റിയാദ്: അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം റിയാദിലെ മലയാളി സാമൂഹത്തിൽ പൊതുസാമൂഹിക സാംസ്കാരിക കൂട്ടായ്മയുടെ വസന്തം വീണ്ടുമെത്തുന്നു. നീണ്ട ഒന്നര പതിറ്റാണ്ട് രാഷ്ട്രീയ, പ്രാദേശിക, മത വ്യത്യാസങ്ങൾ മറന്ന് മുഴുവൻ സാമൂഹിക സാംസ്കാരിക സംഘടനകളെയും ഒരു കുടക്കീഴിൽ അണിനിരത്തി പ്രവാസികളുടെ പൊതുവിഷയങ്ങളിൽ സജീവ ഇടപെടലുകൾ നടത്തിയിരുന്ന എൻ.ആർ.കെ ഫെൽഫെയർ ഫോറം പുനഃസംഘടിപ്പിക്കുന്നു.
2018ൽ കേരളം പ്രളയദുരന്തത്തിന്റെ മുന്നിൽ പകച്ചുനിന്നപ്പോൾ കടലിനിക്കരെനിന്ന് ആദ്യം നീണ്ട ആശ്വസ കരങ്ങളിലൊന്നാണ് റിയാദിലെ എൻ.ആർ.കെ ഫോറത്തിന്റേത്. അതായിരുന്നു ഈ പൊതുകൂട്ടായ്മയുടെ അവസാനത്തെ വലിയ ഇടപെടലും. വസ്ത്രങ്ങളുൾപ്പടെയുള്ള ദുരിതാശ്വാസ സാധനങ്ങൾ എത്തിച്ചതിന് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വൻതുകയും സ്വരൂപിച്ച് നൽകാൻ ഈ പൊതുവേദിക്കായി. ശേഷം ക്രമേണ പ്രവർത്തനം മന്ദീഭവിക്കുകയായിരുന്നു. നേതൃനിരയിലുള്ള പലരും പ്രവാസം അവസാനിപ്പിച്ച് മടങ്ങിയതും കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതുമെല്ലാം ഇതിന് കാരണങ്ങളായി.
സഹായപ്രവർത്തനങ്ങൾ ഏകോപിക്കാൻ ഒരു പൊതുകൂട്ടായ്മ ഇല്ലാത്തതിന്റെ പോരായ്മകൾ കോവിഡ് കാലത്തും ശേഷവും റിയാദിലെ മലയാളി സമൂഹം അനുഭവിച്ചു. ഒരു കുടക്കീഴിൽ പരസ്പരം കൈകോർത്ത് നിന്ന വിവിധ സംഘടനകൾ പിന്നീട് ഇത്തരം പൊതുപ്രശ്നങ്ങളിൽ ഒറ്റക്കും തെറ്റക്കുമുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. റിയാദിലെ ജയിലിലുള്ള കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനവിഷയത്തിലും വയനാട് ദുരന്തത്തിലും സഹായങ്ങൾ സ്വരൂപിക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും എൻ.ആർ.കെ ഫോറം പോലൊരു പൊതുവേദിയില്ലാത്തതിന്റെ കുറവ് നന്നായി അനുഭവപ്പെട്ടു. ഈ സാഹചര്യത്തിലാണ് സാമൂഹികനന്മക്ക് വേണ്ടിയുള്ള ഒരുമിച്ചുചേരലിന്റെ വസന്തം തിരികെ കൊണ്ടുവരാൻ മുഖ്യധാര സംഘടനകൾ മുൻകൈയെടുത്ത് എൻ.ആർ.കെ ഫോറം പുനഃസംഘടിപ്പിക്കാൻ ഒരുങ്ങുന്നത്.
