സ്വീഡനിൽ ഖുർആൻ കത്തിച്ച സംഭവം; സൗദി മുൻകൈയെടുത്ത് ഒ.ഐ.സി അടിയന്തര യോഗം ചേരുന്നു

റിയാദ്: സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ ഖുർആൻ കോപ്പി കത്തിച്ച സംഭവത്തി​െൻറ അനന്തരഫലങ്ങൾ ചർച്ച ചെയ്യാൻ സൗദി അറേബ്യ മുൻകൈയെടുത്ത് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷൻ (ഒ.ഐ.സി) എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ചു ചേർക്കുന്നു. ഹജ്ജ് മാസത്തിൽ ഈദ് ആഘോഷ സമയത്ത് നടന്ന ഹീനമായ ചെയ്‌തിക്കെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും അനന്തര നടപടികളിൽ കൂട്ടായ നിലപാട് സ്വീകരിക്കുന്നതിനുമാണ് ജിദ്ദയിലെ ഒ.ഐ.സി ആസ്ഥാനത്ത് വരുന്ന ആഴ്‌ച യോഗം ചേരുന്നത്.

ബുധനാഴ്ച പെരുന്നാൾ നമസ്‌കാരത്തിന് ശേഷം സ്വീഡനിലെ സ്​റ്റോക്ക്‌ഹോം സെൻട്രൽ മസ്ജിദിന് സമീപം തീവ്രവാദിയായ വ്യക്തി ഖുർആനിന്റെ പകർപ്പ് കത്തിച്ചതിൽ പരക്കെ പ്രതിഷേധം ഉയർന്നിരുന്നു. ഖുർആന്റെയും മറ്റ് ഇസ്‌ലാമിക മൂല്യങ്ങളുടെയും ചിഹ്നങ്ങളുടെയും പവിത്രത ലംഘിക്കാനുള്ള ശ്രമങ്ങൾ ആവർത്തിക്കുന്നതിനെ വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഒ.ഐ.സി ജനറൽ സെക്രട്ടേറിയറ്റ് ശക്തിയായി അപലപിച്ചു.

ലോകത്തെ എല്ലാ ജനതകൾക്കുമുള്ള വിശ്വാസത്തെയും മൗലികാവകാശങ്ങളേയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കാനുള്ള ഐക്യരാഷ്​ട്രസഭ ചാർട്ടറിനോടുള്ള പ്രതിബദ്ധത എല്ലാ രാജ്യങ്ങളും നിലനിർത്തേണ്ടതുണ്ടെന്ന് ഒ.ഐ.സി ഓർമിപ്പിച്ചു. നിറം, ലിംഗം, ഭാഷ, മതം, രാഷ്​ട്രീയ അഭിപ്രായങ്ങൾ, ദേശീയത സാമൂഹിക സ്വത്വം, സ്വത്ത്, ജനനം പദവികൾ എന്നിവയെ എല്ലാവരും മാനിക്കണം.

അതേസമയം ഹീനമായ ഈ പ്രവൃത്തിയും അതിന്റെ ദൃശ്യപ്രചാരണവും ലോക മുസ്‌ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്താനും പ്രകോപിപ്പിക്കാനുമാണെന്ന് മുസ്​ലിം വേൾഡ് ലീഗ് (എം.ഡബ്ല്യു.എൽ) ആരോപിച്ചു. ഡബ്ല്യു.എം.എൽ സെക്രട്ടറി ജനറലും ഓർഗനൈസേഷൻ ഓഫ് മുസ്‌ലിം സ്കോളേഴ്‌സ് ചെയർമാനുമായ ശൈഖ് ഡോ. മുഹമ്മദ് ബിൻ അബ്​ദുൽകരീം അൽ-ഇസ്സ ഖുർആൻ കത്തിച്ച ഹീനകൃത്യത്തെ അപലപിച്ചു. മറ്റുള്ളവരുടെ അവകാശങ്ങളേയും വിശ്വാസത്തെയും മാനിക്കാത്ത ദുഷ്‌കൃത്യം സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം ചെയ്യലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വിദ്വേഷം വളർത്തുകയും മതവികാരം വ്രണപ്പെടുത്തുകയും തീവ്രവാദത്തിന്റെ അജണ്ടകളെ മാത്രം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇത്തരം ചെയ്തികൾ വരുത്തി വെക്കുന്ന അപകടങ്ങൾക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി.

സ്​റ്റോക്ക്ഹോമിൽ ഖുർആന്റെ കോപ്പി കത്തിച്ചതിനെ റിയാദ് കിങ് അബ്​ദുല്ല ഇൻറർനാഷനൽ സെൻറർ ഫോർ ഇൻറർ റിലിജിയസ് ആൻഡ്​ ഇൻറർ കൾച്ചറൽ ഡയലോഗ് സെൻറർ അതിയായ ഉത്കണ്ഠ രേഖപ്പെടുത്തി. 

അഭിപ്രായത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പേരിൽ ഈ ഹീനകൃത്യത്തെ പിന്തുണക്കുന്നവരുടെ കാര്യത്തിൽ സെൻറർ അഗാധമായ ഖേദം പ്രകടിപ്പിച്ചു. മറ്റുള്ളവരുടെ വിശ്വാസങ്ങളോടും വിശുദ്ധ ചിഹ്നങ്ങളോടുമുള്ള ബഹുമാനം ഐക്യരാഷ്​ട്ര സഭ കൺവെൻഷനുകൾ അംഗീകരിച്ച പൊതു തത്വമാണെന്ന് സെൻറർ ഓർമിപ്പിച്ചു.

Tags:    
News Summary - Man burns Quran outside mosque in Sweden; OIC Holds an Emergency Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.