റിയാദ്​ തർഹീലിൽ നിന്നുള്ള കാഴ്​ച (ഫയൽ ചിത്രം)

നിയമലംഘനത്തിന്​ സൗദിയിൽ നിരവധി ഇന്ത്യാക്കാരും പിടിയിലാവുന്നു; 382 പേരെ കൂടി നാടുകടത്തി

റിയാദ്​: തൊഴിൽ, വിസാ നിയമങ്ങൾ ലംഘനത്തിന്​ ഇന്ത്യാക്കാരടക്കം നിരവധി വിദേശികൾ സൗദിയിൽ ദിനംപ്രതി പിടിയിലാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യ വ്യാപകമായി ആഭ്യന്തര, തൊഴിൽ മന്ത്രാലയങ്ങൾ ശക്തമാക്കിയ റെയ്​ഡിൽ കുടുങ്ങുന്നവരിൽ മലയാളികളടക്കം മിക്ക ഇന്ത്യൻ സംസ്​ഥാനക്കാരുമുണ്ട്​. കോവിഡ്​ പ്രതിസന്ധിയുണ്ടായ ശേഷം നാടുകടത്തൽ (തർഹീൽ) കേന്ദ്രങ്ങൾ ദിനംപ്രതി പിടിയിലാകുന്നവരെ കൊണ്ട്​​ നിറയുകയാണ്​.

നവംബർ തുടക്കം മുതലാണ്​ റെയ്​ഡ്​ ശക്തമായത്​. കോവിഡ്​ പശ്ചാതലത്തിൽ അന്താരാഷ്​ട്ര വിമാന സർവിസ്​ നിർത്തിയതിനെ തുടർന്ന്​ പിടിയിലാകുന്നവരുടെ നാടുകടത്തൽ തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞ നാലുമാസത്തിനിടെ ഇത്​ പുനരാരംഭിച്ചതിനാൽ തർഹീലുകൾ ഒഴിഞ്ഞുതുടങ്ങിയിരുന്നു. എന്നാൽ റെയ്​ഡ്​ വീണ്ടും ശക്തമാക്കിയതോടെ സ്ഥിതിമാറി​. സെല്ലുകൾ വീണ്ടും നിറയുകയാണ്​. ​ഇവരിൽ ഇന്ത്യാക്കാരുടെ എണ്ണവും വളരെ കൂടുതലാണ്​. ഇതിൽ 382 പേർ കൂടി വെള്ളിയാഴ്​ച ഇന്ത്യയിലേക്ക്​ മടങ്ങി. എന്നിട്ടും റിയാദിലെ തർഹീലിൽ മാത്രം ഇനിയും മുന്നൂറിലേറെ പേരുണ്ടെന്ന്​ ഇന്ത്യൻ എംബസി വൃത്തങ്ങൾ പറയുന്നു. എല്ലാവരും അടുത്ത ദിവസങ്ങളിൽ പിടിയിലായതാണ്​.

വെള്ളിയാഴ്​ച രാവിലെ 10ന്​ റിയാദിൽ നിന്ന്​ പുറപ്പെട്ട സൗദി എയർലൈൻസ്​ വിമാനത്തിൽ ഡൽഹിയിലെത്തിയവരിൽ ഏതാനും മലയാളികളുമുണ്ട്​​. ഡൽഹി, ഉത്തർപ്രദേശ്​, തമിഴ്​നാട്​, തെലങ്കാന സംസ്​ഥാനങ്ങളുടെ സഹകരണത്തോടെ കോവിഡ്​ മാനദണ്ഡപ്രകാരം യാത്രാസൗകര്യമൊരുക്കി സ്വദേശങ്ങളിലേക്ക്​ അയച്ചു. റിയാദിൽ നിന്ന്​ ഇവരെ കയറ്റിയയക്കാൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ രാജേഷ്​കുമാർ, യൂസഫ്​ കാക്കഞ്ചേരി, തുഷാർ, അബ്​ദുസമദ് എന്നിവരാണ്​ റിയാദ്​ അൽഖർജ്​ റോഡിൽ ഇസ്​കാനിലുള്ള തർഹീലിലെത്തി ആവശ്യമായ യാത്രാരേഖകൾ ശരിയാക്കിയത്​.

കഴിഞ്ഞതവണ ഇൗ ഉദ്യോഗസ്​ഥർ എയർപ്പോർട്ടിലെത്തി എംബസിയുടെ ടീഷർട്ടടക്കമുള്ളത്​ നൽകിയിരുന്നെങ്കിലും ഇത്തവണ അതുണ്ടായില്ല. ദിനേനെ ആളുകൾ കൂടിവരുന്നതിനാൽ അത്​ പ്രായോഗികമല്ലെന്ന്​ തിരിച്ചറിവിലാണ്​ വേണ്ടെന്ന്​ വെച്ചത്​. റിയാദിലെ തർഹീലിൽ ബാക്കിയുള്ളവരെ അടുത്തയാഴ്​ച നാട്ടിലേക്ക്​ അയക്കും. ഏറ്റവും ഒടുവിൽ പോയവരടക്കം ആറുമാസത്തിനിടെ റിയാദ്​, ജിദ്ദ തർഹീലുകളിൽ നിന്ന്​ നാട്ടിലെത്തിയ ഇന്ത്യാക്കാരുടെ ആകെ എണ്ണം 2,681 ആയി. ഇതുവരെ ഒമ്പത്​ സൗദി എയർലൈൻസ്​ വിമാനങ്ങളിലായാണ്​ ഇത്രയും പേർ നാടണഞ്ഞത്​.

തർഹീലിൽ കഴിയുന്നവരെ കുറിച്ചും അവരുടെ യാത്രയെ കുറിച്ചും അറിയാൻ cw.riyadh@mea.gov.in എന്ന ഇമെയിലിൽ ​ബന്ധപ്പെടാമെന്ന്​ എംബസി അധികൃതർ അറിയിച്ചു. റെയ്​ഡ്​ ശക്തിപ്പെട്ടതോടെ ബത്​ഹ അടക്കമുള്ള പ്രധാന വാണിജ്യകേന്ദ്രങ്ങളിലേക്ക്​ വാരാന്ത്യ അവധിദിവസങ്ങളിലെ വിദേശ തൊഴിലാളികളുടെ ഒഴുക്കിന്​ കുറവ്​ വന്നിട്ടുണ്ട്​. വാഹനയാത്രികരെയും കാൽനടക്കാരെയും തടഞ്ഞുനിർത്തി ഇഖാമയുടെ സാധുതാപരിശോധനയാണ്​ ഇപ്പോൾ പ്രധാനമായും നടക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.