റിയാദ്: യമൻ ജനതയെ സഹായിക്കുന്നതിനായി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശപ്രകാരം നടപ്പാക്കിയ ‘മസാം’ പദ്ധതിപ്രകാരം 11 പ്രദേശങ്ങളിലെ കുഴിബോംബുകൾ നീക്കംചെയ്ത് സൗദി അറേബ്യ. ‘ബോംബുകളില്ലാത്ത ജീവിതം’ എന്ന മുദ്രാവാക്യവുമായി ബ്രിട്ടൻ ആസ്ഥാനമായ ‘ഡെനാസേഫ് ഏരിയ ക്ലിയറൻസ് ഗ്രൂപ്പി’ന്റെ പങ്കാളിത്തത്തോടെ ആരംഭിച്ച പദ്ധതിയാണ് മസാം.
മഅരിബ്, ഏദൻ, ജൗഫ്, ശബ്വ, സൻഅ, അൽ ബൈദ, ലാഹിജ് അടക്കം 11 ജനവാസകേന്ദ്രങ്ങളിൽ ഹൂതി വിമതർ മണ്ണിനടിയിൽ കുഴിച്ചിട്ട ബോംബുകളാണ് ഇതുവരെ നീക്കം ചെയ്തത്. കഴിഞ്ഞ മാസം അവസാനത്തെ ആഴ്ചയിൽ മാത്രം 125 ടാങ്ക് വിരുദ്ധ മൈനുകളും 480 മൈൻ ഖനികളും പൊളിച്ചുനീക്കി. 2018ൽ പദ്ധതി ആരംഭിച്ചതു മുതൽ നാലു ലക്ഷത്തിൽപരം കുഴിബോംബുകൾ നിർവീര്യമാക്കുകയും 4899 ഖനികൾ പൊളിച്ചുനീക്കുകയും ചെയ്തതായി മസാം പ്രോജക്ട് ഡയറക്ടർ ഉസാമ അൽ ഗുസൈബി പറഞ്ഞു.
നിരായുധീകരണം വെല്ലുവിളിയായതും അപരിചിതത്വം നിറഞ്ഞതുമായ ഒരു രാജ്യത്ത് ഇത് ശ്രദ്ധേയമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യജീവനും ജീവസന്ധാരണത്തിനും ഭീഷണിയായ കുഴിബോംബുകൾ നീക്കംചെയ്യാനുള്ള പദ്ധതി സൗദി അറേബ്യയുടെ മാനുഷിക ശ്രമങ്ങളുടെ ഉജ്ജ്വല ഉദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നൂറുകണക്കിന് സാധാരണ മനുഷ്യരുടെ ജീവൻ അപഹരിക്കാൻ ഇതിനകം ഇടയാക്കിയ 12 ലക്ഷത്തിൽപരം കുഴിബോംബുകളാണ് ഹൂതി വിമതർ യമനിലാകമാനം കുഴിച്ചിട്ടിരുന്നത്. 3.3 കോടിയിലധികം ഡോളർ അധികമായി ചെലവിട്ടാണ് കഴിഞ്ഞ വർഷം മസാം പദ്ധതിയുടെ കരാർ സൗദി അറേബ്യ ഒരു വർഷത്തേക്കുകൂടി നീട്ടിയത്.
യമൻ ജനതയുടെ ജീവനും സുരക്ഷക്കും പ്രാധാന്യം നൽകുന്ന ഈ നടപടി യു.എൻ മാനുഷിക ഓഫിസിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ആഭ്യന്തരയുദ്ധത്തിൽ തകർന്നടിഞ്ഞ യമനിൽ 420 കോടി ഡോളറിന്റെ സഹായപദ്ധതികളാണ് കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ് റിലീഫ്) ഇതിനകം നടപ്പാക്കിയത്.
ഭക്ഷ്യസുരക്ഷ, ആരോഗ്യം, അടിയന്തര വൈദ്യസഹായം, ശുചിത്വം, പാർപ്പിടം, പോഷകാഹാരം, പരിക്കേറ്റവരുടെ അതിജീവനം, വിദ്യാഭ്യാസം, ഗതാഗതം, ചരക്കുനീക്കം തുടങ്ങിയ മേഖലകളിലാണ് കെ.എസ് റിലീഫിന്റെ സേവനപദ്ധതികൾ മുന്നേറുന്നത്. ഇറാനുമായി സൗദി നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത് യമനിലെ മാനുഷിക പ്രവർത്തനങ്ങൾ സുഗമമാക്കിയിട്ടുണ്ട്. ഇറാന്റെ പിന്തുണയുള്ള ഹൂതി മിലീഷ്യയായിരുന്നു ബോംബ് കുഴിച്ചിടൽ അടക്കമുള്ള പ്രവർത്തനങ്ങൾക്കു പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.