ഇത് സംബന്ധിച്ച പ്രാഥമികയോഗം നടന്നുകഴിഞ്ഞു. മുഖ്യധാരയിലെ വലിയ സംഘടനകളായ കെ.എം.സി.സി, ഒ.ഐ.സി.സി, കേളി എന്നിവയുടെ മുൻകൈയ്യിലാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രഥമയോഗം ചേർന്നത്. നേരത്തെ അംഗത്വമുള്ളതും പുതുതായി രൂപവത്കരിച്ചിട്ടുള്ളതുമായ മുഴുവൻ മലയാളി കൂട്ടായ്മകളുമായി ബന്ധപ്പെടാനും എൻ.ആർ.കെ ഫോറത്തിന്റെ കുടക്കീഴിലേക്ക് കൊണ്ടുവരാനും യോഗം തീരുമാനമെടുത്തു.
സെപ്റ്റംബർ ഏഴിന് മുഴുവൻ സംഘടനകളിൽനിന്നുമുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി റിയാദിൽ യോഗം ചേർന്ന് ഭാരവാഹികളെയും ഭാവി പരിപാടികളും തീരുമാനിക്കും. അതിനായി വിവിധ സംഘടനകളെ ബന്ധപ്പെടാനും സൗകര്യങ്ങൾ ഒരുക്കാനും ജലീൽ തിരൂർ (കെ.എം.സി.സി, 0509099849), നവാസ് വെള്ളിമാട്കുന്ന് (ഒ.ഐ.സി.സി, 0506620456), സുരേന്ദ്രൻ കൂട്ടായി (കേളി, 0558020162) എന്നിവരെ യോഗം ചുമതലപ്പെടുത്തി. ഫോറത്തിൽ ചേരാൻ താൽപര്യമുള്ള സംഘടനകളുടെ ഭാരവാഹികൾക്ക് കൂടുതൽ കാര്യങ്ങൾ അറിയാൻ ഇവരെ ബന്ധപ്പെടാവുന്നതാണ്.
2004-ലാണ് എൻ.ആർ.കെ ഫെൽഫെയർ ഫോറം രൂപവത്കരിച്ചത്. 75 ലേറെ സംഘടനകൾ ആ കുടക്കീഴിൽ അണിനിരക്കുകയും ചെയ്തു. നാട്ടിലെ വിവിധ സ്ഥലങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചെറിയ പ്രാദേശിക കൂട്ടായ്മകളെക്കൂടി ‘ഫോർക’എന്ന പൊതുബാനറിൽ എൻ.ആർ.കെ ഫോറത്തിന്റെ കീഴിലെത്തിച്ചതോടെ അംഗസംഖ്യ 100 കടന്നു. 2004ൽ പ്രവാസികളുടെ വിമാനയാത്ര പ്രശ്നങ്ങളുയർത്തിയാണ് എൻ.ആർ.കെ ഫോറം പിറവിയെടുക്കുന്നത്. പിന്നീടുണ്ടായ ഏതാണ്ട് എല്ലാ പ്രവാസി പൊതുവിഷയങ്ങളിലും ഇടപെടാനും പ്രശ്നപരിഹാരം തേടാനും ഫോറം മുന്നിൽനിന്നു. ബത്ഹ കമേഴ്സ്യൽ സെന്റർ തീപിടിത്തം ഉൾപ്പടെയുള്ള ദുരന്തസമയങ്ങളിൽ ദുരന്തരബാധിതർക്ക് സാമ്പത്തിക സഹായമുൾപ്പടെ സ്വരൂപിക്കാൻ ഫോറം മുൻകൈയ്യെടുത്തു.
റിയാദിലെ ഇന്ത്യൻ എംബസിയിലേക്ക് അംബാസഡർമാർ മാറിവരുമ്പോൾ സ്വീകരണമൊരുക്കാനും പ്രവാസി വിഷയങ്ങൾ അവരുടെ ശ്രദ്ധയിൽ എത്തിക്കാനുമെല്ലാം നിരന്തര പ്രവർത്തനങ്ങളാണ് ഫോറം നടത്തിയിരുന്നത്. അതുപോലൊരു വസന്തകാലം മടങ്ങിവരും എന്ന പ്രതീക്ഷയിലാണ് എല്ലാവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.