോധിപ്പിച്ചിരുന്നു.

എന്നാൽ അനുകൂലമായ നടപടികൾ ഉണ്ടായില്ല എന്നാണ്​ ഹുസൈൻ 'ഗൾഫ് മാധ്യമ'ത്തോടു പറയുന്നത്. ത‍​െൻറ യാത്രവിലക്ക് ഒഴിവായി കിട്ടാൻ ഇന്ത്യൻ എംബസിയും നോർക്കയും അടിയന്തരമായി ഇടപെടണമെന്നാണ് ഹുസൈൻ ആവശ്യപ്പെടുന്നത്.

ദവാദ്മിയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനാണ് ഹുസൈൻ. കോവിഡ് ബാധിച്ചു മരണപ്പെട്ട നിരവധി മലയാളികളുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനു വരെ മുന്നിട്ടു നിന്ന ഹുസൈൻ സർക്കാറിെൻറ ഭാഗത്തു നിന്ന് അനുകൂലമായ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

Tags:    
News Summary - Malayalee social activist released on bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.