ജുബൈൽ: ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിൽ മോചനം സാധ്യമാവാതെ തടവിൽ കഴിഞ്ഞിരുന്ന മലയാളി, സന്നദ്ധ പ്രവർത്തകൻെറ സഹായത്തിൽ നാടണഞ്ഞു. സാമ്പത്തിക പ്രയാസങ്ങളാൽ ഏഴു വർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന എറണാകുളം കോട്ടുമുഖം കീഴ്മേട് സ്വദേശി റഷീദ് ബീരാനാണ് (42) ഒന്നര വർഷത്തിനുശേഷം ജയിൽ മോചിതനായത്.
2014 ജുബൈലിൽ എത്തിയ റഷീദ് പലവിധ ജോലികൾ ചെയ്തു വരുന്നതിനിടെയാണ് കേസിൽ കുടുങ്ങുന്നത്. ആറു മാസത്തെ ജയിൽ ശിക്ഷയാണ് കോടതി വിധിച്ചത്. എന്നാൽ, 8000 റിയാൽ റഷീദ് നൽകാനുണ്ടെന്നു കാണിച്ച് സ്പോൺസർ മറ്റൊരു കേസ് ഫയൽ ചെയ്തതോടെ മോചനം അസാധ്യമായി. തടവിൽ തുടരുന്നതിനിടെയാണ് ജുബൈലിലെ സന്നദ്ധ പ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരി ജയിൽ സന്ദർശിക്കുന്നതും റഷീദിൻെറ പ്രശ്നത്തിൽ ഇടപെടുന്നതും. സൈഫുദ്ദീൻ സ്പോൺസറുമായി സംസാരിച്ചതിൻെറ അടിസ്ഥാനത്തിൽ 5000 റിയാൽ നൽകിയാൽ കേസ് പിൻവലിക്കാം എന്ന് ഉറപ്പുകൊടുത്തു.
സുഹൃത്തുക്കളും മറ്റും സഹായിച്ച് പണം അടച്ചിട്ടും സാങ്കേതിക തടസ്സങ്ങളാൽ പണം കെട്ടിവെച്ച വിവരം കോടതിയിൽ എത്താതിരുന്നതോടെ മോചനം നീണ്ടു.ഒടുവിൽ ഏറെ ബുദ്ധിമുട്ടി റഷീദിനെ മോചിപ്പിക്കാൻ ഉത്തരവിറങ്ങിയപ്പോഴേക്കും പാസ്പോർട്ട് കാലാവധി കഴിഞ്ഞിരുന്നു.
പിന്നീട് സൈഫുദ്ദീൻ തന്നെ രേഖകളുമായി ജയിലിൽ പോയി രേഖകളിൽ ഒപ്പിട്ടു വാങ്ങി റഷീദിൻെറ പാസ്പോർട്ടിന് അപേക്ഷ നൽകി. എംബസി വളരെ വേഗം പാസ്പോർട്ട് നൽകിയതിനെ തുടർന്ന് റഷീദ് നാട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.